national news
കോഴിയിറച്ചിക്കും ആട്ടിറച്ചിക്കും പകരം ഡ്രൈ ഫ്രൂട്ട് നല്‍കുമോ; ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ വിമര്‍ശനവുയി സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 11, 02:48 am
Thursday, 11th May 2023, 8:18 am

ന്യൂദല്‍ഹി: സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്നും മാംസങ്ങള്‍ ഒഴിവാക്കുന്നത് എന്തിനാണെന്ന് ചോദിച്ച് സുപ്രീംകോടതി. മാംസാഹാരത്തേക്കാള്‍ മികച്ച ഭക്ഷണം കുട്ടികള്‍ക്ക് നല്‍കിയെന്ന മറുപടിക്ക് കോഴിയിറച്ചിക്കും ആട്ടിറച്ചിക്കും പകരം ഡ്രൈ ഫ്രൂട്ട് നല്‍കുമോയെന്നും കോടതി ചോദിച്ചു.

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്നും ചിക്കനും ബീഫും ഒഴിവാക്കിയ നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഉച്ച ഭക്ഷണത്തില്‍ നിന്നും മാംസം ഒഴിവാക്കിയ നടപടി കേരള കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു.

ഇത് ഭക്ഷണ സാംസ്‌കാരിക രീതിയാണെങ്കില്‍, നടപടി എങ്ങനെ ശരിയാകുമെന്നും കോടതി ചോദിച്ചു. മാംസാഹാരങ്ങള്‍ ഇപ്പോള്‍ നല്‍കുന്നുണ്ടെന്ന് അറിയിച്ച സോളിസിറ്റര്‍ ജനറലിനോട് എന്നാലത് തുടരുകയെന്നായിരുന്നു കോടതിയുടെ മറുപടി.

കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള സാധനങ്ങളുടെ ലഭ്യത, സാമ്പത്തിക ഘടകങ്ങള്‍ എന്നിവ പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് ലക്ഷദ്വീപ് ഭരണകൂടം വാദിച്ചു. എന്നാല്‍ കുട്ടികള്‍ ഉച്ച ഭക്ഷണം കൂടി കണക്കിലെടുത്താണ് സ്‌കൂളുകളില്‍ വരുന്നതെന്ന് കോടതി വ്യക്തമാക്കി. ഉച്ചഭക്ഷത്തില്‍ ചിക്കനും മറ്റു മാംസ ഭക്ഷണങ്ങളും ഉള്‍പ്പെടുത്താന്‍ 2022 മെയില്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.

ലാഭകരമല്ലെന്ന് കാട്ടി ഡയറി ഫാമുകള്‍ അടച്ച് പൂട്ടിയെന്നും പശുക്കളെ ലേലം ചെയ്‌തെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ അത് ഭരണകൂടത്തിന്റെ നയപരമായ കാര്യമാണെന്നായിരുന്നു കോടതി പറഞ്ഞത്. ഹരജിയില്‍ തുടര്‍വാദം ജൂലായ് 11 ന് തുടരും.

Contenthighlight: Suprem court against lakshadweep government