ന്യൂദല്‍ഹി: 1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ അഞ്ച് വര്‍ഷത്തെ കഠിന തടവിന് വിധിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിന്റ പുന:പരിശോധനാ ഹരജി സുപ്രീംകോടതി തള്ളി.[]
ജഡ്ജിമാരായ പി. സദാശിവം, ബി.എസ് ചൗഹാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സഞ്ജയ് ദത്തിന്റെ ഹരജി പരിഗണിച്ചത്.
കീഴടങ്ങുന്നതിന് സമയം ആവശ്യപ്പെട്ട് സഞ്ജയ് ദത്ത് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച് അനുവദിച്ച സമയം കഴിയുന്നതിന് മുമ്പ് സഞ്ജയ് ദത്തിന് കീഴങ്ങുന്നതിന് നാലാഴ്ച കൂടി സമയം നീട്ടി നല്‍കിയിരുന്നു.
ഇതേ കേസിലെ പ്രതികളായ മറ്റ് ആറു പേരുടെ ഹര്‍ജിയും കോടതി തള്ളി. എന്നാല്‍ കേസിലെ മറ്റു പ്രതികളായ യൂസഫ് മുഹ്‌സിന്‍ നല്‍വാലാ, ഖാലില്‍ അഹമ്മദ് സയ്യിദ് അലി നാസിര്‍, മുഹമ്മദ് ദാവൂദ് യൂസഫ് ഖാന്‍, ഷെയിഖ് ആസിഫ് യൂസഫ്, മുസമ്മില്‍ ഉമര്‍ ഖാദിരി, മുഹമ്മദ് അഹമ്മദ് ഷെയ്ഖ് എന്നിവരുടെ ഹരജി കോടതി പരിഗണിച്ചു.
1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ സഞ്ജയ് ദത്തിനും കൂട്ടാളി സൈബുന്നിസ ഖാസിക്കുമെതിരെ ആയുധ നിയമപ്രകാരം അഞ്ച് വര്‍ഷം തടവാണ് സുപ്രീം കോടതി ശിക്ഷ വിധിച്ചത്. നാലാഴ്ച്ചക്കകം കീഴടങ്ങാനായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്.
മുംബൈ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതിയായ യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചിരുന്നു. 1993 മാര്‍ച്ച് 12ന് 12 സ്‌ഫോടന പരമ്പരകളിലായി ഏകദേശം 250 ഓളം പേര്‍ കൊല്ലപ്പെട്ടതായും 713 പേര്‍ക്ക് പരുക്കേല്‍ക്കുകയും 27 കോടി രൂപയുടെ നാശനഷ്ടം ഉണ്ടാവുകയും ചെയ്‌തെന്നാണ് ഔദ്യോഗിക കണക്കുകള്‍.