സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ശക്തമായ സമൂഹം സൃഷ്ടിക്കും: ജസ്റ്റിസ് നഗരത്ന
NATIONALNEWS
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ശക്തമായ സമൂഹം സൃഷ്ടിക്കും: ജസ്റ്റിസ് നഗരത്ന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th July 2024, 10:35 am

ന്യൂദൽഹി: സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ശക്തമായ സമൂഹം സൃഷ്ടിക്കുമെന്ന് സുപ്രീം കോടതി ജസ്റ്റിസ് ബി.വി. നാഗരത്ന. വിവാഹ മോചിതരായ മുസ്‌ലിം സ്ത്രീകൾക്ക് മതേതര നിയമപ്രകാരം ജീവനാംശം തേടാമെന്ന് വിധി പറഞ്ഞതിന് ശേഷമാണ് കോടതിയുടെ ഈ പരാമർശം.

‘സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ശക്തമായ സമൂഹത്തിലേക്കുള്ള വഴി തുറക്കുകയാണ് ചെയ്യുന്നത്,’ ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

സ്ത്രീകളുടെ സാമ്പത്തിക സ്ഥിരതയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും ആവശ്യകതെയെക്കുറിച്ച് സുപ്രീം കോടതി പറഞ്ഞു.
കുടുംബത്തിന്റെ സാമ്പത്തിക ക്ഷേമത്തിനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്കും വേണ്ടിയുള്ള വീട്ടമ്മമാരുടെ ത്യാഗങ്ങൾ അംഗീകരിക്കപ്പെടണമെന്നും അതിനായി സമൂഹത്തിൽ മാറ്റം വരണമെന്നും ജസ്റ്റിസ് നഗരത്ന പറഞ്ഞു.

സ്വന്തമായി വരുമാന സ്രോതസ്സുകളില്ലാത്ത സ്ത്രീകളുടെ ദുരവസ്ഥയെക്കുറിച്ചും കോടതി സംസാരിച്ചു. ഇന്ത്യയിലെ വിവാഹിതരായ പുരുഷന്മാർ സ്വന്തമായി വരുമാനമില്ലാത്ത തങ്ങളുടെ ഭാര്യമാരെ പരിപാലിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

‘വിവാഹിതനായ ഒരു ഇന്ത്യൻ പുരുഷന് സ്വന്തമായി വരുമാന സ്രോതസ്സില്ലാത്ത തന്റെ ഭാര്യയെ സാമ്പത്തികമായി ശാക്തീകരിക്കാനുള്ള കടമയുണ്ട്. അവളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായുള്ള സാമ്പത്തിക സഹായം അവൻ നൽകണം,’ ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

അതോടൊപ്പം ഇന്ത്യയിലെ മിക്ക വിവാഹിതരായ പുരുഷൻമാരും തങ്ങളുടെ ഭാര്യമാരുടെ ദുരവസ്ഥ മനസ്സിലാക്കുന്നില്ല എന്നും കോടതി പറഞ്ഞു.

 

‘ഇന്ത്യയിലെ മിക്ക വിവാഹിതരായ പുരുഷൻമാരും തങ്ങളുടെ ‘ ഭാര്യമാരുടെ ദുരവസ്ഥ മനസ്സിലാക്കുന്നില്ല, അവരുടെ ചെലവുകൾക്കുള്ള അഭ്യർത്ഥന പലപ്പോഴായി നിരസിക്കപ്പെടുന്നു. സ്വതന്ത്രമായ സാമ്പത്തിക സ്രോതസ്സുകളില്ലാത്ത ഭാര്യ വൈകാരികമായി മാത്രമല്ല സാമ്പത്തികമായും തങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്ന വസ്തുത ചില ഭർത്താക്കന്മാർക്ക് ബോധവാന്മാരല്ല.

മറുവശത്ത്, ഒരു ഭാര്യ, ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും ബഹുമാനവും, സ്നേഹവും വാത്സല്യവും അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാതെ കുടുംബത്തിൻ്റെ ക്ഷേമത്തിനായി ദിവസം മുഴുവൻ പ്രവർത്തിക്കുന്നു. അവളുടെ വൈകാരിക സുരക്ഷിതത്വം പ്രധാനമാണ്. ചില വീടുകളിലും ഇത് കുറവായിരിക്കാം,” ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.

 

ശക്തമായ കുടുംബവും സമൂഹവും മാത്രമേ ശക്തമായ ഒരു രാഷ്ട്രം സൃഷ്ടിക്കുകയുള്ളു എന്ന് സുപ്രീം കോടതി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ക്രിമിനൽ നടപടിച്ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം ഭർത്താവിനെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഹരജി ഫയൽ ചെയ്യാൻ മുസ്‌ലിം സ്ത്രീക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി ജസ്റ്റിസ് നാഗരത്ന അടങ്ങുന്ന ബെഞ്ച് വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജസ്റ്റിസിന്റെ പരാമർശം.

1986 ലെ മുസ്‌ലിം സ്ത്രീ (വിവാഹമോചനത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ) നിയമം മതേതരത്വത്തിന് മേലെ നിലനിൽക്കുന്നതല്ലെന്നും കോടതി പറഞ്ഞു.

സെക്ഷൻ 125 സി.ആർ.പി.സി പ്രകാരം വിവാഹമോചിതയായ ഭാര്യക്ക് ഇടക്കാല ജീവനാംശം നൽകാനുള്ള നിർദേശത്തിനെതിരെ മുസ്‌ലിം യുവാവ് അബ്ദുൽ സമദ് നൽകിയ ഹരജി തള്ളികൊണ്ടായിരുന്നു കോടതിയുടെ വിധി. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരുടെ ബെഞ്ചാണ് അബ്ദുൽ സമദ് നൽകിയ ഹരജി തള്ളിയത്.

Content Highlight: supreem court judge nagarathra says men should share funds to empower their hiomemaker wives