മുല്ലപ്പെരിയാറില്‍ അറ്റകുറ്റപ്പണി നടത്താന്‍ സുപ്രീംകോടതി അനുമതി
Kerala
മുല്ലപ്പെരിയാറില്‍ അറ്റകുറ്റപ്പണി നടത്താന്‍ സുപ്രീംകോടതി അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd July 2012, 11:25 am

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി സുപ്രീംകോടതി അനുമതി നല്‍കി. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹരജിയിലാണ് അനുമതി നല്‍കിയത്. അറ്റകുറ്റപ്പണിയുടെ മേല്‍നോട്ടത്തിന് ഉന്നതതലസമിതി രൂപീകരിക്കാനും സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. []

കേന്ദ്ര ജലകമ്മിഷന്‍ ചെയര്‍മാന്‍ നിര്‍ദേശിക്കുന്ന പ്രതിനിധിയും ഇരുസംസ്ഥാനങ്ങളുടെയും ഓരോ പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് സമിതി.

നേരത്തെ മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ച വിദഗ്ധ സമിതി ബേബി ഡാമിന്റെ അറ്റകുറ്റപ്പണി നടത്താത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കേരളം അനുവദിക്കാത്തതിനാലാണ് അറ്റകുറ്റപ്പണി നടത്താനാവാത്തത് എന്നാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സമിതിയോട് പറഞത്.

മുല്ലപ്പെരിയാറില്‍ തല്‍സ്ഥിതി തുടരണമെന്ന കേരളത്തിന്റെ നിലപാടിന്  തിരിച്ചടിയണ് ഈ ഉത്തരവ്. ഡാമിന്റെ സുരക്ഷയ്ക്ക് അറ്റകുറ്റപ്പണി അനിവാര്യമാണെന്ന ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ് ഭരണഘടന ബെഞ്ച് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

ഉന്നതാധികാരസമിതിയിലെ സാങ്കേതികവിദഗ്ധര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്തേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയതായി തമിഴ്‌നാട് വാദിച്ചു. അണക്കെട്ടിന്റെ കാര്യത്തില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് 2009ല്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കേരളം അറ്റകുറ്റപ്പണി തടയുന്നതെന്നും എന്നാല്‍, അറ്റകുറ്റപ്പണി തുടരരുതെന്ന് സുപ്രീംകോടതിയുടെ വിധിയിലില്ലെന്നും തമിഴ്‌നാട് വാദിച്ചിരുന്നു.