[]ന്യൂദല്‍ഹി: ##സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണമാകാമെന്ന് സുപ്രീം കോടതി. നിലവിലെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന നടപടികള്‍ പാടില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരത്തിന്റെ ഹരജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. സോളാര്‍ കേസിനെ കുറിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അന്വേഷണത്തെ ബാധിക്കില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ചില പരാമര്‍ശങ്ങള്‍ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു ജോയി കൈതാരത്തിന്റെ ഹരജിയില്‍ പറഞ്ഞിരുന്നത്. ഇതിലാണ് സുപ്രീം കോടതി ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്.
തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്നായിരുന്നു ഹൈക്കോടതി ജഡ്ജ് ഹാരൂണ്‍ അല്‍ റഷീദിന്റെ പരാമര്‍ശം. സുപ്രീം കോടതിയുടെ ഉത്തരവ് നിലവിലെ കേസന്വേഷണത്തെ യാതൊരു വിധത്തിലും ബാധിക്കരുതെന്നും അന്വേഷണത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോയി കൈതാരം നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ജോയ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.