| Monday, 6th May 2013, 11:02 am

കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യാം: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യാമെന്ന് സുപ്രീം കോടതി. കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് തടയണമെന്ന ഹരജിയിലാണ് സുപ്രീം കോടതിയുടെ വിധി.[]

ആണവനിലയത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. രാജ്യത്തിന്റെ ദീര്‍ഘകാല ആവശ്യം പരിഗണിച്ച് ആണവനിലയം അനിവാര്യമാണെന്നും കോടതി വിധിയില്‍ പറയുന്നു.

നിലയത്തിന്റെ സുരക്ഷയ്ക്കായി 15 ഇന നിര്‍ദേശങ്ങള്‍ നല്‍കുകയും അത് സമയബന്ധിതമായി തീര്‍ക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 13നാണ് കേസില്‍ വാദം ആരംഭിച്ചത്.

കേന്ദ്ര സര്‍ക്കാറിന് വിധി അനുകൂലമായ സാഹചര്യത്തില്‍ ഈ മാസം അവസാനത്തോടെ നിലയത്തില്‍ വൈദ്യുതി ഉത്പാദനം ആരംഭിക്കാനാണ് സാധ്യത.

ആണവനിലയത്തില്‍ വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണ് കമ്മീഷന്‍ ചെയ്യുന്നതെന്നും പാരിസ്ഥിതികാനുമതി ഇല്ലെന്നുമായിരുന്നു ഹരജിയില്‍ പറഞ്ഞിരുന്നത്. വിവിധ സംഘടനകളും വ്യക്തികളും ചേര്‍ന്നാണ് ഹരജി സമര്‍പ്പിച്ചത്.

നിലയത്തിന്റെ സുരക്ഷ, മാലിന്യ സംസ്‌കരണം, ജനങ്ങളുടെ സുരക്ഷ, പാരിസ്ഥി എന്നിവ വിശദമായി പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി വിധി എന്നത് ശ്രദ്ധേയമാണ്.

ആണവനിലയം സുരക്ഷിതമാണെന്ന കേന്ദ്രസര്‍ക്കാറിന്റെയും തമിഴ്‌നാട് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്റെയും വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. പ്രകൃതി ദുരന്തം, ആക്രമണം എന്നിവ ചെറുക്കാന്‍ നിലയത്തിന് കെല്‍പ്പുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം.

നേരത്തേ നിലയത്തിലേക്കുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത റഷ്യന്‍ കമ്പനിയുടെ ഉത്പന്നങ്ങള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more