| Tuesday, 19th March 2024, 3:21 pm

സി.എ.എ വിജ്ഞാപത്തിന് സ്റ്റേ ഇല്ല; ഹരജികളില്‍ മറുപടി നല്‍കുന്നതിന് കേന്ദ്രത്തിന് മൂന്നാഴ്ച്ച സമയം: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നീക്കം സ്റ്റേ ചെയ്യണമെന്ന ആവശ്യം താത്കാലികമായി തള്ളി സുപ്രീം കോടതി. ഹരജികളില്‍ വിശദീകരണം നല്‍കുന്നതിനായി കേന്ദ്രത്തിന് കോടതി മൂന്നാഴ്ച്ച സമയം നല്‍കി.

അടിയന്തിരമായി കേന്ദ്രത്തിന്റെ നീക്കത്തിന് മേല്‍ സ്റ്റേ ഏര്‍പ്പെടുത്തണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. ഏപ്രില്‍ ഒമ്പതിന് ഹരജികള്‍ വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

കേന്ദ്രം മറുപടി നല്‍കുന്നത് വരെ പൗരത്വം നല്‍കരുതെന്ന് ഹരജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിന് മുമ്പും നിയമങ്ങളില്‍ കോടതി സ്റ്റേ നല്‍കിയിട്ടുണ്ടെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാര്‍ നാല് വര്‍ഷത്തിന് ശേഷമാണ് സി.എ.എ വിജ്ഞാപനം ഇറക്കിയതെന്ന് മുസ്‌ലിം ലീഗിനായി കപില്‍ സിബല്‍ വാദിച്ചു. ആര്‍ക്കെങ്കിലും പൗരത്വം ലഭിച്ചാല്‍ ഫയല്‍ ചെയ്ത ഹരജികള്‍ നിലനില്‍ക്കില്ലെന്നും അതിനാല്‍ സറ്റേ നല്‍കണമെന്നും സിബല്‍ വ്യക്തമാക്കി. സ്റ്റേ നല്‍കിയതിന് ശേഷം ഏപ്രിലില്‍ കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ സാധിക്കില്ലേയെന്നും സിബല്‍ കോടതിയോട് ചോദിച്ചു.

എന്നാല്‍ ആരുടെയും പൗരത്വം റദ്ദാക്കില്ലെന്നും മുന്‍ വിധിയോട് കൂടിയ ഹരജികളാണ് കോടതിക്ക് മുന്നിലുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ വാദമുയര്‍ത്തി. മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന നടപടിക്ക് സ്റ്റേ നല്‍കിയാല്‍ അഭയാര്‍ത്ഥികളുടെ അവകാശം ലംഘിക്കപ്പെടുമെന്നും കേന്ദ്രം വാദിച്ചു. അതേസമയം മറുപടി നല്‍കാന്‍ കോടതി അനുവദിച്ച സമയം വരെ പൗരത്വം കൊടുക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടില്ല.

സി.എ.എയുമായി ബന്ധപ്പെട്ട ആകെ 236 ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണയിലുള്ളത്. സി.പി.ഐ.എം, സി.പി.ഐ, ഡി.വൈ.എഫ്.ഐ മുസ്‌ലിം ലീഗ്, വിവിധ മുസ്‌ലിം സംഘടനകള്‍, കേരളം സര്‍ക്കാര്‍ തുടങ്ങിയവരാണ് ഹരജി നല്‍കിയിട്ടുള്ളത്.

Content Highlight: Supream court; No stay on CAA notification

We use cookies to give you the best possible experience. Learn more