Mercy Killing
ദയാവധത്തിനു കര്‍ശന ഉപാധികളോടെ സുപ്രീംകോടതി അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 09, 06:20 am
Friday, 9th March 2018, 11:50 am

ന്യൂദല്‍ഹി: ദയാവധത്തിനു ഉപാധികളോടെ സുപ്രീംകോടതിയുടെ അനുമതി. ഇത് സംബന്ധിച്ച് കോമണ്‍ കോസ് എന്ന സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

അസുഖം മൂലം ജീവിതത്തില്‍ തിരിച്ചുവരാനാകാത്ത സാഹചര്യമുണ്ടാകുമ്പോള്‍ ദയാവധം അനുവദിക്കണം എന്ന് ഒരാള്‍ക്ക് മരണപത്രം എഴുതിവെക്കാമെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തമായ നിര്‍ദ്ദേശങ്ങളോടെയാണ് കോടതി ദയാവധത്തിനു അനുമതി നല്‍കിയത്.

ദയാവധത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനാണ് അധികാരം. സമ്മതപത്രം എഴുതിവെച്ച ആളിന്റെ ബന്ധു ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിക്കണം. അന്തിമ അനുമതി നല്‍കാനുള്ള അധികാരം ഹൈക്കോടതിയായിരിക്കും.

ഏതൊരു പൗരനും മാന്യമായി മരിക്കാനുള്ള അവകാശമുണ്ടെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെ ഒരാള്‍ ജീവിക്കണമെന്ന് എങ്ങനെ നിര്‍ബന്ധം പിടിക്കാനാകുമെന്നും കോടതി ചോദിച്ചു.

ദയാവധം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി 2014 ലാണ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്.