കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ മനസിലിരിപ്പ് മാനത്തുകണ്ട മതനിരപേക്ഷ സമൂഹം ഇടതിനൊപ്പം നിന്നു; മുല്ലപ്പള്ളിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് സമസ്ത മുഖപത്രം
Kerala Election 2021
കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ മനസിലിരിപ്പ് മാനത്തുകണ്ട മതനിരപേക്ഷ സമൂഹം ഇടതിനൊപ്പം നിന്നു; മുല്ലപ്പള്ളിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് സമസ്ത മുഖപത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th May 2021, 9:31 am

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് സമസ്ത മുഖപത്രം സുപ്രഭാതത്തിന്റെ എഡിറ്റോറിയല്‍. പരാജയ കാരണങ്ങള്‍ വിശദമായി പഠിച്ച് പാളിച്ചകള്‍ മനസിലാക്കാമെന്ന പതിവു പല്ലവി തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിക്കുകയാണെന്ന് സുപ്രഭാതം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ മനസിലിരിപ്പ് മാനത്തുകണ്ട കേരളത്തിലെ മതനിരപേക്ഷ സമൂഹം ഇടത് മുന്നണിക്കൊപ്പം നിന്നുവെന്നും പത്രം പറഞ്ഞു.

ന്യൂനപക്ഷ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും സുപ്രഭാതം പറഞ്ഞു. സി.എ.എ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പലവട്ടം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോഴും അതേപ്പറ്റി ക, മ എന്നുപോലും ഉരിയാടാത്ത പല കോണ്‍ഗ്രസ് നേതാക്കളും കേരളത്തിലുണ്ടായിരുന്നെന്നും പത്രം പറയുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അവരില്‍ പ്രധാനിയായിരുന്നുവെന്നും എഡിറ്റോറിയലില്‍ പറഞ്ഞു.

‘നേമത്ത് കെ. മുരളീധരന്‍ മത്സരിച്ചപ്പോള്‍ അങ്ങോട്ടൊന്ന് എത്തിനോക്കാന്‍ പോലും മുല്ലപ്പള്ളി രാമചന്ദ്രന്‍ തയാറായില്ല. ഇത്തരം കെ.പി.സി.സി പ്രസിഡന്റുമാരുണ്ടാകുമ്പോള്‍ എങ്ങനെയാണ് യു.ഡി.എഫ് ജയിച്ചുകയറുക. എല്ലാ മണ്ഡലങ്ങളും നോക്കാന്‍ ഉണ്ടാകുമ്പോള്‍ താന്‍ എങ്ങനെ മത്സരിക്കുമെന്നു ചോദിച്ച നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍,’ സുപ്രഭാതം മുഖ്രസംഗം പറഞ്ഞു.

ശശി തരൂര്‍, വി.ഡി സതീശന്‍, കെ. മുരളീധരന്‍, കെ. സുധാകരന്‍ എന്നിവരെപ്പോലുള്ള, ജാതി, മത വ്യത്യാസം കാണിക്കാത്ത, ഗ്രൂപ്പുകള്‍ക്ക് അതീതരായ, കറ കളഞ്ഞ മതനിരപേക്ഷ ജനാധിപത്യ കാവലാളുകളായ നേതാക്കള്‍ക്ക് മാത്രമേ കോണ്‍ഗ്രസിനെ രക്ഷിക്കാനാകൂ എന്നും സുപ്രഭാതം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Suprbhadam daily riticize Congress after defeat in Assembly elections