| Monday, 9th October 2017, 5:21 pm

ഇ.ടി മുഹമ്മദ് ബഷീര്‍ ആട് മേയ്ക്കാന്‍ വിളിക്കുന്ന ഇടയനെന്ന് ലീഗ് അനുകൂല സമസ്ത മുഖപത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുജാഹിദുകളെ പിന്തുണച്ച് കൊണ്ടുള്ള ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രസ്താവനയെയും മുജാഹിദ് വിഭാഗത്തെയും വിമര്‍ശിച്ച് ലീഗ് അദ്ധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ വൈസ്പ്രസിഡന്റായ സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ എഡിറ്റോറിയല്‍. “ആട് സലഫിസ”ത്തിലേക്ക് ആളെ കൂട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നവോത്ഥാനവും തൗഹീദും തിരിച്ചറിയാതെ ഉഴറുന്നവര്‍ നില നില്‍പിനായാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും സുപ്രഭാതം പറയുന്നു.

മുജാഹിദ് സമ്മേളനത്തിന്റെ പ്രചാരണ ക്ലിപിങ്ങില്‍ മുജാഹിദുകള്‍ വിഭാവനം ചെയ്യുന്ന തൗഹീദാണ് ശരിയായ നവോത്ഥാനമുണ്ടാക്കിയതെന്നും, കേരളത്തില്‍ സമാധാന അന്തരീക്ഷം വളര്‍ത്തിയതും, തൗഹീദ് പരിചയപ്പെടുത്തിയതും മുജാഹിദുകളാണെന്നും ഇ.ടി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മുഖപ്രസംഗം.

താടി നീളുന്നതിനനുസരിച്ച് പാന്റ് ചെറുതാകുന്നു (അബൂബക്കര്‍ കാരക്കുന്നിന്റെ പ്രയോഗം) എന്നതിനൊപ്പം തലച്ചോര്‍ കൂടി ചുരുങ്ങിപ്പോകുന്നു എന്നല്ലേ പാലത്ത് മൗലവിയുടെ പ്രസംഗം നമ്മെ ബോധിപ്പിച്ചത്. കോന്തു നായരെ കെട്ടിപ്പിടിച്ച മമ്പുറം തങ്ങളെയും മങ്ങാട്ടച്ചനെ ചേര്‍ത്ത് നിര്‍ത്തിയ കുഞ്ഞായിന്‍ മുസ്‌ലിയാരെയും കേട്ട് കോരിത്തരിച്ച കേരളീയ പൊതു മണ്ഡലത്തില്‍ അവരോട് ചിരിക്കരുതെന്ന ആജ്ഞയുണ്ടാക്കിയ അപമാനത്തിന്റെ പരുക്ക് എത്ര ആഴമുള്ളതായിരുന്നു! സുപ്രഭാതം പറയുന്നു.

സലഫികളായ അബ്ദുല്‍ വഹാബിന്റെയും അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെയും പേര് മുഖപ്രസംഗത്തില്‍ പറയുന്നു. വിശുദ്ധനഗരങ്ങളിലെ മഖ്ബറ മുതല്‍ നാട് കാണി ചുരത്തിലെ സയ്യിദ് മുഹമ്മദ് സ്വാലിഹ് തങ്ങളുടെ മഖ്ബറ വരെ അടിച്ച് തകര്‍ക്കുന്നതാണ് യഥാര്‍ത്ഥ അസഹിഷ്ണുതയെന്നും സുപ്രഭാതം പറയുന്നു.

യൂറോ സെന്‍ട്രിക് നവോത്ഥാനത്തിന്റെ ഉപോല്‍പന്നമല്ല ഇസ്‌ലാമിക നവോത്ഥാനം എന്ന് ആട് മേയ്ക്കാന്‍ വിളിക്കുന്ന ഇടയന്മാര്‍ ഇനിയെങ്കിലും മനസ്സിലാക്കണം. ഏത് നവോത്ഥാനത്തെ കുറിച്ചാണ് ഇക്കൂട്ടര്‍ അലമുറയിടുന്നതെന്ന് മനസിലാകുന്നില്ലെന്നും കൈ നെഞ്ചില്‍ കെട്ടണോ കെട്ടാതിരിക്കണോ, മരിച്ചാല്‍ യാസീന്‍ ഓതണോ വേണ്ടയോ തുടങ്ങിയ ചര്‍ച്ചകളൊന്നും നവോത്ഥാനമല്ലെന്നും സുപ്രഭാതം പറയുന്നു.


Read more:  ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് എങ്ങനെ കഴിയും; തടവിലാക്കാന്‍ പിതാവിന് കഴിയില്ലെന്നും സുപ്രീം കോടതി


കേരളത്തില്‍ നവോത്ഥാനം കടന്ന് വന്നത് ഖാജാ ശൈഖ്, കാക്കത്തറയ്ക്കല്‍ ഉമര്‍ഖാദി, മഖ്ദൂമുമാര്‍, മമ്പുറം തങ്ങള്‍ തുടങ്ങിയ സൂഫികളിലൂടെയും മുജദ്ദിദുകളിലൂടെയുമാണെന്നും അല്ലാതെ ഒളിച്ചോടിയ കെ.എം മൗലവിക്കോ തന്റെ നൂറ്റി എട്ടാമത്തെ വയസില്‍ ചേകനൂരിന്റെ ബലിക്കാക്കകള്‍ക്ക് സത്യാഗ്രഹമിരുന്ന ഇ. മൊയ്തു മൗലവിക്കോ അതിലൊന്നും ഒരു പങ്കുമില്ലെന്നും മുഖപ്രസംഗം പറയുന്നു.

ഹിന്ദുമതത്തിനകത്ത് രാജാറാം മോഹന്‍ റോയിയെയും അയ്യങ്കാളിയെയും വി.ടി ഭട്ടതിരിപ്പാടിനെയുമെല്ലാം നവോത്ഥാന പ്രസ്ഥാനത്തിന്റെ ഉച്ചിയില്‍ പ്രതിഷ്ഠിച്ചപ്പോള്‍ കെ.എം മൗലവിയ്ക്ക് ആ സ്ഥാനത്തേക്ക് വച്ച് കയറാന്‍ ഇസ്‌ലാം ഒരിക്കലും ഇടം നല്‍കിയില്ലെന്നും അതാണ് പാരമ്പര്യ ഇസ്‌ലാമിന്റെ സൗന്ദര്യമെന്നും സുപ്രഭാതം പറയുന്നു.

പിന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞ മാപ്പിളമാരോട് തിരിഞ്ഞ് നടക്കാനും വെള്ളക്കാരന്റെ ചെരുപ്പ് നക്കാനും പറഞ്ഞതാണ് നവോത്ഥാന ശ്രമമെങ്കില്‍ രാജഭരണം നിലനിന്ന തിരുവിതാംകൂറിലേക്ക് പേടിച്ചോടിയ കെ.എം മൗലവി, ഇ.കെ മൗലവിമാരോട് ആ തിട്ടൂരം അങ്ങ് അടുപ്പില്‍ വച്ചാല്‍ മതിയെന്ന് പറഞ്ഞ പച്ച മാപ്പിളമാര്‍ തന്നെയല്ലേ യഥാര്‍ഥ നവോഥാന നായകരെന്ന് സുപ്രഭാതം ചോദിക്കുന്നു. കാരണം അവരുടെ എതിര്‍പ്പ് ഭാഷയോടോ വിദ്യാഭ്യാസത്തോടോ ആയിരുന്നില്ലെന്നും പകരം കൊളോണിയല്‍ വരേണ്യതയോട് ആയിരുന്നെന്നും മുഖപ്രസംഗം പറയുന്നു.

ഇമാം നവവി തങ്ങളുടെ മഖ്ബറ ഐ.എസ് നാമാവശേഷമാക്കിയപ്പോള്‍ എവിടെ നിങ്ങളുടെ ശൈഖിന്റെ കഴിവ് എന്ന് വിളിച്ച് ചോദിക്കുകയും മുത്വലാഖ് വിഷയത്തില്‍ മോദിയുടേത് ധീരമായ നിലപാടെന്ന മുക്രയിട്ട പൊട്ടക്കിണറ്റിലെ തവളാണ് ഇക്കൂട്ടരെന്നും മുഖപ്രസംഗം പറയുന്നു.

മുജാഹിദികള്‍ ഏത് തൗഹീദിന്റെ വക്താക്കളാണെന്ന് കൂടെ പറയണമെന്നും തൗഹീദിന്റെ പേരില്‍ കോശവിഭജനം നടത്തിക്കൊണ്ടിരിക്കുന്നവരാണ് മുജാഹിദുകളെന്നും മുഖപ്രസംഗം പറയുന്നു.

കെ.എന്‍.എം, മടവൂരി, ജിന്ന് (ഫൈസല്‍ മൗലവി, ഹുസൈന്‍ സലഫി) വിസ്ഡം, ദമ്മാജ്, അബ്ദുറഹിമാന്‍ ഇരിവേറ്റി, സുബൈര്‍ മങ്കട, പിന്നെ ഗ്രൂപ്പില്ലാത്തവര്‍ എന്നിങ്ങനെയുള്ള മുജാഹിദ് വിഭാഗങ്ങളില്‍ ആരുടെ തൗഹീദാണ് ആധുനിക അംബാസഡര്‍മാര്‍ ഉദ്ദേശിച്ചതെന്നും ഇ.ടിയെ ലക്ഷ്യമിട്ട് സുപ്രഭാതം ചോദിക്കുന്നു.

We use cookies to give you the best possible experience. Learn more