| Thursday, 23rd May 2024, 9:22 am

നയം മാറ്റം ഉണ്ടായിട്ടില്ല, എല്ലാ വിഭാഗത്തെയും പരിഗണിക്കുക എന്നതാണ് നയം; വിവാദങ്ങളില്‍ വിശദീകരണവുമായി സുപ്രഭാതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സുപ്രഭാതം പത്രത്തിന് നയം മാറ്റം ഉണ്ടായിട്ടില്ലെന്ന് പത്രത്തിന്റെ സി.ഇ.ഒ മുസ്തഫ മുണ്ടുപാറ. പത്രത്തിന് നയം മാറ്റം ഉണ്ടായതായി സുപ്രഭാതം എഡിറ്റര്‍ ബഹാവുദ്ദീന്‍ നദ്‌വിയുടെ ആരോപണത്തിന് പിന്നാലെയാണ് വിശദീകരണവുമായി പത്രം രംഗത്തെത്തിയത്.

ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് പത്രത്തിന്‍റെ നയം തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്തകളിലും പരസ്യത്തിലും എല്ലാ വിഭാഗത്തെയും പരിഗണിക്കുക എന്നതാണ് പത്രത്തിന്റെ നയമെന്നും മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി. സുപ്രഭാതം പത്രത്തില്‍ മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനത്തിലാണ് വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

സുപ്രഭാതം ഗള്‍ഫ് എഡിഷന്റെ ഉദ്ഘാടന തീയ്യതി തീരുമാനിച്ചതും മുസ്‌ലിം ലീഗുമായി കൂടിയാലോചിച്ച ശേഷമാണെന്ന് മുസ്തഫ മുണ്ടുപാറ പറഞ്ഞു.

മുമ്പ് ഉണ്ടായിരുന്ന നയത്തില്‍ ഇന്ന് ഒരു വ്യത്യാസവും ഉണ്ടായിട്ടില്ലെന്നും എല്ലാ രാഷട്രീയ വിഭാഗങ്ങളെയും പരിഗണിച്ച് പോകണമെന്നതായിരുന്നു പത്രത്തിന്റെ നിലപാടെന്നും ലേഖനത്തിൽ പറഞ്ഞു. അതനുസരിച്ച് എല്‍.ഡി.എഫിന്റ പരസ്യങ്ങള്‍ ഇതിന് മുമ്പും സുപ്രഭാതം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനത്തില്‍ നിന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ വിട്ട് നിന്ന സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. സാദിഖലി തങ്ങളുമായും പി.കെ. കുഞ്ഞാലിക്കുട്ടിയുമായും കൂടിയാലോചിച്ച ശേഷമായിരുന്നു പരിപാടിയുടെ തീയ്യതി തീരുമാനിച്ചത്. എന്നിട്ടും യോഗത്തിന്റെ പേര് പറഞ്ഞ് പരിപാടിയില്‍ നിന്ന് വിട്ട് നിന്നത് ശരിയായില്ലെന്നും ലേഖനത്തില്‍ കൂട്ടിച്ചേര്‍ത്തു.

സുപ്രഭാതത്തിന് നയം മാറ്റം സംഭവിച്ചതിനാലാണ് ​ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ നിന്ന് വിട്ട് നിൽക്കാൻ കാരണമെന്ന് ബഹാവുദ്ദീന്‍ നദ്‌വി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടർന്ന് പരസ്യ പ്രതികരണത്തിന് 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് നദ്‌വിക്ക് സമസ്ത നോട്ടീസ് അയച്ചിരുന്നു.

Content Highlight: Suprabhaatham with clarification on controversies

We use cookies to give you the best possible experience. Learn more