| Sunday, 19th May 2024, 7:34 pm

കോഴി ബിരിയാണിയുടെ റെസിപ്പിയുമായി സുപ്രഭാതം, തിരിച്ച് കിട്ടുമ്പോള്‍ മോങ്ങരുതെന്ന് ലീ​ഗ് പ്രവര്‍ത്തകര്‍; വിവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സമസ്തയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന സുപ്രഭാതം ഗള്‍ഫ് എഡിഷന്റെ ഉദ്ഘാടനചടങ്ങ് ലീഗ് നേതാക്കള്‍ ബഹിഷ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെ സുപ്രഭാതം അവരുടെ ഓണ്‍ലൈനില്‍ പങ്കുവെച്ച ബിരിയാണി റെസിപ്പി ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

മുസ്‌ലിം ലീഗിനെ ഉദ്ദേശിച്ചാണ് സുപ്രഭാതം ബിരിയാണി റെസിപ്പി പങ്കുവെച്ചതാണെന്നാണ് കമന്റ് ബോക്‌സില്‍ ഉയരുന്ന വിമര്‍ശനം.
കൈരളി ന്യൂസിന്റെ നിലവാരത്തിലേക്ക് സുപ്രഭാതം പോകുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. ബിരിയാണി റെസിപ്പി ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുപിടിച്ച് ഇതിനോടകം വിവാദമാക്കിയിട്ടുണ്ട്.

മുസ്‌ലിം ലീഗ് യോ​ഗം ചേരുന്നത് ബിരിയാണി തിന്നാൻ വേണ്ടിയാണെന്ന് കാലങ്ങളായി ഉയരുന്ന വിമർശനമാണ്. മുത്തലാക്ക് നിരോധന ബില്ലില്‍ ചര്‍ച്ച നടത്താന്‍ യോഗം ചേര്‍ന്നപ്പോഴും ചര്‍ച്ചക്ക് പകരം എം.പിമാർ ബിരിയാണി തിന്ന് പിരിയുക മാത്രമാണ് ചെയ്തതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനം നടക്കുന്ന അതേ ദിവസം തന്നെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോ​ഗം ചേർന്നതാണ് വിവാദങ്ങൾക്ക് കാരണമായത്.

ബിരിയാണി എന്ന് കേള്‍ക്കുമ്പോഴേക്കും അത് മുസ്‌ലിം ലീഗിനെ ആണെന്ന് ചിന്തിക്കണോ എന്ന തരത്തിലും വാര്‍ത്തക്ക് താഴെ ആളുകള്‍ പ്രതികരിക്കുന്നുണ്ട്.

പൊതുവെ രാഷ്ട്രീയ എതിരാളികൾക്കെതിരെ കൈരളി ഇത്തരത്തിലുള്ള വാർത്തകൾ നൽകാറുണ്ട്. കോൺ​ഗ്രസ് നേതാവ് വി.ടി. ബൽറാമിനെ ഉദ്ദേശിച്ചുള്ള തൃതല വാഴ സംരക്ഷണ പദ്ധതിയും, ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ ഉദ്ദേശിച്ചുള്ള ഉള്ളി കൃഷി എങ്ങനെ ഭം​ഗിയായി ചെയ്യാം എന്നിങ്ങനെ കൈരളി നൽകിയ വാർത്തകൾ അതിന് ഉദാഹരണമാണ്.
അതിനിടെ, പരിപാടിയിൽ നിന്ന് ലീ​ഗ് നേതാക്കൾ വിട്ട് നിന്നതിൽ സമസ്ത സംസ്ഥാന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ അതൃപ്തി അറിയിച്ചിരുന്നു. സുപ്രഭാതം വളർന്ന് വലുതാകുമ്പോൾ അതിനോട് പലർക്കും അസൂയ തോന്നുമെന്നാണ് ജിഫ്രി തങ്ങൾ പറഞ്ഞത്. ആരെയും പരാജയപ്പെടുത്താനല്ല സമസ്തയുടെ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Suprabhaatham chicken biryani recipe is controversial

We use cookies to give you the best possible experience. Learn more