Worldnews
ഉടമയായ മസ്‌കിനെപ്പോലെ തീവ്ര വലതുപക്ഷത്തെ പിന്തുണയ്ക്കുന്നു; എക്‌സ് അക്കൗണ്ടുകള്‍ ഉപേക്ഷിച്ച് ജര്‍മന്‍ സര്‍വകലാശാലകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 13, 03:13 am
Monday, 13th January 2025, 8:43 am

ബെര്‍ലിന്‍: സമൂഹ മാധ്യമമായ എക്‌സ്, ഉടമയായ ഇലോണ്‍ മസ്‌കിന്റെ കീഴില്‍ തീവ്ര വലതുപക്ഷത്തെ പിന്തുണയ്ക്കുന്നതില്‍ അപലപിച്ച് അക്കൗണ്ടുകള്‍ ഉപേക്ഷിച്ച് 60ല്‍ അധികം ജര്‍മന്‍ സര്‍വകലാശാലകള്‍. രാജ്യത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കവെയാണ് സര്‍വകലാശാലകളുടെ പുതിയ നീക്കം.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജര്‍മനിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എ.എഫ്.ഡി (അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി) ക്ക് മസ്‌ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ജര്‍മനിയിലെ ക്രിസ്തുമസ് മാര്‍ക്കറ്റിലുണ്ടായ കാര്‍ ആക്രമണത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോളിനെ വിഡ്ഢി എന്ന് വിശേഷിപ്പിച്ച മസ്‌ക് ഇനി എ.എഫ്.ഡിക്ക് മാത്രമെ ജര്‍മനിയെ രക്ഷിക്കാനാവൂ എന്ന് പറഞ്ഞിരുന്നു. കുടിയേറ്റത്തെ ശക്തമായി എതിര്‍ക്കുന്ന തീവ്ര വലതുപക്ഷ കാഴ്ച്ചപ്പാടുള്ള പാര്‍ട്ടിയാണ് എ.ഫ്.ഡി.

ജര്‍മന്‍ സര്‍വകലാശാലകള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ എക്‌സില്‍ ഓര്‍ഗാനിക് റീച്ചിന് നിയന്ത്രണം ഉണ്ടായതായും പകരം വലതുപക്ഷ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആല്‍ഗോരിതങ്ങള്‍ കൂടുതലായും ഉപയോഗിക്കപ്പെടുന്നതായും ആരോപിക്കുന്നു. ഇലോണ്‍ മസ്‌ക് 2022ല്‍ പ്ലാറ്റ്ഫോം വാങ്ങിയത് മുതലാണ് ഈ മാറ്റമെന്നും സര്‍വകലാശാലകള്‍ ആരോപിക്കുന്നു.

‘എക്സിന്റെ റീച്ച്, ഇന്ററാക്ഷന്‍ റേറ്റ് എന്നിവ സ്ഥിരമായി കുറയുക മാത്രമല്ല പ്ലാറ്റ്ഫോമിന്റെ അല്‍ഗോരിതം അതിന്റെ ഉടമയുടെ വീക്ഷണവുമായി സാമ്യമുള്ള ഉള്ളടക്കത്തിന് അനുകൂലമായി കൃത്രിമം നടത്തി മാറ്റുകയും ചെയ്തു’, ഫ്രാങ്ക്ഫര്‍ട്ടിലെ ഗോഥെ സര്‍വകലാശാല സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഫ്രീ യൂണിവേഴ്‌സിറ്റി ഓഫ് ബെര്‍ലിന്‍, ആര്‍.ഡബ്ല്യു.ടി.എച്ച് ആച്ചന്‍, ഹൈഡല്‍ബര്‍ഗ്, ടിയു ഡ്രെസ്ഡന്‍, ഫ്രീ യൂണിവേഴ്‌സിറ്റി ഓഫ് ബര്‍ലിന്‍, ബര്‍ലിന്‍ ഹുംബള്‍ട്ട് എന്നീ സര്‍വകലാശാലകളും എക്‌സ് ഉപേക്ഷിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എക്‌സില്‍ നിന്ന് പിന്മാറുന്നത് വസ്തുനിഷ്ഠമായ ആശയവിനിമയത്തിനുള്ള സര്‍വകലാശാലകളുടെ പ്രതിബദ്ധതയെ അടിവരയിടുന്നുവെന്നും അവര്‍ ജനാധിപത്യ വിരുദ്ധ ശക്തികള്‍ക്കെതിരെ ആണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഇതിന് പുറമെ സര്‍വകലാശായിലെ ഫാക്കല്‍റ്റികളോടും ഗവേഷകരോടും എക്സിലെ അവരുടെ അക്കൗണ്ടുകള്‍ ഉപയോഗപ്രദമാണെന്ന് ഇപ്പോഴും കരുതുന്നുണ്ടോയെന്ന് പുന:പരിശോധിക്കണമെന്നും സര്‍വകലാശാലകള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കൂടാതെ രാജ്യത്തെ മറ്റ് സര്‍വകലാശാലകളും ഈയൊരു മുന്നേറ്റത്തില്‍ പങ്കാളികളായാല്‍ അത് ഈ മുന്നേറ്റത്തിന് മുതല്‍ക്കൂട്ടാവുമെന്നും എക്‌സ് ഉപേക്ഷിച്ച സര്‍വകലാശാലകള്‍ പറയുന്നു.

Content Highlight: supports far right groups like it’s owner Musk; German universities and research institutions leave X