|

എന്റെ പിഴ, എന്റെ വലിയ പിഴ; സുരേഷ് ഗോപിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് എന്‍.എസ്. മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപിയെ പിന്തുണച്ചത് തന്റെ വലിയ പിഴവാണെന്ന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. അവിശ്വാസികള്‍ക്ക് സര്‍വനാശം വരട്ടെ എന്ന സുരേഷ് ഗോപിയുടെ വിവാദപരാമര്‍ശത്തെ തുടര്‍ന്നാണ് നേരത്തെ പിന്തുണച്ചത് തെറ്റായിപോയി എന്ന് മാധവന്‍ പറഞ്ഞത്.

2021 മെയിലാണ് സുരേഷ് ഗോപിയെ പിന്തുണച്ച് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നത്. ‘സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തോട് എതിര്‍പ്പുണ്ടെങ്കിലും അദ്ദേഹത്തെ ഇഷ്ടമാണ്. അതൊഴിവാക്കിയാല്‍ അദ്ദേഹത്തിന്റെ മറ്റ് വശങ്ങളെല്ലാം തിളങ്ങുകയാണ്. പൃഥ്വിരാജിനെ ബി.ജെ.പി സൈബര്‍ ബുള്ളിയിങ് ചെയ്തപ്പോള്‍ സുരേഷ് ഗോപിയല്ലാതെ സിനിമാ മേഖലയില്‍ നിന്നും മറ്റാരും പിന്തുണക്കാനെത്തിയില്ല. ഈ വിഷമയമായ അന്തരീക്ഷത്തില്‍ അദ്ദേഹം അധിക കാലം നില്‍ക്കുമെന്ന് തോന്നുന്നില്ല,’ എന്നായിരുന്നു മാധവന്റെ ട്വീറ്റ്. അന്ന് അങ്ങനെ പറഞ്ഞത് വലിയ പിഴവായി പോയെന്നാണ് മാധവന്‍ ഇന്ന് ട്വീറ്റ് ചെയ്തത്.

ശിവരാത്രിയോട് അനുബന്ധിച്ച് ആലുവയില്‍ നടന്ന പരിപാടിയിലാണ് സുരേഷ് ഗോപിയുടെ വിവാദപരാമര്‍ശങ്ങള്‍ ഉണ്ടായത്. എന്റെ മതത്തെ ഞാന്‍ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ മറ്റ് മതസ്ഥരുടെ വിശ്വാസത്തേയും സ്‌നേഹിക്കാന്‍ സാധിക്കണം. ഖുര്‍ആനേയും ബൈബിളിനേയും മാനിക്കാന്‍ കഴിയണം. സ്‌നേഹവും അങ്ങനെ തന്നെയാണെന്നും തന്റെ ഈശ്വരന്മാരെ സ്‌നേഹിക്കുന്നത് പോലെ ലോകത്തുള്ള വിശ്വാസികളായ എല്ലാ മനുഷ്യരെയും താന്‍ സ്‌നേഹിക്കും. എന്നാല്‍ അവിശ്വാസികളോട് ഒട്ടും തന്നെ സ്‌നേഹമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

വിശ്വാസികളുടെ അവകാശത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ലെന്നും അവരുടെ സര്‍വ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Content Highlight: Supporting Suresh Gopi was his big mistake, says writer N.S. Madhavan