| Monday, 24th June 2019, 9:22 am

സിദ്ധരാമയ്യ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കണമെന്ന് ഗ്രൂപ്പ് നേതാക്കള്‍; ആശയത്തെ കൈവിട്ട് മുന്‍ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോണ്‍ഗ്രസ് വിട്ട് പുതിയ പ്രാദേശിക പാര്‍ട്ടി രൂപീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ട് ഗ്രൂപ്പ് നേതാക്കള്‍. ദല്‍ഹി സന്ദര്‍ശനം നടത്തി സിദ്ധരാമയ്യ തിരികെ എത്തിയ ദിവസം ചേര്‍ന്ന യോഗത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരണത്തെ കുറിച്ചുള്ള ചര്‍ച്ച നടന്നത്.

സിദ്ധരാമയ്യയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ മന്ത്രി ഡോ. എച്ച്.സി മഹാദേവപ്പ, ഭൈരതി ബസവരാജ്, ഭൈരതി സുരേഷ്, എം.ടി.ബി നാഗരാജ് എന്നിവരാണ് പങ്കെടുത്തത്. ഡോ. മഹാദേവപ്പയാണ് പുതിയ പാര്‍ട്ടി രൂപീകരണമെന്ന ആശയം മുന്നോട്ട് വെച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പാരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ പോലും തിരിച്ചടി നേരിട്ടു, ജനതാദള്‍ എസ് കോണ്‍ഗ്രസിനേക്കാള്‍ ശക്തി നേടുന്നു എന്നീ കാര്യങ്ങളാണ് മഹാദേവപ്പ പുതിയ പാര്‍ട്ടി രൂപീകരണ ആശയം അവതരിപ്പിക്കുന്നതിന് വേണ്ടി മുന്നോട്ട് വെച്ചത്.

സിദ്ധരാമയ്യക്ക് സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്. ഇനിയും മുഖ്യമന്ത്രിയാവണമെങ്കില്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചാലേ മതിയാവൂ എന്ന് മഹാദേവപ്പ പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത മറ്റുള്ളവരും ഈ ആശയത്തെ പിന്താങ്ങി. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാനാവശ്യമായ സ്‌ത്രോതസ്സുകള്‍ താന്‍ കണ്ടെത്താമെന്ന് മറ്റൊരു നേതാവായ നാഗരാജ് പറഞ്ഞു.

എന്നാല്‍ പ്രാദേശിക പാര്‍ട്ടി എന്ന ആശയത്തോട് സിദ്ധരാമയ്യ വേണ്ടത്ര താല്‍പര്യം കാണിച്ചിട്ടില്ല. സംസ്ഥാനത്ത് പ്രാദേശിക രാഷ്ട്രീയ പരീക്ഷങ്ങള്‍ വിജയിട്ടില്ല എന്ന് അദ്ദേഹം നിരീക്ഷിച്ചു. ആശയത്തെ തള്ളിക്കളയുന്നില്ലെന്നും എന്നാല്‍ പ്രാദേശിക പാര്‍ട്ടി വിജയിപ്പിച്ചെടുക്കല്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. എന്നാല്‍ ഈ ആശയത്തിലേക്ക് സിദ്ധരാമയ്യ വരുമെന്ന് തന്നെയാണ് യോഗത്തില്‍ പങ്കെടുത്തവര്‍ പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more