| Tuesday, 13th December 2022, 12:09 pm

ബ്രസീലില്‍ പൊലീസ് ആസ്ഥാനത്തിന് നേരെ ബോള്‍സൊനാരോ പക്ഷക്കാരുടെ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസീലിയ: ബ്രസീലില്‍ പൊലീസ് ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തി പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊനാരോയുടെ (Jair Bolsonaro) അണികള്‍.

ബ്രസീലിയയിലെ ഫെഡറല്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കാണ് തീവ്ര വലതുപക്ഷ നേതാവായ ബോള്‍സൊനാരൊയെ പിന്തുണക്കുന്നവര്‍ അതിക്രമിച്ച് കയറുകയും ആക്രമണം നടത്തുകയും ചെയ്തത്. തിങ്കളാഴ്ചയായിരുന്നു സംഭവം.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബോള്‍സൊനാരോ വമ്പന്‍ പരാജയം നേരിട്ടതിന് പിന്നാലെയാണ് ഈ സംഭവവും.

ബ്രസീലിന്റെ പതാകയുടെ മഞ്ഞയും പച്ചയും നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ച പ്രതിഷേധക്കാരുടെ ചിത്രങ്ങള്‍ പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിച്ചു.

മഞ്ഞ ഫുട്ബോള്‍ ജേഴ്സിയും ബ്രസീലിയന്‍ പതാകയും ധരിച്ച് പൊലീസ് ആസ്ഥാനത്ത് സുരക്ഷാ സേനയെ നേരിട്ട ബോള്‍സൊനാരോയുടെ അണികളെ കണ്ടതായി സാക്ഷികള്‍ റോയിട്ടേഴ്സിനോട് പ്രതികരിച്ചു. സമീപത്തെ ബസുകളും കാറുകളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

ക്യാപിറ്റല്‍ സെക്യൂരിറ്റി സേനയുടെ പിന്തുണയോടെയാണ് പൊലീസ് ആസ്ഥാനത്തിന് സമീപമുള്ള അക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ഫെഡറല്‍ പൊലീസ് അറിയിച്ചു.

ഇടതുപക്ഷ നേതാവായ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയാണ് (Luiz Inácio Lula da Silva) ഇക്കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

ഒക്ടോബര്‍ 30നായിരുന്നു ബ്രസീലില്‍ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. രണ്ട് ഘട്ടമായിട്ടായിരുന്നു ബ്രസീലില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിലും ലുലക്ക് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ 50 ശതമാനം വോട്ട് എന്ന യോഗ്യത മറികടക്കാന്‍ സാധിക്കാതിരുന്നതോടെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുപ്പ് നീളുകയായിരുന്നു.

എന്നാല്‍ രണ്ടാം ഘട്ടം കഴിഞ്ഞതോടെ 50.9 ശതമാനം വോട്ട് നേടി ലുല വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കി. ബോള്‍സൊനാരോക്ക് 49.1 ശതമാനം വോട്ടാണ് ലഭിച്ചത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് തുടര്‍ച്ചയായി രണ്ടാമതും തെരഞ്ഞെടുക്കപ്പെടുന്നതിന് വേണ്ടിയുള്ള പ്രചരണം 67കാരനായ ബോള്‍സൊനാരോ ശക്തമാക്കിയിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കവെ തന്നെ ഇടത് നേതാവ് ലുലക്ക് മുന്‍തൂക്കമുള്ളതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നിരുന്നു.

ബിസിനസ് ക്ലാസ് ആളുകളുടെ പിന്തുണ ശക്തിപ്പെടുത്താനും അവരുടെ വോട്ട് ലക്ഷ്യം വെച്ചുകൊണ്ടുമായിരുന്നു ബോള്‍സൊനാരോ പ്രചരണം നടത്തിയത്. എന്നാല്‍ സാധാരണക്കാരായ തൊഴിലാളി വര്‍ഗത്തെയും ന്യൂനപക്ഷങ്ങളെയും ബോള്‍സൊനാരോ വിരുദ്ധരെയും കേന്ദ്രീകരിച്ചായിരുന്നു ലുലയുടെ പ്രചരണം.

ജനുവരി ഒന്നിനായിരിക്കും ലുല പുതിയ പ്രസിഡന്റായി ഔദ്യോഗികമായി അധികാരമേല്‍ക്കുക.

Content Highlight: supporters of Brazil’s defeated President Jair Bolsonaro attacked police headquarters

We use cookies to give you the best possible experience. Learn more