| Saturday, 22nd December 2018, 2:10 pm

വനിതാ മതിലിനെ പിന്തുണച്ചു; മുസ്‌ലിം ലീഗ് നേതാവ് സി. ഷുക്കൂറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഞ്ഞങ്ങാട്: വനിതാ മതിലിനെ അനുകൂലിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട മുസ്‌ലിം ലീഗ് നേതാവും ലോയേഴ്‌സ് ഫോറം മുന്‍ ജില്ലാ പ്രസിഡന്റുമായ സി.ഷുക്കൂറിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കി.

ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നു തന്നെ പുറത്താക്കിയതായി അറിഞ്ഞെന്നും സമീപഭാവിയില്‍ ഒരു പാര്‍ട്ടിയുടെയും അംഗത്വം എടുക്കാന്‍ താന്‍ ഉദ്ദേശിക്കുന്നല്ലെന്നും സി. ഷുക്കൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

വനിതാ മതില്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നായിരുന്നു ഷൂക്കൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 10 സ്ത്രീകളെയെങ്കിലും പരിഗണിച്ചാല്‍ വനിതാ മതില്‍ വിജയമാകുമെന്നുമായിരുന്നു ഷുക്കൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വനിതാ മതിലിനെ അനുകൂലിച്ചുള്ള മറ്റു പോസ്റ്റുകളും തന്റെ ഫേസ്ബുക്കില്‍ ഷുക്കൂര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

വനിതാ മതിലിനെ വര്‍ഗീയ മതിലെന്ന് ലീഗ് നേതാക്കള്‍ പ്രഖ്യാപിക്കുന്നതിനിടെയായിരുന്നു വനിതാ മതിലിനെ അനുകൂലിച്ച് ഷുക്കൂര്‍ രംഗത്തെത്തിയത്.

കൂടാതെ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തിയ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനുമായി ഷുക്കൂര്‍ കൂടിക്കാഴ്ച നടത്തിയതും ലീഗിനെ ചൊടിപ്പിച്ചിരുന്നു.


പറഞ്ഞ പണം നല്‍കാം; പക്ഷേ…: പുതിയ നിബന്ധനയുമായി ആം ആദ്മിയെ വെല്ലുവിളിച്ച് തോറ്റ ബി.ജെ.പി നേതാവ് മനോജ് തിവാരി


എന്നാല്‍ ജില്ലാ കൗണ്‍സില്‍ അംഗമായ ഷുക്കൂറിനെ നേരത്തെ നീക്കം ചെയ്തിരുന്നവെന്നാണ് ലീഗ് ജില്ലാ പ്രസിഡന്റ് എം.സി.ഖമറുദ്ദീന്‍ പറയുന്നത്. കഴിഞ്ഞ 2 നു വാര്‍ഷിക കൗണ്‍സില്‍ യോഗത്തില്‍ ഷുക്കൂറിനെ പാര്‍ട്ടി ക്ഷണിച്ചിരുന്നില്ലെന്നും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കാറില്ലെന്നു അദ്ദേഹം പറഞ്ഞു.

ചെറുവത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, യൂത്ത് ലീഗ് ഹൊസ്ദുര്‍ഗ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലും ഷുക്കൂര്‍ പ്രവര്‍ത്തിച്ചിരുന്നു. ഷുക്കൂറിന്റെ ഭാര്യയും എം.ജി സര്‍വകലാശാലാ മുന്‍ പ്രൊ വൈസ് ചാന്‍സലറായ ഡോ. ഷീനാ ഷുക്കൂറും കഴിഞ്ഞ നവംബറില്‍ സി.പി.ഐ.എം വേദി പങ്കിട്ടത് ലീഗില്‍ ചര്‍ച്ചയായിരുന്നു. സി.പി.ഐ.എം പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സാംസ്‌കാരിക സമിതിയുടെ വനിതാ സമ്മേളനത്തിലാണ് ഷീന ഷുക്കൂര്‍ അതിഥിയായി പങ്കെടുത്തത്.

നേരത്തെ പി.ജയരാജനെ അനുകൂലിച്ചു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നു ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നു ഷുക്കൂറിനെ നീക്കിയിരുന്നു.

സി.ഷുക്കൂറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

മുസ്‌ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എന്നെ നീക്കിയെന്നറിയിച്ചു കൊണ്ടു ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ മെയില്‍ വന്നതായി ഒരു പത്ര പ്രവര്‍ത്തക സുഹൃത്ത് വിളിച്ചു പറഞ്ഞു. (എനിക്ക് ആ വിവരം കിട്ടിയിട്ടില്ല)

വാര്‍ത്തയുടെ നിജസ്ഥിതി എന്തായാലും , ഇനി ഞാന്‍ കക്ഷി രാഷ്ട്രീയത്തിലേക്കു ഇല്ല. സമീപ ഭാവിയില്‍ ഒരു രാഷ്ട്രീയ കക്ഷിയുടെയും അംഗത്വമെടുക്കുവാന്‍ ഉദ്ദേശിക്കുന്നുമില്ല.

എന്നാല്‍ , പൊതു രംഗത്ത് തുടരും. കക്ഷി രാഷ്ട്രീയത്തിനപ്പുറം ദലിത്, ന്യൂനപക്ഷ , സ്ത്രീ പക്ഷ , മനുഷ്യാവകാശ നിലപാടുകള്‍ ഉറക്കെ പറയും . അതിനു വേണ്ടി നിലകൊള്ളും.

കേരളീയ സാഹചര്യത്തില്‍ , നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തി പിടിച്ചു , ജെന്‍ഡര്‍ ഇക്വാലിറ്റിക്കു വേണ്ടി , സെക്യുലര്‍ സ്‌പേസിനു വേണ്ടി തുടര്‍ന്നും നിലകൊള്ളും. എന്റെ മാപ്പിള സ്വത്വം ഉച്ചത്തില്‍ വിളിച്ചു പറയും…

കാസര്‍ഗോഡ് ജില്ലയില്‍ , മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ , പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ അവരുടെ സംസ്‌കാരവും കലയും സ്‌നേഹവും പങ്കുവെച്ചു, കൂടുതല്‍ ഇതര സമൂഹള്‍ക്കിടയില്‍ അടുപ്പവും ചേര്‍ച്ചയും ഉണ്ടാക്കുവാനുള്ള ശ്രമം തുടരും.

ഇങ്ങിനെ സാംസ്‌കാരിക പ്രവര്‍ത്തനം ഏകോപിപ്പിക്കുവാന്‍ ഒരു സാംസ്‌കാരിക കൂട്ടായ്മ ആഗ്രഹിക്കുന്നു.അതിനായി ചെറിയ ശ്രമം തുടങ്ങും. നമുക്കു ജീവ വായു പോലെ പ്രധാനമാണ് സ്‌നേഹവും സൗഹൃദവും മനുഷ്യ പറ്റും. മനുഷ്യര്‍ക്കിടയില്‍ നന്മയുടെ അനേകം വിത്തുകള്‍ പാകുവാന്‍ ഇനിയും ശ്രമിക്കും.

ഒരിക്കല്‍ കൂടി , ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമാകുവാന്‍ ഉദ്ദേശിക്കുന്നില്ല.. എന്റെ സ്വാതന്ത്ര്യം എനിക്കു അനുവദിച്ചു തരിക.

We use cookies to give you the best possible experience. Learn more