തിരുവനന്തപുരം: യൂട്യൂബില്‍ അപകീര്‍ത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ പിന്തുണച്ച് സമരം. വിജയ് പി നായര്‍ക്കെതിരെ പ്രതിഷേധിച്ച ഭാഗ്യലക്ഷ്മിയുള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് ആവശ്യപ്പെട്ടാണ് മുഖംമൂടി സംഘം പ്രതിഷേധിച്ചത്.
ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന ബാനര്‍ പിടിച്ചായിരുന്നു സെക്രട്ടറിയേറ്റിലേക്ക് ഇക്കൂട്ടര്‍ മാര്‍ച്ച് നടത്തിയത്.
മെന്‍സ് അസോസിയേഷന്റെ ബാനറും പിടിച്ച് മുന്നില്‍ നില്‍ക്കുന്നവരും സമരത്തില്‍ പങ്കെടുത്തവരുമെല്ലാം കറുത്ത തുണി കൊണ്ട് മുഖം മറച്ചിരുന്നു.
‘ആളുകള്‍ക്ക് മുന്‍പില്‍ മുഖം കാണിക്കാന്‍ പറ്റാത്ത കാര്യമാണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് തന്നെ അറിയാമല്ലേ’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നത്.
‘ആഹാ കുല പുരുഷന്‍മാര്‍ക്ക് ആശ്രയിക്കാന്‍ സംഘടന ഇല്ല എന്നൊന്നും ഇനി പറഞ്ഞേക്കരുത്, ആള്‍ കേരള തലയില്‍ മുണ്ടിട്ട ഊളാസ് ഓസോസിയേഷന്‍’, എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍.
അപമാനമുണ്ടാക്കുന്ന പ്രവൃത്തിയായതുകൊണ്ടാണോ മുഖംമറച്ചതെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്. സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് വിജയ്. പി നായര്‍ക്കെതിരെ ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധിച്ചത്.
വിജയ് പി നായരുടെ ഓഫീസിലെത്തിയ ഇവര്‍ ഇയാളുടെ ദേഹത്ത് മഷി ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍
ഇവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.