മാനന്തവാടി: ബിഷപ് ഫ്രാങ്കോയ്ക്ക് എതിരെ നടപടിയാവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്‍കിയതില്‍ സിസ്റ്റര്‍ ലൂസിക്കെതിരെയെടുത്ത നടപടി പിന്‍വലിച്ചു.
സഭാവിശ്വാസികളുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി പിന്‍വലിച്ചത്. പ്രതിഷേധവുമായി എത്തിയ വിശ്വാസികള്‍ പാരിഷ് ഹാളിലേക്ക് തള്ളിക്കയറി തങ്ങളുടെ പ്രതിഷേധം അറിയിച്ചു. തങ്ങള്‍ സിസ്റ്റര്‍ ലൂസിക്ക് ഒപ്പമാണെന്നും എന്ത് കാരണത്തിനാണ് സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയെടുത്തതെന്ന് അറിയണമെന്നും വിശ്വാസികള്‍ പറഞ്ഞു.
ഇന്ന് വൈകീട്ടോടെയാണ് വിശ്വസികളുടെ പ്രതിഷേധം ഉണ്ടായത്. വൈകീട്ട് പള്ളിയില്‍ എത്തിയ വിശ്വാസികള്‍ ഇടവക വികാരി സ്റ്റീഫന്‍ കോട്ടയ്ക്കിലിന്റെ മുറിയില്‍ തള്ളിക്കയറി പ്രതിഷേധം അറിയിച്ചിരുന്നു.
തുടര്‍ന്ന് നടന്ന പാരീഷ് യോഗത്തില്‍ തീരുമാനം അനന്തമായി നീണ്ടതോടെ വിശ്വാസികള്‍ യോഗത്തില്‍ തള്ളിക്കയറുകയും ഉടന്‍ തീരുമാനം എടുക്കാനും പറഞ്ഞു. തുടര്‍ന്നാണ് സിസ്റ്റര്‍ക്കെതിരായ നടപടി പിന്‍വലിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ വിലക്കിക്കൊണ്ട് കത്ത് നല്‍കിയത്. ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടു നില്‍ക്കാനായിരുന്നു സഭാ നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് തിരിച്ചെത്തിയപ്പോഴാണ് ഇടവക വികാരിയുടെ സന്ദേശം ലഭിച്ചത്. “ഇവിടുത്തെ ഇടവക പ്രവര്‍ത്തനങ്ങളും വേദപാഠ ക്ലാസ്സുകളും ഞാനാണ് എടുത്തിരുന്നത്. എന്നാല്‍ ഇന്ന് രാവിലെയാണ് ഈ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ സന്ദേശം ലഭിച്ചത്.” എന്നായിരുന്നു ലൂസി പറഞ്ഞത്.
സിസ്റ്റര്‍ക്കെതിരെ നടപടിയെടുത്തത് ഇടവക വികാരിയാണെന്നായിരുന്നു മാനന്തവാടി രൂപതയുടെ വിശദീകരണം. രൂപതയ്ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നായിരുന്നു അവരുടെ അവകാശവാദം.