'റീസ്റ്റാര്‍ട്ട് കരോ, അപ്നാ ലൈഫ് റീസ്റ്റാര്‍ട്ട് കരോ' 12th ഫെയിലിലെ ഗൗരി ഭയ്യ
Entertainment
'റീസ്റ്റാര്‍ട്ട് കരോ, അപ്നാ ലൈഫ് റീസ്റ്റാര്‍ട്ട് കരോ' 12th ഫെയിലിലെ ഗൗരി ഭയ്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th January 2024, 1:27 pm

വിധു വിനോദ് ചോപ്രയുടെ സംവിധാനത്തില്‍ 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 12th ഫെയില്‍. പോയ വര്‍ഷത്തെ ഏറ്റവും മികച്ച ബോളിവുഡ് സിനിമ എന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറഞ്ഞ ചിത്രം കൂടിയാണ് 12th ഫെയില്‍. ചമ്പല്‍ എന്ന ഉള്‍ഗ്രാമത്തില്‍ നിന്ന് യു.പി.എസ്.സി പരീക്ഷ പാസാവുക എന്ന ലക്ഷ്യവുമായി ദല്‍ഹിയിലേക്ക് എത്തുന്ന മനോജ് കുമാര്‍ കഠിനമായ പരിശ്രമങ്ങളിലൂടെ സിവില്‍ സര്‍വീസ് പാസാവുന്നതാണ് ചിത്രത്തിന്റെ കഥ. വിക്രാന്ത് മാസെയാണ് മനോജ് കുമാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിക്രാന്ത് മാസെയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ചിത്രത്തില്‍ അന്‍ഷുമാന്‍ പുഷ്‌കര്‍ അവതരിപ്പിച്ച ഗൗരി ഭയ്യ എന്ന കഥാപാത്രവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ്. ദല്‍ഹിയിലെത്തുന്ന നായകന്റെ കൂടെ ആദ്യം മുതല്‍ അവസാനം വരെ സപ്പോര്‍ട്ട് ചെയ്തു നില്‍ക്കുന്ന കഥാപാത്രമാണ് ഗൗരി ഭയ്യ. അഞ്ചു തവണ സിവില്‍ സര്‍വീസ് പരീക്ഷ എഴുതി ആറാമത്തെയും അവസാനത്തെയും ശ്രമത്തില്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്ത് റിസല്‍ട്ടിന് വേണ്ടി കാത്തിരിക്കുന്ന കഥാപാത്രമായിട്ടാണ് ഗൗരി ഭയ്യയെ ആദ്യം സിനിമയില്‍ കാണിക്കുന്നത്. മനോജിനെപ്പോലെ ഉള്‍ഗ്രാമത്തില്‍ നിന്ന് തന്നെയാണ് ഗൗരിയും വരുന്നത്. തന്നെപ്പോലെയുള്ള കുട്ടികള്‍ക്ക് വേണ്ടി സിവില്‍ സര്‍വീസ് പരീക്ഷയെപ്പറ്റിയുള്ള സംശയങ്ങള്‍ തീര്‍ത്തു കൊടുക്കുകയും ഫ്രീ ട്യൂഷന്‍ എടുത്തു കൊടുക്കുകയും ചെയ്യുന്നയാളാണ് ഗൗരി ഭയ്യ. ആദ്യം മുതല്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകളും, ചെയ്ത പരിശ്രമങ്ങളും എല്ലാം ജോലിയോടുള്ള പാഷനുമെല്ലാം മനോജിന്റെ സംശയങ്ങള്‍ തീര്‍ത്തു കൊടുക്കുന്ന രണ്ടുമൂന്നു മറുപടിയില്‍ നിഴലിക്കുന്നത് കാണാനാകും.

അവസാനത്തെ ശ്രമത്തിലും തോറ്റെങ്കിലും അതില്‍ ഒട്ടും നിരാശനാകാതെ ഉപജീവനത്തിനായി ചായക്കട നടത്തുകയും റീസ്റ്റാര്‍ട്ട് എന്ന പേരില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യമായി സിവില്‍ സര്‍വീസ് ട്യൂഷന്‍ എടുത്തു കൊടുക്കുന്ന ട്യൂഷന്‍ സെന്റര്‍ തുടങ്ങുകയും ചെയ്യുന്നുണ്ട്.

നായകനായ മനോജ് സിനിമയുടെ ഒരു ഘട്ടത്തില്‍ മുന്നോട്ടു പോകാനാവാതെ തളര്‍ന്നിരിക്കുമ്പോള്‍ ഗൗരി ഭയ്യ പറയുന്ന വാക്കുകളും ഹൃദയത്തില്‍ തൊടുന്നതാണ്. തന്റെ റൂമിലേക്ക് താമസം മാറിക്കോളൂ എന്ന ഗൗരിയുടെ വാഗ്ദാനം മനോജ് നിരസിക്കുന്നുണ്ട്. ആരെയും ആശ്രയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുന്ന മനോജിനോട് ഗൗരി ഭയ്യയുടെ മറുപടി ഇങ്ങനെയാണ് ‘നീ എന്താ കരുതുന്നത്? ഇത് നിന്റെ മാത്രം വിജയമാണെന്നോ? അല്ല, നീ ജയിച്ചാല്‍ നമ്മളെപ്പോലെ കഷ്ടപ്പെടുന്ന ബാക്കി ഓരോരുത്തരുടെയും വിജയമാണ് അത്. അതുകൊണ്ട് നീ ജയിക്കേണ്ടത് എന്റെകൂടി ആവശ്യമാണ്’ മനോജിന് വേണ്ടി താന്‍ താമസിക്കുന്ന മുറി ഒഴിഞ്ഞു കൊടുക്കുകയും തന്റെ സഹായിയോട് ഇനിമുതല്‍ മനോജിന് സമയത്തിന് ആഹാരമെത്തിക്കണമെന്നും പറയുന്ന ഗൗരി, മാസാവസാനം മനോജിന്റെ വീട്ടിലേക്ക് പണവും അയക്കുന്നുണ്ട്.

ഒടുവില്‍, സിവില്‍ സര്‍വീസ് പരീക്ഷയുടെ റിസല്‍ട്ട് വരുന്ന ദിവസം മനോജ് ജയിച്ചതറിഞ്ഞ് താന്‍ അഭിമാനത്തോടെ സൂക്ഷിച്ച് വെച്ച പൊലീസ് യൂണിഫോമും മനോജിന് സമ്മാനമായി നല്‍കുന്നുണ്ട്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, മറ്റുള്ളവരുടെ വിജയം തന്റേതുകൂടിയാണെന്ന് കരുതുന്ന ഗൗരി ഭയ്യയുടെ കഥ കൂടിയാണ് 12th ഫെയില്‍. തോല്‍വികളില്‍ നിരാശരായി മടങ്ങാതെ വീണ്ടും ആദ്യം മുതല്‍ തുടങ്ങാനുള്ള പ്രചോദനം സിനിമ തരുന്നുണ്ട്.
വെബ് സിരീസുകളിലൂടെ അഭിനയജീവിതം ആരംഭിച്ച അന്‍ഷുമാന്റെ ആദ്യ സിനിമയാണ് 12th ഫെയില്‍.

Content Highlight: Support of Gauri Bhayya in 12th Fail