| Wednesday, 13th November 2019, 3:36 pm

'ജെ.എന്‍.യു സമരത്തിന് പിന്തുണ'; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ കേന്ദ്രമന്ത്രിയെ തടഞ്ഞ് കരിങ്കൊടി കാണിച്ച് വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എത്തിയ കേന്ദ്രമന്ത്രി സഞ്ജയ് ശാംറാവു ധോത്രയെ തടഞ്ഞ് വിദ്യാര്‍ത്ഥികള്‍. ജെ.എന്‍.യു സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കേന്ദ്രമന്ത്രിക്കെതിരെ വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാണിച്ചു.

എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് കേന്ദ്രമന്ത്രിക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചുമായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ എഡ്യുക്കേഷന്‍ ഡിപാര്‍മെന്റ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയായിരുന്നു മാനവ വിഭവശേഷി വകുപ്പ്മന്ത്രിയായ സഞ്ജയ് ശാംറാവു ധോത്ര. ഒരുമണിയോടെയാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.

മന്ത്രി ഹാളില്‍ പ്രവേശിച്ച ഉടന്‍ തന്നെ എസ്.എഫ്.ഐ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാണിക്കുകയും പ്ലക്കാര്‍ഡുകള്‍ പിടിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. കേന്ദ്രമന്ത്രി വേദിയിലേക്ക് കയറുന്നത് തടഞ്ഞുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

ഇതോടെ പൊലീസ് എത്തി വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഉന്തും തള്ളും നടക്കുകയും ചെയ്തു. ഇതോടെ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

മന്ത്രിക്കെതിരെ പരിപാടി നടക്കുന്ന ഹാളിന് പുറത്ത് 300 ളം വിദ്യാര്‍ത്ഥികള്‍ പുറത്ത് വായ് മൂടിക്കെട്ടിയും പ്രതിഷേധിച്ചു. ജെ.എന്‍.യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു വായ്മൂടിക്കെട്ടിയുള്ള പ്രതിഷേധം.

യൂണിവേഴ്സിറ്റിയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരെ ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം കനക്കുകയാണ്. മുദ്രാവാക്യങ്ങളുമായി വന്ന വിദ്യാര്‍ത്ഥികളെ പൊലീസും കേന്ദ്ര സേനയും ഒരുമിച്ചായിരുന്നു നേരിട്ടത്.

കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡുവിനെയും എച്ച് ആര്‍ഡി മന്ത്രി രമേഷ് പൊക്രിയാലിനെയും വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളോളം തടഞ്ഞു വെച്ചിരുന്നു.

യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാനചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന ഉപരാഷ്ട്രപതി വേദി വിടുന്നതിനു മുമ്പെ തന്നെ പ്രതിഷേധക്കാര്‍ രംഗത്തു വരികയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തങ്ങളുടെ ആവശ്യം നേടാതെ പ്രതിഷേധത്തില്‍ നിന്നുമാറില്ലെന്ന് നിലപാടിലാണ് വിദ്യാര്‍ഥികള്‍. ഫീസ് വര്‍ദ്ധന, ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം, വസ്ത്രത്തിന് പ്രത്യേക കോഡ്, തുടങ്ങിയ നയങ്ങള്‍ യൂണിവേഴ്സിറ്റിയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതിനെതിരെയാണ് പ്രതിഷേധം.

യൂണിവേഴ്സിറ്റി പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കും വരെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ മുറിയുടെ വാടക 20 രൂപയില്‍ നിന്നും 600 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്.

സര്‍വകലാശാലയുടെ വിദ്യാര്‍ഥി യൂണിയന്‍ അവകാശപ്പെടുന്നത് ഹോസ്റ്റല്‍ ഫീ മുമ്പത്തേക്കാള്‍ 999 ശതമാനം വര്‍ദ്ധിപ്പിച്ചെന്നാണ്. സര്‍വകലാശാലയില്‍ 40 ശതമാനത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളില്‍ ദാരിദ്രരേഖക്കു താഴെയാണെന്നും അവര്‍ക്ക് ഫീസ് വര്‍ധനവ് താങ്ങാന്‍ കഴിയില്ലെന്നും വിദ്യാര്‍ഥി യൂണിയന്‍ വ്യക്തമാക്കുന്നു.

ഒക്ടോബര്‍ നാലിന് സര്‍വകലാശാല പുറത്തിറക്കിയ ഹോസ്റ്റല്‍ മാനുവലില്‍ മെസ് സെക്യൂരിറ്റിയായി കൊടുക്കേണ്ട തുക 5500ല്‍ നിന്നും 12000 രൂപയാക്കി വര്‍ധിപ്പിച്ചു. ഹോസ്റ്റല്‍ ഫീസ് ഒറ്റക്കുള്ള റൂമിന് 20ല്‍ നിന്നും 600 ആയും രണ്ടില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന റൂമിന് 10 രൂപയില്‍ നിന്നും 300 രൂപയായി വര്‍ധിപ്പിച്ചു. കൂടാതെ ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ഥികള്‍ അടക്കുകയും ചെയ്യണം.

ഫീസ് വര്‍ധനവിന്റെ കരട് തയ്യാറാക്കുന്നതിന് മുമ്പ് അധികാരികള്‍ വിദ്യാര്‍ഥികളോട് കൂടിയാലോചിച്ചിട്ടില്ല എന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. വൈസ് ചാന്‍സലര്‍ എം.ജഗദീഷ് കുമാറിനെ രണ്ടാഴ്ചയായി വിദ്യാര്‍ഥികള്‍ കാണാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ അനുവദിച്ചില്ലെന്നും വിദ്യാര്‍ഥി യൂണിയന്‍ ആരോപിക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more