പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാവി വല്‍ക്കരണത്തിനെതിരെ കേരളത്തിലും പ്രതിഷേധം ശക്തം, കോഴിക്കോടും കൊച്ചിയിലും പ്രതിഷേധ കൂട്ടായ്മ
Daily News
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാവി വല്‍ക്കരണത്തിനെതിരെ കേരളത്തിലും പ്രതിഷേധം ശക്തം, കോഴിക്കോടും കൊച്ചിയിലും പ്രതിഷേധ കൂട്ടായ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th June 2015, 11:48 pm

ftii-01കോഴിക്കോട്: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന കാവിവല്‍ക്കരണത്തിനെതിരെ കേരളത്തിലും പ്രതിഷേധം ശക്തം. പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോടും കൊച്ചിയും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.

കോഴിക്കോടാണ് ആദ്യ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കോഴിക്കോട് ലൈബ്രറി പരിസരത്ത് നടക്കുന്ന ആദ്യ പരിപാടി പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മോനോന്‍ ഉദ്ഘാടനം ചെയ്യും എഴുത്തുകാരന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍ നേതൃത്വം നല്‍കുന്ന പരിപാടിയില്‍ അജയന്‍ അടാട്ട് പങ്കെടുക്കും.

ജൂണ്‍ 17 ന് വൈകുന്നേരം 4.30നാണ് പരിപാടി. ജൂണ്‍ 18 ന് എറണാകുളത്ത് നടക്കുന്ന പ്രതിഷേധ പരിപാടിക്ക് സംവിധായകന്‍ രാജീവ് രവി നേതൃത്വം നല്‍കും. ഫാസിസത്തിനെതിരായ ഈ പ്രക്ഷോഭത്തിന് തന്റെ എല്ലാവിധ സഹകരണങ്ങളും ഉണ്ടായിരിക്കുമെന്ന് രാജീവ് രവി അറിയിച്ചു.

ബി.ജെ.പിക്കാരനും മോദി ഭക്തനുമായ ഗജേന്ദ്ര ചൗഹനെ മഹാഭാരതം എന്ന സീരിയലില്‍ അഭിനയിച്ചതും ഏതാനും പോണ്‍ സിനിമകളില്‍ അഭിനയിച്ചതും മാനദണ്ഡമാക്കി എഫ്.ടി.ഐ.ഐ ചെയര്‍മാനാക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോപം നടത്തുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച സമരത്തിന് ഇന്ത്യയിലെ വിവിധ ഭാഗത്തുള്ളവര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.

ചൗഹാനെ ചെയര്‍മാക്കിയതില്‍ പ്രതിഷേധിച്ച് സന്തോഷ് ശിവന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗണ്‍സിലില്‍ നിന്ന് രാജിവെച്ചിരുന്നു. താന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. കോഴിക്കോടും കൊച്ചിയിലും നടക്കുന്ന പ്രതിഷേധത്തിന് അദ്ദേഹവും പിന്തുണ അറിയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും ഇതിനെതിരെ ശക്തമായ പ്രക്ഷോഭമാണ് ഉയര്‍ന്നിരിക്കുന്നത്. സപ്പോര്‍ട്ട് എഫ്.ടി.ടി.ഐ പ്രൊട്ടെസ്റ്റ് എന്ന ഹാഷ് ടാഗിലും പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റിയുമാണ് പ്രതിഷേധം.