കൊച്ചി: പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സംഘപരിവാറുകരാനായ ഗജേന്ദ്ര ചൗഹനെ നിയമിക്കുന്നതിനെതിരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോടിന് പിന്നാലെ കൊച്ചിയിലും പൊതുയോഗവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
ചലച്ചിത്ര നടനും സംവിധായകനുമായ ജോയ് മാത്യു, സംവിധായകനും എഫ്.ടി.ഐ.ഐയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ രാജീവ് രവി, ചിത്രകാരന്‍ റിയാസ് കോമു, സിനിമാ സാംസ്‌കാരിക പ്രവര്‍ത്തകരായ കെ.എം കമാല്‍, ബിനീഷ് നായര്‍, ടി.എന്‍ സന്തോഷ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
എഫ്.ടി.ഐ.ഐയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാര്‍ത്ഥി യൂണിയനുകള്‍ ഇല്ലെന്നും എന്നാല്‍ അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തമായ രാഷട്രീയ കാഴ്ചപ്പാടുണ്ടെന്നും എഫ്.ടി.ഐ.ഐയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ കെ.എം കമാല്‍ പറഞ്ഞു. അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടാണ് അവര്‍ സിനിമകളിലൂടെ പറയുന്നതെന്നും സംഘപരിവാറുകരാനായ ചൗഹാന്റെ കടന്നുവരവ് വിദ്യാര്‍ത്ഥികളുടെ സ്വതന്ത്രമായ ആശയ പ്രകാശനത്തിന് വിഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഫ്.ടി.ടി.ഐയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് രാജ്യത്തിന്റെ മുഴുവന്‍ പിന്തുണ ആവശ്യമാണെന്നും കമാല്‍ കൂട്ടിച്ചേര്‍ത്തു. മോദി സര്‍ക്കാറിന്റെ കാവിവല്‍ക്കരണത്തിനും കോര്‍പ്പറേറ്റ് നയങ്ങള്‍ക്കും എതിരെയാണ് ചടങ്ങില്‍ പങ്കെടുത്തവരെല്ലാം സംസാരിച്ചത്. സ്വതന്ത്ര ചിന്തയ്ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും എതിരെയുള്ള വെല്ലുവിളിയാണ് ചൗഹാന്റെ നിയമനമെന്നും യോഗത്തില്‍ പങ്കെടുത്തുകൊണ്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ഫോട്ടോസ്: ലാസര്‍ ഷൈന്‍