| Monday, 30th November 2020, 12:43 pm

രാജ്യത്ത് ഭരണകൂട ഭീകരത;അന്താരാഷ്ട്രതലത്തിലും നാണംകെട്ട് കേന്ദ്രസര്‍ക്കാര്‍; കര്‍ഷകര്‍ക്ക് പിന്തുണയുമായി വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍. ഇന്ത്യന്‍ വംശജരായ പ്രതിനിധികളാണ് സമരത്തെ പിന്തുണച്ചും കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുന്നത്.
പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ആക്രമണത്തെയും പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചു.

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും ഭരണഘടന നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ പൊലീസ് അനാവശ്യമായി അഴിച്ചുവിടുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ബ്രാംപ്ടണ്‍ വെസ്റ്റ് എം.പി കമാല്‍ ഖേര പ്രതികരിച്ചു.
നിരായുധരായ കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പൊലീസ് നടത്തുന്ന അക്രമണം ഭയജനകമാണെന്നും ഖേര പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കും അനീതിക്കുമെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് നേരെ ഇന്ത്യന്‍ ഭരണകൂടം സ്വീകരിച്ചിരിക്കുന്ന സമീപനം അപലപനീയമാണെന്നാണ് ഒന്റാറിയോ പ്രതിനിധിയായ ഗുരാതന്‍ സിംഗ് പ്രതികരിച്ചത്. രാജ്യത്തെ ഊട്ടുന്ന കര്‍ഷകര്‍ക്ക് നേരെ ഭരണകൂട ഭീകരത അഴിച്ചുവിടുന്നതിന് പകരം ബഹുമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

”സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനാധിപത്യ രാജ്യങ്ങളിലെ ജനങ്ങള്‍ക്കുണ്ട്, പ്രത്യേകിച്ച് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്. പഞ്ചാബിലെ കര്‍ഷകര്‍ക്ക് നേരെ സര്‍ക്കാര്‍ നടത്തുന്ന നാണംകെട്ട ആക്രമണം അംഗീകരിക്കാന്‍ കഴിയാത്തതാണ്”, സര്‍റെ ന്യൂട്ടന്‍ എം.പി സുഖ് ധാലിവാള്‍ പ്രതികരിച്ചു.

അതേസമം, കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനയങ്ങള്‍ക്കെതിരെ കര്‍ഷക സമരം രാജ്യതലസ്ഥാനത്ത് തുടരുകയാണ്. കര്‍ഷകുടെ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വസതിയില്‍ ദേശീയ നേതാക്കള്‍ ഞായറാഴ്ച രാത്രി യോഗം ചേര്‍ന്നിരുന്നു.

നേരത്തെ സമരവേദി മാറ്റണമെന്ന അമിത് ഷായുടെ തീരുമാനം കര്‍ഷകര്‍ തള്ളിയിരുന്നു. സമരം ബുറാഡിയിലേക്ക് മാറ്റാന്‍ കര്‍ഷകര്‍ തയ്യാറായാല്‍ സര്‍ക്കാര്‍ അവരുമായി ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഉപാധികളോടെയുള്ള ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറല്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. തൊട്ടുപിന്നാലെയാണ് തിരക്കിട്ട ചര്‍ച്ചകള്‍ നടന്നത്.

ഇപ്പോള്‍ സമരം നടക്കുന്ന ദല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിംഗുവില്‍ തന്നെ സമരം തുടരുമെന്ന് കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകരുടെ സമരം നാല് ദിവസം പിന്നിടുമ്പോള്‍ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്ക് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകരും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അണിനിരന്നിട്ടുണ്ട്. ദിനംപ്രതി സമരവേദിയിലെ ആളുകളുടെ എണ്ണം കൂടിവരികയാണ്.

സമരത്തില്‍ നിന്നും ഒരിഞ്ച് പിന്നാട്ട് പോകേണ്ടതില്ലെന്ന നിലപാടിലാണ് സമരം ചെയ്യുന്ന കര്‍ഷകര്‍. രാജ്യവ്യാപകമായി കര്‍ഷക പ്രതിഷേധം തുടരവെ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ കാര്‍ഷിക ബില്ല് കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങളുടെ വാതില്‍ തുറന്നു നല്‍കുന്നതാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കീ ബാത്തിലൂടെ പറഞ്ഞത്.

മോദിയുടെ പ്രതികരണത്തിന് പിന്നാലെ കര്‍ഷകര്‍ കൂടുതല്‍ ആവേശത്തോടെ കാര്‍ഷിക നിയമത്തിനെതിരായ മുദ്രാവാക്യം വിളിച്ച് സമരപരിപാടികള്‍ ശക്തമാക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Support from foreign countries, Farmers March in new turn

We use cookies to give you the best possible experience. Learn more