| Monday, 22nd May 2023, 10:20 pm

ഇക്കളി തീക്കളിയെന്ന് വിമര്‍ശനം; സൂപ്പര്‍താരത്തിന് പിന്തുണയുമായി ഫുട്‌ബോള്‍ ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

കളിക്കളത്തില്‍ വംശീയാധിക്ഷേപം നേരിട്ട റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തി. പി.എസ്.ജിയുടെ സൂപ്പര്‍താരങ്ങളായ നെയ്മര്‍ ജൂനിയറും കിലിയന്‍ എംബാപ്പെയുമാണ് ആദ്യം പിന്തുണയറിയിച്ച് രംഗത്ത് വന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബ്രസീലിയന്‍ ടീമിലെ സഹതാരം കൂടിയായ നെയ്മര്‍ പിന്തുണയറിയിച്ചത്. ‘ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ് വിനീ,’ എന്നാണ് നെയ്മര്‍ കുറിച്ചത്. പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കറായ കിലിയന്‍ എംബാപ്പെയും റേസിസത്തിനെതിരെ പ്രതികരിച്ച് കൊണ്ട് സഹതാരത്തിന് പിന്തുണയറിയിച്ചു. ‘വിനീ.. നിങ്ങള്‍ ഒറ്റയ്ക്കല്ല. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ്. ഞങ്ങളുടെ പിന്തുണ നിങ്ങള്‍ക്കൊപ്പമാണ്,’ എംബാപ്പെയും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പി.എസ്.ജിയുടെ മൊറോക്കന്‍ ഡിഫന്‍ഡര്‍ അഷ്‌റഫ് ഹക്കീമിയും ബ്രസീലിയന്‍ യുവതാരത്തിന് പിന്തുണയുമായെത്തി. ‘ഞങ്ങള്‍ നിന്നോടൊപ്പമുണ്ട് സഹോദരാ’ എന്നാണ് ഹക്കീമി സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചിട്ടുള്ളത്. വിനീഷ്യസ് ജൂനിയര്‍ തുടര്‍ച്ചയായി വംശീയാധിക്ഷേപം നേരിടുമ്പോഴും അനുകൂലമായി നടപടിയെടുക്കാത്ത ലാലിഗയുടെ നടപടി വ്യാപകമായി വിമര്‍ശിക്കപ്പെടുകയാണ്.

ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡാസില്‍വ സംഭവത്തെ നിശിതമായി വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തി. ‘വിനീഷ്യസ് ആക്രമിക്കപ്പെട്ടു. കുരങ്ങനെന്ന് വിളിച്ചാണ് ആക്ഷേപിച്ചത്’ എന്നായിരുന്നു ലുലയുടെ പ്രതികരണം. വിനീഷ്യസിന് മുഴുവന്‍ പിന്തുണയുമെന്നായിരുന്നു ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റിനോയുടെ ആദ്യ പ്രതികരണം. ഫുട്‌ബോളില്‍ വംശീയവെറിക്ക് സ്ഥാനമില്ലെന്നും റേസിസത്തിന് ഇരകളാകുന്ന താരങ്ങള്‍ക്കൊപ്പമാണ് ഫിഫയെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പിറക്കി.

ലാലിഗയില്‍ റയല്‍ മാഡ്രിഡ് – വലന്‍സിയ മത്സരത്തിനിടെയാണ് ഇരുപത്തിരണ്ടുകാരനായ താരത്തിനെതിരെ വംശീയാധിക്ഷേപമുണ്ടായത്. വിനീഷ്യസ് മരിക്കട്ടെ എന്നും കുരങ്ങന്‍ എന്നുമെല്ലാം വലന്‍സിയ ആരാധകര്‍ ചാന്റ് ചെയ്തതാണ് താരത്തെ പ്രകോപിപ്പിച്ചത്. ഇതിനെതിരെ വിനി ശക്തമായ ഭാഷയില്‍ തന്നെ കളിക്കളത്തില്‍ വെച്ച് പ്രതികരിച്ചിരുന്നു.

‘ഇതാദ്യമായല്ല ഇത്തരത്തിലൊരു സംഭവമുണ്ടാകുന്നത്. രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയുമല്ല. ലാലിഗയില്‍ വംശീയാധിക്ഷേപം സാധാരണമാവുകയാണ്. ഇത് സാധാരണമാണെന്നാണ് ഇവിടെ കരുതുന്നത്. ഫെഡറേഷനും എതിരാളികളും അതിനെ പ്രോത്സാഹിപ്പിക്കുകയാണ്.

റൊണാള്‍ഡീഞ്ഞോ, റൊണാള്‍ഡോ, ക്രിസ്റ്റ്യാനോ, മെസി എന്നിവരുടെ ലീഗ് ഇപ്പോള്‍ പൂര്‍ണമായും വംശീയമാണ്. ഞാന്‍ സ്നേഹിക്കുന്ന, എന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഒരു രാജ്യമിപ്പോള്‍ ലോകത്തിന് മുമ്പില്‍ വംശീയവിദ്വേഷം പ്രചരിപ്പിക്കുന്നതിന്റെ മുഖമാണ്,’ വിനീഷ്യസ് പറഞ്ഞു.

content highlights: Support for Vinicius after he suffers racial abuse in La Liga
We use cookies to give you the best possible experience. Learn more