സമരത്തിന് പിന്തുണ; ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളേജില്‍ 50 സീനിയര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു
national news
സമരത്തിന് പിന്തുണ; ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളേജില്‍ 50 സീനിയര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th October 2024, 6:29 pm

കൊല്‍ക്കത്ത: ജൂനിയര്‍ വനിത ഡോക്ടര്‍ ബലാംത്സഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് നടന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കൊല്‍ക്കത്തയിലെ ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളേജിലെ 50 സീനയര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു.

ചൊവ്വാഴ്ച രാവിലെ 15ഓളം ഡോക്ടര്‍മാര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരാഹാര സമരം നടത്തിയിരുന്നു. പിന്നാലെയാണ് 50 ഡോക്ടര്‍മാര്‍ ഒരുമിച്ച് രാജിവെച്ചത്. പശ്ചിമ ബംഗാളിലെ മറ്റു മെഡിക്കല്‍ കോളേജുകളിലെ മുതിര്‍ന്ന ഡോക്ടര്‍മാരും സമരത്തിന് പിന്തുണയുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാജിവെച്ച ഡോക്ടര്‍മാര്‍ പറയുന്നു.

‘ പ്രോക്ഷഭത്തിലിരിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ ന്യായമായതും പ്രസക്തവുമാണ്. സര്‍ക്കാര്‍ ഇനിയും ഈ സമരം നീട്ടിക്കൊണ്ടുപോയാല്‍ സംസ്ഥാനത്തെ മറ്റു ആശുപത്രികളിലെ ഡോക്ടര്‍മാരോടും സമരത്തിന് ആഹ്വാനം ചെയ്യും’ സീനിയര്‍ ഡോക്ടര്‍മാരുടെ സംഘടന പ്രതിനിധി ഡോ. മനസ് ഗുംത പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന വകുപ്പ് മേധാവികളുടെ യോഗത്തിലാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കൂട്ടരാജിയുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

‘ ഇന്നത്തെ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്. ഞങ്ങള്‍ 50 ഡോക്ടര്‍മാര്‍ രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരേ ലക്ഷ്യത്തിനായി പോരാടുന്ന യുവ ഡോക്ടര്‍മാരോടുള്ള ഞങ്ങളുടെ പിന്തുണയാണിത്,’ഒരു മുതിര്‍ന്ന ഡോക്ടറെ ഉദ്ധരിച്ച് കൊണ്ട് ദേശീയ മാധ്യമങ്ങള്‍ ചെയ്യുന്നു.

പശ്ചിമ ബംഗാളിലെ എന്‍.ആര്‍.എസ്. മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന ഡോക്ടര്‍മാരും കൂട്ടരാജിയെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേ സമയം ശനിയാഴ്ച മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇതുവരെയും സമരത്തോട് പ്രതികരിച്ചിട്ടില്ല.

നിരാഹമിരിക്കുന്നവരുടെ ആരോഗ്യത്തെ സംബന്ധിച്ച് ആശങ്കയുണ്ടെന്നും രോഗീ സൗഹൃദ അന്തരീക്ഷത്തിനും ജനാധിപത്യ ക്യാമ്പസിനും വേണ്ടിയാണ് തങ്ങള്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്നതെന്നും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ പറയുന്നു.

CONTENT HIGHLIGHTS:  Support for the strike: 50 senior doctors resigned from RG Kar Medical College