ലണ്ടന്‍: മേയ് മാസത്തില്‍ ഇസ്രാഈല്‍, ഗാസയില്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ യൂറോപ്പില്‍ ഇസ്രാഈല്‍ അനുകൂലികളുടെ എണ്ണത്തില്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. യൂഗവ് നടത്തിയ സര്‍വേയിലാണു യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്രാഈലിനായുള്ള പിന്തുണ കുറഞ്ഞതായി കണ്ടെത്തിയത്.
27 പോയിന്റിന്റെ കുറവാണ് ഇസ്രാഈല്‍ പിന്തുണയില്‍ ബ്രിട്ടനിലുണ്ടായിരിക്കുന്നത്. ഫെബ്രുവരിയില്‍ മൈനസ് 14 പോയന്റ് ആയിരുന്നു ബ്രിട്ടനില്‍ നിന്നുള്ള ഇസ്രാഈലി പിന്തുണ. എന്നാല്‍ ഇതു മേയ് മാസം കഴിഞ്ഞതോടെ മൈനസ് 41 ആയി.
ഫ്രാന്‍സില്‍ 23 പോയന്റാണു കുറഞ്ഞിരിക്കുന്നത്. ജര്‍മ്മനിയില്‍ മൈനസ് 10 ല്‍ നിന്നും മൈനസ് 24 ലേക്ക് എത്തി. സമാനമായി ഡെന്മാര്‍ക്ക്, സ്വീഡന്‍ രാജ്യങ്ങളിലും ഇസ്രാഈലിനുള്ള പിന്തുണ കുറയുന്നതായി സര്‍വേയില്‍ കണ്ടെത്തി.
എല്ലാ രാജ്യങ്ങളിലും 1000 മുതല്‍ 2000 വരെയുള്ള ആളുകളില്‍ നിന്നാണു പഠനം നടത്തിയത്.
കഴിഞ്ഞ ദിവസം യാഹൂ-യൂ ഗവ് നടത്തിയ സര്‍വേയില്‍ ഇസ്രാഈല്‍ വംശീയരാഷ്ട്രീയമാണോ എന്ന ചോദ്യത്തിന് 29 ശതമാനം പേര്‍ വിയോജിച്ചിരുന്നു. 20 ശതമാനം പേര്‍ യോജിച്ചപ്പോള്‍ 51 ശതമാനം ഉറപ്പില്ല എന്ന അഭിപ്രായമാണ് പങ്കുവെച്ചത്.
അതേസമയം അമേരിക്കയില്‍ ഇസ്രാഈലിനുള്ള പിന്തുണ വര്‍ധിക്കുകയാണ്. ഹാര്‍വാര്‍ഡ്-ഹാരിസ് പോള്‍ സര്‍വേ പ്രകാരം മൂന്നില്‍ രണ്ട് അമേരിക്കക്കാരും ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിക്കുന്നു.
എന്നാല്‍ അമേരിക്കയിലെ 50 വയസിനു താഴെയുള്ളവരില്‍ കൂടുതല്‍ പേരും ഇസ്രാഈലാണ് ആക്രമണത്തിനുത്തരവാദി എന്നാണു വിശ്വസിക്കുന്നത്.
ഗാസ ആക്രമണത്തില്‍ ഇരുനൂറിലേറെ പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 1900 പേര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. ഹമാസ് നടത്തിയ പ്രത്യാക്രമണങ്ങളില്‍ രണ്ടു കുട്ടികളും ഒരു മലയാളിയും ഉള്‍പ്പെടെ 12 പേര്‍ ഇസ്രാഈലിലും കൊല്ലപ്പെട്ടിരുന്നു. ഇരുന്നൂറിലധികം പേര്‍ക്കു പരിക്കുകളുമുണ്ട്.