| Sunday, 11th October 2015, 10:28 am

ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ന്യൂനപക്ഷം ഇടതിനൊപ്പം: ഇ.കെ വിഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സംഘപരിവാര്‍ ഫാസിസത്തിനും അസഹിഷ്ണുതക്കുമെതിരായ പോരാട്ടത്തില്‍ ന്യൂനപക്ഷം ഇടതിനൊപ്പം നിലകൊള്ളുമെന്ന് ഇ.കെ വിഭാഗം.

ഫാസിസത്തിനെതിരായി കമ്യൂണിസ്റ്റുകള്‍ സ്വീകരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണെന്നും അവര്‍ക്ക് എല്ലാവിധ പിന്തുണയും സഹായവും തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായും സമസ്ത നേതാവും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയുമായ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.

ഫാസിസത്തിനെതിരെ ഇടതുപക്ഷം നടത്തുന്ന പോരാട്ടത്തെ ന്യൂനപക്ഷങ്ങള്‍ കൂടി പിന്തുണക്കണം. സി.പി.ഐ.എമ്മിന്റെ മതേതര നിലപാടുകള്‍ പ്രോല്‍സാഹിപ്പിക്കേണ്ടതാണ്. ഫാസിസത്തിനെതിരായ അവരുടെ കാഴ്ചപ്പാടിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫാസിസത്തിനെതിരായ ചെറുത്ത് നില്‍പ്പ് ആര് നടത്തുന്നുവോ അവര്‍ക്കൊപ്പം ഞങ്ങള്‍ നില്‍ക്കും.

സംഘപരിവാര്‍ ഫാസിസത്തിനും അസഹിഷ്ണുതക്കുമെതിരെ ആര് നില്‍ക്കുന്നുവെന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ പരിഗണിക്കേണ്ടതെന്ന് ഹമീദ് ഫൈസി പറഞ്ഞു.

ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. എന്നാല്‍ സംഘപരിവാര്‍ ഫാസിസത്തിനെതിരെ കോണ്‍ഗ്രസ് ഒരിക്കലും ശക്തമായ നിലപാടെടുത്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഘപരിവാര്‍ ഫാസിസത്തിനെതിരെ ശക്തമായ നിലപാട് കൈക്കൊള്ളേണ്ട പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ എന്തുകൊണ്ടോ അവര്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ നിലപാട് കൈക്കൊണ്ടില്ല.

സംഘപരിവാര്‍ ഫാസിസത്തിനെതിരെ മുഖം നോക്കാതെ കോണ്‍ഗ്രസ് നടപടിയെടുക്കേണ്ടിയിരുന്നു. എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് അത് ഉണ്ടാകാതിരുന്നത് നിരാശാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭക്ഷണ ഫാഷിസത്തിനെതിരെ എസ്.എഫ്.ഐ നടത്തിയ ബീഫ് സമരം ശരിയാണെങ്കിലും സംഘര്‍ഷമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ഹമീദ് ഫൈസി പറഞ്ഞു.

സമസ്ത ചോദ്യങ്ങളുന്നയിക്കുന്നു അഥവാ ലീഗ് രാഷ്ട്രീയത്തില്‍ തിരയിളക്കം

Latest Stories

We use cookies to give you the best possible experience. Learn more