സപ്ലൈക്കോ ജീരക വിവാദം അന്വേഷിക്കാന്‍ മന്ത്രിയുടെ ഉത്തരവ്
Kerala
സപ്ലൈക്കോ ജീരക വിവാദം അന്വേഷിക്കാന്‍ മന്ത്രിയുടെ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th March 2012, 6:05 pm

തിരുവനന്തപുരം: ഗുണനിലവാരമില്ലാത്തതിന്റെ പേരില്‍ തിരിച്ചയച്ച ജീരകം വിതരണം ചെയ്യാന്‍ സപ്ലൈക്കോ തീരുമാനിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഭക്ഷ്യവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ ഉത്തരവിട്ടു. അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. ഭക്ഷ്യവകുപ്പ് സെക്രട്ടറി പ്രദീപ്കുമാറിനാണ് അന്വേഷണ ചുമതല.

ഗുണനിലവാരമില്ലാത്തതിന്റെ പേരില്‍ ഡിപ്പോ മാനേജര്‍മാരും അപ്പല്ലറ്റ് കമ്മിറ്റിയും തിരിച്ചയച്ച ജീരകം സംസ്ഥാനത്തു വിതരണം ചെയ്യാന്‍ സപ്ലൈകോ ഉന്നതര്‍ നിര്‍ദേശച്ചുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. നിലവാരമില്ലാത്തതാണെങ്കിലും പാറ്റിയും അരിച്ചും ഇതു വൃത്തിയാക്കി തിരിച്ചെടുക്കാനാണു ക്വാളിറ്റി അഷ്വറന്‍സ് മാനേജരുടെ വിചിത്ര ഉത്തരവ്. സപ്ലൈകോ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ രണ്ടു സമിതികള്‍ നിലവാരമില്ലെന്നു കണ്ടെത്തിയ ഉല്‍പന്നം വിപണിയില്‍ വിറ്റഴിക്കാന്‍ തീരുമാനിക്കുന്നത്.

ജീത്ത് കോര്‍പറേഷന്‍ എന്ന വിതരണ കമ്പനി കഴിഞ്ഞ ഡിസംബറില്‍ സപ്ലൈകോയുടെ നാലു ഡിപ്പോകളില്‍ എത്തിച്ച ഏകദേശം 45 ക്വിന്റല്‍ ജീരകമാണു നിലവാരമില്ലാത്തതാണെന്നു കണ്ടെത്തിയത്. ആലത്തൂര്‍, കണ്ണൂര്‍, ചാലക്കുടി, തളിപ്പറമ്പ് ഡിപ്പോകളിലാണ് ഇവ വിതരണത്തിനായി എത്തിച്ചത്. ഓരോ ഡിപ്പോയിലെയും ക്വാളിറ്റി കണ്‍ട്രോള്‍, ഇന്‍സ്‌പെക്ഷന്‍ എന്നിവയുടെ ജോയിന്റ് മാനേജര്‍മാരും അസിസ്റ്റന്റ് മാനേജരും ഉള്‍പ്പെട്ട സമിതിയുടെ പരിശോധനയിലാണ് ഇവ നിലവാരമില്ലാത്തതാണെന്നു കണ്ടെത്തിയത്.

ഇതിനെതിരെ വിതരണക്കാരന്‍ ജനുവരി പത്തിനു സപ്ലൈകോ അധികൃതര്‍ക്കു പരാതി നല്‍കി. തുടര്‍ന്നു ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍ ഉള്‍പ്പെട്ട അപ്പല്ലറ്റ് അതോറിറ്റി നാലു ഡിപ്പോകളില്‍നിന്നും ജീരകത്തിന്റെ സാംപിള്‍ എടുത്തു ലാബില്‍ പരിശോധനയ്ക്കയച്ചു. കേടായ ജീരകം, നിറം മാറിയ ജീരകം, മൂക്കാത്ത ജീരകം എന്നിവ അനുവദനീയ പരിധിയില്‍ കൂടുതലുണ്ടെന്നു പരിശോധനയില്‍ തെളിഞ്ഞു. കമ്പും കല്ലുമെല്ലാം കൂടുതലാണ്.

ജീരകം വെള്ളത്തിലിട്ടുള്ള പരിശോധനയിലും ഫലം എതിരായിരുന്നു. തുടര്‍ന്നു ഫെബ്രുവരി 15നു ചേര്‍ന്ന അപ്‌ലറ്റ് അതോറിറ്റി ഈ ജീരകം എടുക്കേണ്ടെന്നു തീരുമാനിച്ചു. അപ്പോഴാണ് ഇതു വൃത്തിയാക്കി ഉപയോഗിക്കാനുള്ള പുതിയ ഉത്തരവുണ്ടായത്. വൃത്തിയാക്കല്‍ ബന്ധപ്പെട്ട ഡിപ്പോകളില്‍ നടത്താമെന്നും ചെലവു വിതരണക്കാരന്‍ വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അത്തരത്തില്‍ വൃത്തിയാക്കിയ ജീരകം ഡിപ്പോകളില്‍ എടുക്കണമെന്നു മാനേജര്‍മാര്‍ക്കും ഉത്തരവു നല്‍കി.

നിലവാരമില്ലാത്ത ഒരു ഉല്‍പന്നവും ഇതുവരെ സപ്ലൈകോ ഡിപ്പോയില്‍ വൃത്തിയാക്കാന്‍ ഒരു വിതരണക്കാരനെയും അനുവദിച്ചിട്ടില്ല. മാത്രമല്ല അപ്പല്ലറ്റ് കമ്മിറ്റി രൂപീകരിച്ചശേഷം കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഈ കമ്മിറ്റിയുടെ തീരുമാനം മറികടന്ന് ഒരു ഉല്‍പന്നവും വിതരണം ചെയ്തിട്ടില്ല. കരാറുകാരുമായി ഒത്തുകളിച്ചതിന്റെ പേരില്‍ മുന്‍പു സര്‍വീസില്‍നിന്നു പിരിച്ചുവിടുകയും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരിച്ചു കയറുകയും ചെയ്ത ഉദ്യോഗസ്ഥനും ഈ ഒത്തുകളിക്കു പിന്നിലുണ്ടെന്നു പറയപ്പെടുന്നു.