സാധാരണ ജനങ്ങള്‍ക്ക് അപകടം ഉണ്ടാക്കുമെന്നതിനാല്‍ നൂറിലധികം രാജ്യങ്ങളില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ നിരോധിച്ചിട്ടുണ്ട്. പൊട്ടാത്ത ബോംബുകള്‍ വര്‍ഷങ്ങളോളം നിലത്ത് കിടക്കുകയും പിന്നീട് പൊട്ടിത്തെറിക്കുകയും ചെയ്യും.
റഷ്യക്കെതിരെ ബോംബുകള്‍ ഉപയോഗിക്കുന്നത് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് സഖ്യരാഷ്ട്രങ്ങള്‍ അറിയിച്ചു. ഇവ സാധാരണ ജനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ന്യൂസിലാന്‍ഡ് പ്രധാന മന്ത്രി ക്രിപ്‌സ് ഹിപ്കിന്‍സ് പറഞ്ഞു. തങ്ങളുടെ എതിര്‍പ്പ് വൈറ്റ് ഹൗസിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തിലുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെയുള്ള ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങളുടെ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ച 123 രാജ്യങ്ങളില്‍ തങ്ങളുമുണ്ടെന്ന് യു.കെ പ്രധാനമന്ത്രി ഋഷി സുനകും അറിയിച്ചു.
ഉക്രൈന് ചില ആയുധങ്ങള്‍ നല്‍കരുതെന്ന ഉറച്ച തീരുമാനം തങ്ങളുടെ രാജ്യത്തിനുണ്ടെന്ന് സ്‌പെയിന്‍ പ്രതിരോധ മന്ത്രി മാര്‍ഗരിറ്റ റോബിള്‍സ് പറഞ്ഞു. ഉക്രൈന്‍ പ്രതിരോധത്തിനായി ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കരുതെന്നും അവര്‍ പറഞ്ഞു. ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കുന്നതിന് എതിരാണ് തങ്ങളെന്ന് കാനഡയും അറിയിച്ചു.
ഉക്രൈന് ക്ലസ്റ്റര്‍ ബോംബുകള്‍ നല്‍കാനുള്ള യു.എസിന്റെ തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളും എത്തിയിരുന്നു.
സൈനിക സഹായ പാക്കേജിന്റെ ഭാഗമായി ഉക്രൈന് ക്ലസറ്റര്‍ ബോംബുകള്‍ നല്‍കുമെന്ന് കഴിഞ്ഞ ദിവസമാണ് യു.എസ് അറിയിച്ചത്. എതിരാളിയുടെ പ്രതിരോധ നിരയെ തകര്‍ക്കാന്‍ വേണ്ടി മാത്രമേ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കുകയുള്ളൂവെന്ന് ഉക്രൈന്‍ പ്രതിരോധ മന്ത്രി അറിയിച്ചു.