ബെംഗളൂരു: കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് അടിയന്തരമായി ഓക്‌സിജന്‍ ആവശ്യപ്പെട്ട് കര്‍ണാടക.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ കൊവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിനായി ദിനംപ്രതി 1,500 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ സംസ്ഥാനത്തേക്ക് എത്തിക്കണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
ഓക്‌സിജന്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ കേന്ദ്രത്തിന് കത്തെഴുതിയതായി കര്‍ണാടക ആരോഗ്യമന്ത്രി കെ.സുധാകര്‍ പറഞ്ഞു.
300 ടണ്‍ ഓക്‌സിജന്‍ സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെങ്കിലും കേസുകളുടെ വര്‍ദ്ധനവ് മൂലം ഓക്‌സിജന്റെ ദൈനംദിന ആവശ്യം ഇരട്ടിയായതായി സുധാകര്‍ പറഞ്ഞു. കൊവിഡ് കേസുകള്‍ വരും ആഴ്ചകളില്‍ ഉയരുമെന്നാണ് കരുതുന്നതെന്നും അങ്ങനെയാണെങ്കില്‍ ഈ മാസം പ്രതിദിനം 600 ടണ്‍ ഓക്‌സിജനും മെയ് മാസത്തില്‍ 1,500 ടണ്ണും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രവ്യാപനത്തെ തുടര്‍ന്ന് ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായതിന് പിന്നാലെ കേന്ദ്രത്തെ ശാസിച്ച് ദല്‍ഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഏറ്റവും രൂക്ഷമായ ഭാഷയിലാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്.
ഓക്സിജന്‍ എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെ എങ്ങനെയാണ് കേന്ദ്രത്തിന് ഇങ്ങനെ അവഗണിക്കാന്‍ സാധിക്കുന്നതെന്നും കോടതി ചോദിച്ചു. പൗരന്മാര്‍ക്ക് സര്‍ക്കാരിനെ തന്നെയല്ലേ ആശ്രയിക്കാന്‍ സാധിക്കൂ. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ യാചിക്കുകയോ കടം വാങ്ങുകയോ മോഷ്ടിക്കുകയോ എന്ത് ചെയ്തിട്ടായാലും ജനങ്ങള്‍ക്ക് ഓക്സിജന്‍ എത്തിക്കണമെന്ന് കോടതി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക