| Saturday, 10th November 2018, 5:48 pm

സ്വന്തം കഴിവിന് പുറത്തുള്ള കാര്യങ്ങളും ചെയ്യാന്‍ ശ്രമിക്കണം: 'സൂപ്പര്‍വുമണ്‍' ലില്ലി സിംഗ്

ഷംസീര്‍ ഷാന്‍

യൂട്യൂബിലേയും സോഷ്യല്‍ മീഡിയയിലേയും തരംഗമായ “സൂപ്പര്‍വുമണ്‍” ലില്ലി സിംഗ് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയുടെ ഒന്‍പതാം ദിവസമായ നവംബര്‍ 8-ന് തന്റെ കൗമാരപ്രേക്ഷകര്‍ക്ക് വിസ്മയദര്‍ശനമേകി.

ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ രണ്ടായിരത്തിയഞ്ഞൂറ് പേര്‍ക്ക് ഇരിക്കാവുന്ന ബാള്‍ റൂമില്‍ ഒരു മണിക്കൂറിലേറെ തിങ്ങിനിറഞ്ഞ് കാത്തുനിന്ന ആരാധകര്‍ക്ക് ത്രസിപ്പിക്കുന്ന അനുഭവമായിരുന്നു ലില്ലി സിംഗിന്റെ വേദിയിലേക്കുള്ള വരവ്. “സൂപ്പര്‍ വുമണ്‍” എന്ന തന്റെ പ്രശസ്തമായ യൂട്യൂബ് പരിപാടിയിലൂടെ ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ലില്ലി സിംഗിനെ കാണാനെത്തിയവരില്‍ ഭൂരിഭാഗവും കൗമാരക്കാരായിരുന്നു. കൈയ്യടിച്ചും ഉച്ചത്തില്‍ പേര് വിളിച്ചും അവര്‍ തങ്ങളുടെ മെഗാസ്റ്റാറിനെ സ്വീകരിച്ചു.

ഇത്തവണ യു.എ.ഇ സന്ദര്‍ശിക്കുമ്പോള്‍ ഏറെ ആഹ്ലാദം തോന്നുന്നുവെന്ന് ലില്ലി സിംഗ് പറഞ്ഞു. ഒരിക്കല്‍ ദുബായിലെത്തിയിട്ടുണ്ടെങ്കിലും ഷാര്‍ജ പുസ്തകമേളയില്‍ തനിക്ക് ലഭിച്ച സ്വീകരണം വിസ്മയിപ്പിക്കുന്നതാണെന്ന് അവര്‍ പറഞ്ഞു.

“ഹൗ റ്റു ബി എ ബോസ്” എന്ന പുസ്തകം രചിക്കാനുള്ള പ്രേരണ തന്റെ അനുഭവങ്ങളില്‍ നിന്നാണെന്ന് ലില്ലി സിംഗ് പറഞ്ഞു. വ്യത്യസ്തമായ ഒട്ടേറെ അനുഭവങ്ങള്‍ തനിക്കുണ്ടായിട്ടുണ്ട്. തനിക്ക് കോമഡി ചെയ്യാന്‍ കഴിയില്ലെന്നാണ് ആദ്യം കരുതിയിരുന്നത്. പക്ഷേ, യൂട്യൂബ് ചാനലിന് പ്രേക്ഷകരെ ലഭിച്ചപ്പോള്‍ കോമഡിയും ലൈവ് ഷോകളും ഒക്കെ താന്‍ ചെയ്തു. അവസരങ്ങളൊന്നും താന്‍ പാഴാക്കിയില്ല. തങ്ങളുടെ പരിധിക്ക് പുറത്തുള്ള കാര്യങ്ങള്‍ കൂടി ചെയ്യാന്‍ തയ്യാറാകുമ്പോഴാണ് വിജയം നേടാന്‍ കഴിയുന്നത്.

താനൊരു അഭിനേതാവോ കൊമേഡിയനോ അല്ലെന്ന് ലില്ലി സിംഗ് പറഞ്ഞു. ആശയത്തിന് രൂപം നല്കുന്നതും പ്രേക്ഷകരെ രസിപ്പിക്കലുമാണ് തന്റെ രീതികള്‍. ഒരു “എന്റര്‍റ്റെയിനര്‍” എന്ന് വിളിക്കപ്പെടാനാണ് തനിക്കിഷ്ടം.

“സൂപ്പര്‍വുമണ്‍” എന്നറിയപ്പെടുന്നതിലൂടെ സ്ത്രീകളുടെ കഴിവും കരുത്തുമാണ് അംഗീകരിക്കപ്പെടുന്നത്. കരുത്തരായ സ്ത്രീകളുടെയൊപ്പം പരിഗണിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും ലില്ലി സിംഗ് പറഞ്ഞു.

ലില്ലി സിംഗ് രചിച്ച പ്രശസ്തമായ “ഹൗ റ്റു ബി എ ബോസ് (Bawse) : എ ഗൈഡ് റ്റു കോണ്‍ക്വെറിംഗ് ലൈഫ്” എന്ന പുസ്തകത്തിന്റെ വില്പനയും പരിപാടിയോടനുബന്ധിച്ച് സംലടിപ്പിച്ചിരുന്നു.

ഇന്ത്യന്‍ വംശജയായ ലില്ലി സിംഗ് കനേഡിയന്‍ പൗരയാണ്. പഞ്ചാബില്‍ നിന്നുള്ള മല്‍വീന്ദര്‍ – സുഖ്വീന്ദര്‍ ദമ്പതികളുടെ പുത്രിയാണ്. യൂട്യൂബില്‍ 2010 ഒക്ടോബറില്‍ തുടങ്ങിയ “സൂപ്പര്‍വുമണ്‍” എന്ന ചാനലാണ് ലില്ലി സിംഗിനെ ലോകപ്രശസ്തയാക്കിയത്.

2018 ആഗസ്റ്റിലെ കണക്കനുസരിച്ച് 14 മില്യന്‍ വരിക്കാരാണ് സൂപ്പര്‍വുമണ്‍ ചാനലിനുള്ളത്. 2016-ല്‍ ഇറങ്ങിയ “എ ട്രിപ് റ്റു യൂണിക്കോണ്‍ ഐലന്റ്” എന്ന ചിത്രത്തില്‍ ലില്ലി സിംഗ് അഭിനയിച്ചിട്ടുണ്ട്. 2017-ല്‍ കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള യൂനിസെഫ് ഗുഡ് വില്‍ അംബാസഡറായി നിയമിതയായി. ഇന്ത്യയിലും കെനിയയിലുമടക്കം ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതില്‍ ലില്ലി സിംഗ് വിജയിച്ചു.

WATCH THIS VIDEO:

ഷംസീര്‍ ഷാന്‍

We use cookies to give you the best possible experience. Learn more