നടിമാരുടെ ജീവിതം ദുരിതങ്ങള്‍ നിറഞ്ഞതാണെന്നാണ് ബോളിവുഡ് താരറാണിമാരിലൊരാളായ ബിപാഷ ബസു പറയുന്നത്. ഒരു പരിധി കഴിഞ്ഞാല്‍ സൂപ്പര്‍സ്റ്റാറുകളെ വരെ പ്രേക്ഷകര്‍ വിസ്മരിക്കുമെന്നും മരിച്ചശേഷം മാത്രമേ അവര്‍ ഓര്‍മിക്കപ്പെടൂവെന്നും ബിപാഷ പറഞ്ഞു. []
” ഒരു നടിയുടെ ജീവിതം വളരെ ദുരിതം നിറഞ്ഞതാണ്. ഒരു കാലം കഴിഞ്ഞാല്‍ സൂപ്പര്‍സ്റ്റാറുകള്‍, അത് എത്ര വലിയവരായാലും വിരസ്മരിക്കപ്പെടുന്നു. പിന്നെ അവരുടെ മരണശേഷമാണ് ഓര്‍മിക്കപ്പെടുന്നത്. എന്ത് ചെയ്യാനാവും? ഇത് വളരെ ദു:ഖകരമാണ്. പക്ഷെ ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ ജീവിതത്തില്‍ ഒന്നും സ്ഥിരമല്ല.” ബിപാഷ പറഞ്ഞു.
ബോളിവുഡിലെ ആദ്യ സൂപ്പര്‍താരമായ രാജേഷ് ഖന്നയുടെ ജീവിതം തന്നെ ഇതിന് വലിയ ഉദാഹരണമാണ്. ഒരു ദശാബ്ദക്കാലമായി പ്രേക്ഷകര്‍ മറന്ന അദ്ദേഹം വീണ്ടും ശ്രദ്ധിക്കപ്പെട്ടത് രോഗാവസ്ഥയിലായപ്പോഴും മരണശേഷവുമാണെന്നും ബിപാഷ പറഞ്ഞു.
“ഒരിക്കല്‍ നമ്മള്‍ വിജയം നേടിയാല്‍ വീണ്ടും വര്‍ക്ക് ചെയ്യണം. എല്ലാവരാലും വിസ്മരിക്കപ്പെടാന്‍ ആരും ആഗ്രഹിക്കില്ല. സ്ത്രീയായാലും പുരുഷനായാലും ലോകത്തിലെ ഏതൊരു അഭിനേതാവും മനസില്‍ ആഗ്രഹിക്കുന്ന കാര്യമാണിത്. ” ബിപാഷ വ്യക്തമാക്കി.
റാസ് 3 എന്ന ചിത്രത്തിന്റെ തിരക്കിലാണ് ബിപാഷയിപ്പോള്‍. 2009ല്‍ പുറത്തിറങ്ങിയ റാസ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണിത്. ഇമ്രാന്‍ ഹാശ്മിയും ഇഷ ഗുപ്തയുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ഒരു അഭിനേതാവിന്റെ ജീവിതത്തിന്റെ ഉള്ളറകള്‍ അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമാണ്. ദ ഡേര്‍ട്ടി പിക്ചര്‍, റാസ് 3, ഹീറോയിന്‍ തുടങ്ങിയ ചിത്രങ്ങള്‍ പുറത്തിറങ്ങാനുള്ള കാരണവും ഈ താല്‍പര്യമാണ്. വിജയത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള ഒരു നടിയുടെ യുദ്ധമാണ് റാസ് 3 വരച്ചുകാട്ടുന്നതെന്നും അവര്‍ പറഞ്ഞു.