കൊച്ചി: നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയെ അഭിനന്ദിച്ച് സൂപ്പര്‍ താരം മമ്മുട്ടിയും. ജാവയിലെ വിനയദാസന്‍ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ ലുക്ക്മാനാണ് വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ മമ്മുട്ടി അഭിനന്ദനമറിയിച്ചത്.
ജാവ എന്ന് ടൈപ്പ് ചെയ്ത് കയ്യടിക്കുന്ന ഇമോജിയുള്ള സന്ദേശമാണ് മമ്മുട്ടി ലുക്ക്മാന് അയച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെ ‘മെയ്ഡ് മൈ ഡേ’ എന്നെഴുതി ലുക്ക്മാന്‍ തന്നെയാണ് വിവരം പങ്കുവെച്ചത്.
മമ്മൂട്ടി നായകനായ ‘ഉണ്ട’യിലെ ബിജു കുമാര്‍ എന്ന കഥാപാത്രമാണ് ലുക്ക്മാനെ ഏറെ ശ്രദ്ധേയനാക്കിയത്. സഹപ്രവര്‍ത്തകരില്‍ നിന്നും ജാതീയമായ വിവേചനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പൊലീസുകാരനായി ആയിരുന്നു ലുക്ക്മാന്‍ എത്തിയിരുന്നത്.
അതേസമയം, നടന്മാരായ പൃഥ്വിരാജും സുരേഷ്ഗോപിയും ഫഹദ് ഫാസിലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയെ അഭിനന്ദിച്ചെത്തിയിരുന്നു.
മൂര്‍ത്തിക്കയച്ച വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഓപ്പറേഷന്‍ ജാവ ഏറെ ഇഷ്ടപെട്ടുവെന്നും ഇനിയും തരുണ്‍ മൂര്‍ത്തിയില്‍ നിന്നും മികച്ച സിനിമകള്‍ പ്രതീക്ഷിക്കുന്നു എന്നും പൃഥ്വിരാജ് പറഞ്ഞത്.
‘ഇത് പോരെ അളിയാ’ എന്ന ക്യാപ്ഷനോടെ തരുണ്‍ മൂര്‍ത്തി തന്നെയാണ് സന്ദേശം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ഓപ്പറേഷന്‍ ജാവ. വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വി.സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് പൂര്‍ത്തിയാക്കിയത്.
ക്യാമറ ഫായിസ് സിദ്ദീഖും എഡിറ്റിംഗ് നിഷാദ് യൂസഫും നിര്‍വഹിച്ചിരിക്കുന്നു. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.