പാകിസ്ഥാന് വമ്പന്‍ തിരിച്ചടി; വൈറ്റ് ബോളില്‍ ഇനി ഏറെ വിയര്‍ക്കും!
Sports News
പാകിസ്ഥാന് വമ്പന്‍ തിരിച്ചടി; വൈറ്റ് ബോളില്‍ ഇനി ഏറെ വിയര്‍ക്കും!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd October 2024, 7:51 pm

പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും രാജിവച്ച് സൂപ്പര്‍ താരം ബാബര്‍ അസം. ടി-20യിലും ഏകദിനത്തിലും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബാബറിനെ പിന്തുണച്ചെങ്കിലും സ്ഥാനമൊഴിയാനാണ് താരം തീരുമാനമെടുത്തത്.

ഒരു കളിക്കാരന്‍ എന്ന നിലയില്‍ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താനും ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് താന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിയുന്നതെന്നാണ് ബാബര്‍ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് (ചൊവ്വ) താരം രാജിക്കത്ത് പി.സി.ബിയെ ഏല്‍പ്പിച്ചത്. പുതിയ ക്യാപ്റ്റനെ ശുപാര്‍ശ ചെയ്യാനും ഭാവിയിലെ വൈറ്റ് ബോള്‍ ക്രിക്കറ്റ് തന്ത്രങ്ങള്‍ രൂപപ്പെടുത്താനും താരം ബോര്‍ഡിനോട് പറഞ്ഞിട്ടുണ്ട്.

പി.സി.ബിക്ക് പുറമെ പാകിസ്ഥാന്റെ വൈറ്റ് ബോള്‍ പരിശീലകരായ ഗാരി കിര്‍സ്റ്റനും സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്ള ആസാദ് ഷഫീഖും താരത്തിന് പിന്തുണ നല്‍കിയിരുന്നു.

അടുത്ത മാസം ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ ആരംഭിക്കുന്ന മൂന്ന് ഏകദിനങ്ങളും ടി-20യും കളിക്കാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്ഥാന്‍. എന്നാല്‍ ബാബര്‍ അസം രാജി പാകിസ്ഥാന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.

കഴിഞ്ഞ കുറെ കാലങ്ങളായി പാകിസ്ഥാന്‍ ക്രിക്കറ്റ് വമ്പന്‍ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ക്രിക്കറ്റിലെ മോശം പ്രകടനം കാരണം പല മുന്‍ താരങ്ങളും ടീമിനെ ആക്രമിച്ചിരുന്നു. അടുത്തിടെ ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ തോല്‍വിയും പാകിസ്ഥാനെ ഏറെ നിരാശയിലാക്കി.

എന്നിരുന്നാലും പാകിസ്ഥാനില്‍ 2025 ചാമ്പ്യന്‍സ് ട്രോഫി നടക്കാനിരിക്കുന്നത് കൊണ്ട് ടീമിനെ മികച്ച നിലവാരത്തിലേക്ക് എത്തിക്കേണ്ടത് ടീമിന്റെ വലിയ ചുമതലയാണ്. വമ്പന്‍ ടൂര്‍ണമെന്റിന് മുന്നോടിയായി ന്യൂസിലാന്‍ഡിനോടും സൗത്ത് ആഫ്രിക്കയോടും സിംബാബ്‌വേയോടും പാകിസ്ഥാന്‍ മത്സരിക്കും.

 

Content Highlight: Superstar Babar Azam has resigned as the white ball captain of Pakistan cricket