'സൂപ്പര്‍മാന്‍ വിരാട്'; തോല്‍വി ഉറപ്പായിട്ടും മുഴുനീള ഡൈവിങ്ങില്‍ സൂപ്പര്‍ ക്യാച്ചുമായി കോഹ്‌ലി; ആരാധകരെ വിസ്മയിപ്പിച്ച പ്രകടനം കാണം
ipl 2018
'സൂപ്പര്‍മാന്‍ വിരാട്'; തോല്‍വി ഉറപ്പായിട്ടും മുഴുനീള ഡൈവിങ്ങില്‍ സൂപ്പര്‍ ക്യാച്ചുമായി കോഹ്‌ലി; ആരാധകരെ വിസ്മയിപ്പിച്ച പ്രകടനം കാണം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th April 2018, 7:44 am

ബെംഗളൂരു: മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു കൊല്‍ക്കത്തന്‍ ഭീഷണി മറികടക്കാനായില്ല. ക്രിസ് ലിന്നിന്റെ ബാറ്റിങ് മികവിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയം. 176 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത നാല് വിക്കറ്റ് നഷ്ടത്തില്‍ അഞ്ചു പന്ത് ബാക്കി നില്‍ക്കെ വിജയം കാണുകയായിരുന്നു.

വിജയനിമിഷം 62 റണ്‍സുമായി ലിന്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു. 52 പന്തില്‍ ഏഴു ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെയായിരുന്നു ലിന്നിന്റെ ഇന്നിങ്സ്. റോബിന്‍ ഉത്തപ്പ 21 പന്തില്‍ 36 റണ്‍സടിച്ചപ്പോള്‍ ദിനേഷ് കാര്‍ത്തിക് 10 പന്തില്‍ 23 റണ്‍സ് നേടി.

ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണെടുത്തത്. 44 പന്തില്‍ 68 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയാണ് ബെംഗളൂരുവിനെ മുന്നില്‍ നിന്ന് നയിച്ചത്. ആദ്യ വിക്കറ്റില്‍ 67 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ഡികോക്കും മക്കല്ലവും ബെംഗളൂരുവിന് മികച്ച തുടക്കം നല്‍കി. ഡികോക്ക് 29 റണ്‍സടിച്ചപ്പോള്‍ മക്കല്ലം 38 റണ്‍സ് നേടി. മൂന്നു ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് കൊല്‍ക്കത്തയ്ക്കായി ആന്ദ്രെ റസ്സല്‍ മൂന്നു വിക്കറ്റെടുത്തു.

കൊല്‍ക്കത്തന്‍ ഇന്നിങ്‌സിന്റെ അവസാനം നായകന്‍ ദിനേഷ് കാര്‍ത്തിക്കിനെ ബാംഗ്ലൂര്‍ നായകന്‍ ക്യാച്ചെടുത്ത് പുറത്താക്കിയത് ആരാധകരെ വിസ്മയിപ്പിച്ച നിമിഷമായിരുന്നു. തോല്‍വി ഉറപ്പായ മത്സരത്തില്‍ മുഴുനീള ഡൈവിങ്ങിലൂടെയായിരുന്നു താരത്തിന്റെ ക്യാച്ച്.

മത്സരം പരാജയപ്പെടുമെന്നുറപ്പായിട്ടും വിട്ടുനല്‍കാന്‍ തയ്യാറാകാത്ത കോഹ്‌ലിയുടെ മനോഭാവത്തെ പുകഴ്ത്തുകയാണ് ആരാധകര്‍. കൊല്‍ക്കത്തന്‍ ഇന്നിങ്‌സിന്റെ 19ാം ഓവറില്‍ മുഹമ്മദ് സിറാജിന്റെ പന്തിലായിരുന്നു കോഹ്‌ലിയുടെ ക്യാച്ച്. ഡീപ്പില്‍ നിന്ന് മുന്നിലേക്ക് ഓടി വന്ന വിരാട് മുഴുനീള ഡൈവിങ്ങിലൂടെ പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു.