| Monday, 17th April 2017, 10:17 pm

ഇത് സൂപ്പര്‍മാന്‍ സാംസണ്‍; എതിര്‍ ടീമിനെപ്പോലും അമ്പരപ്പിച്ച് സഞ്ജുവിന്റെ അവിശ്വസനീയ ഫീല്‍ഡിംഗ്,വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെയര്‍ ഡെവിള്‍സിന്റെ മലയാളി താരം സഞ്ജു സാംസണിനിത് നല്ലകാലമാണ്. ബാറ്റു കൊണ്ട് ടീമിനെ മുന്നില്‍ നിന്നു നയിക്കുന്ന സഞ്ജു ഫീല്‍ഡിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. താരത്തിന്റെ ആത്മവിശ്വാസത്തിന്റെ തെളിവാണ് ഈ പ്രകടനങ്ങള്‍ എന്നാണ് വിലയിരുത്തേണ്ടത്.

ഇന്നു നടന്ന കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു നടത്തിയ ഫീല്‍ഡിംഗ് പ്രകടനത്തെ വര്‍ണിക്കാന്‍ വാക്കുകളില്ലെന്നതാണ് വാസ്തവം. കൊല്‍ക്കത്ത താരം മനീഷ് പാണ്ഡയുടെ സിക്‌സെന്നുറച്ച ഷോട്ടിനെ വായുവില്‍ പറന്ന് സഞ്ജു പിടിയിലൊതുക്കുകയായിരുന്നു. ബൗണ്ടറി ലൈനിന് അപ്പുറത്ത് വീഴുമെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ വായുവില്‍ നിന്നു തന്നെ സഞ്ജു പിന്നിലേക്ക് വലിച്ചെറിയുകയും ചെയ്തു. സഞ്ജുവിന്റെ അസാമാന്യ പ്രകടനം കണ്ട് കയ്യടിക്കുകയായിരുന്നു എതിര്‍ ടീമിലെ താരങ്ങള്‍ പോലും.

അതേസമയം, ആവേശം അവസാന നിമിഷം വരെ അലയടിച്ച മത്സരത്തില്‍ ഡെല്‍ഹിയെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. വെടിക്കെട്ട് ബാറ്റിംഗുമായി മനീഷ് പാണ്ഡെയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 70 റണ്‍സെടുത്ത പാണ്ഡെയാണ് ടീമിനായി വിജയ സ്‌കോര്‍ എടുത്തതും. ഒരുഘട്ടത്തില്‍ പരാജയം മണത്ത കൊല്‍ക്കത്തയെ മനീഷ് വിജയത്തിലേക്ക് കൈപിടിച്ച് കയറ്റുകയായരുന്നു. നാല് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം.

ഡല്‍ഹി ഡയര്‍ ഡെവിള്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 169 റണ്‍സായിരുന്നു വിജയലക്ഷ്യം. 25 പന്തില്‍ 39 റണ്‍സ് നേടിയ സഞ്ജു വി സാംസണിന്റെയും 16 പന്തില്‍ 38 റണ്‍സ് അടിച്ചുകൂട്ടിയ ഋഷഭ് പന്തിന്റെയും മികവിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്‌കോര്‍ കുറിച്ചത്.


Also Read: ‘രാജ്യത്തിന് അറിയണം’ (Nation Wants to Know) എന്ന ശൈലി ഇനി ഉപയോഗിക്കരുത്; അര്‍ണാബ് ഗോസ്വാമിയ്ക്ക് വക്കീല്‍ നോട്ടീസ്


നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് തുടക്കത്തില്‍ ലഭിച്ച മേല്‍ക്കൈ നിലനിര്‍ത്താനായില്ല. ആദ്യ വിക്കറ്റില്‍ സഞ്ജുവും ബില്ലിംഗ്‌സും ചേര്‍ന്ന് 53 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. എന്നാല്‍ പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ഡല്‍ഹിയെ പ്രതിരോധത്തിലാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത പതര്‍ച്ചയോടെയാണ് തുടങ്ങിയത്. ആദ്യ നാല് ഓവറില്‍ 32 റണ്‍സ് നേടുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മനീഷ് പാണ്ഡെ, യൂസഫ് പത്താന്‍ സഖ്യമാണ് കൊല്‍ക്കത്തയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

Latest Stories

We use cookies to give you the best possible experience. Learn more