| Friday, 19th August 2022, 11:09 am

സ്വര്‍ണ്ണക്കടത്തിനിടെ പിടിയിലായ കസ്റ്റംസ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു; കേസിന്റെ അന്വേഷണം സി.ബി.ഐക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്വര്‍ണ്ണക്കടത്തിനിടെ കരിപ്പൂരില്‍ പിടിയിലായ കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പയെ സസ്‌പെന്‍ഡ് ചെയ്തു. കൂടുതല്‍ ആളുകളെ സ്വര്‍ണ്ണക്കടത്തിന് സഹായിച്ചെന്ന് സൂചന. പിടിയിലായ ദിവസം ആറ് യാത്രക്കാരുടെ ലഗേജ് പരിശോധിച്ചില്ലെന്ന് കണ്ടെത്തി. കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കും.

കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് കള്ളക്കടത്ത് സ്വര്‍ണ്ണവുമായി കസ്റ്റംസ് സൂപ്രണ്ട് പൊലീസ് മുനിയപ്പ പിടിയിലായത്. സ്വര്‍ണ്ണം കൈമാറാനായി കാത്തുനിന്ന കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ തൊണ്ടി സഹിതമാണ് പിടിയിലായത്.

ഉച്ചക്ക് 2.15ന് ദുബായില്‍ നിന്നും എയര്‍ ഇന്ത്യയില്‍ വന്നിറങ്ങിയ രണ്ട് കാസര്‍ഗോഡ് സ്വദേശികള്‍ കടത്തികൊണ്ട് വന്ന 320 ഗ്രാം സ്വര്‍ണ്ണമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിയപ്പ എയര്‍പോര്‍ട്ടിന് പുറത്ത് എത്തിച്ചത്. തുടര്‍ന്ന് ഈ സ്വര്‍ണ്ണം കടത്തികൊണ്ടുവന്ന യാത്രക്കാര്‍ക്ക് 25,000 രൂപ പ്രതിഫലത്തിന് കൈമാറാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്.

കാസര്‍ഗോഡ് തെക്കില്‍ സ്വദേശികളും സഹോദരങ്ങളുമായ കെ.എച്ച്. അബ്ദുള്‍ നസീര്‍(46), കെ.ജെ. ജംഷീര്‍ (20) എന്നിവരാണ് സ്വര്‍ണ്ണം കടത്തിയത്. 640 ഗ്രാം സ്വര്‍ണ്ണമാണ് ഇവര്‍ കൊണ്ടുവന്നത്. ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിയപ്പ ലഗേജ് പരിശോധിച്ചപ്പോള്‍ ഇത് കണ്ടെത്തിയിരുന്നു.

എന്നാല്‍ രണ്ട് പേരില്‍ നിന്നുമായി 320 ഗ്രാം സ്വര്‍ണ്ണം മാത്രം കസ്റ്റംസ് ഡ്യൂട്ടി അടപ്പിച്ച ശേഷം ബാക്കി വരുന്ന 320 ഗ്രാം സ്വര്‍ണ്ണം പുറത്ത് എത്തിച്ച് തരാമെന്ന് മുനിയപ്പ അവരുമായി ധാരണയിലെത്തുകയായിരുന്നു.

മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് മുനിയപ്പയും കടത്തുകാരും പിടിയിലായത്. സ്വര്‍ണ്ണം കൂടാതെ 4,42,980 രൂപയും 500 യു.എ.ഇ ദിര്‍ഹവും നിരവധി വിലപിടിപ്പുള്ള വാച്ചുകളും യാത്രികരുടെ നാല് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.

Content Highlight: Superintendent of Customs who was arrested during gold smuggling has been suspended

We use cookies to give you the best possible experience. Learn more