ന്യൂദല്‍ഹി: അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് സീരീസില്‍ ഇംഗ്ലണ്ടിന് തിരിച്ചുവരവ് നടത്തണമെങ്കില്‍ അമാനുഷികമായ പ്രകടനം നടത്തേണ്ടി വരുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റ്ന്‍ സുനില്‍ ഗവാസ്‌കര്‍. ടെലിഗ്രാഫില്‍ എഴുതിയ ലേഖനത്തിലാണ് ഗവാസ്‌കര്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്.
വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ലോര്‍ഡ്സില്‍ വെച്ച് നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 151 റണ്‍സിന്റെ ചരിത്ര വിജയം നേടിയിരുന്നു. തുടര്‍ന്നുള്ള മത്സരങ്ങളിലും ആ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നും ഗവാസ്‌കര്‍ കരുതുന്നു. ആദ്യ ടെസ്റ്റ് മഴ മൂലം സമനിലയില്‍ അവസാനിക്കുകയായിരുന്നു.
‘ഇന്ത്യ ഇംഗ്ലണ്ടിനെ മാനസികമായി തളര്‍ത്തിയിരിക്കുകയാണ്. ഇനി ഇംഗ്ലണ്ടിന് ഒരു തിരിച്ചുവരവിന് സാധിക്കണമെങ്കില്‍ അമാനുഷികമായ പ്രകടനം കാഴ്ചവെക്കേണ്ടി വരും. ക്രിക്കറ്റ് പ്രവചനാതീതമായ കളിയാണ്. ഏതു നിമിഷവും കളിയുടെ ദിശ മാറാം,’ ഗവാസ്‌കര്‍ പറയുന്നു.
പ്രീമിയര്‍ ബാറ്റ്സ്മാന്‍ ജോ റൂട്ടിന്റെ പ്രകടന മികവിനേയാണ് ഇംഗ്ലണ്ട് പ്രധാനമായും ആശ്രയിക്കുന്നതെന്നും രണ്ട് മത്സരങ്ങളില്‍ നിന്നുമായി 386 റണ്‍സ് നേടിയ റൂട്ടാണ് ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഒന്നാമതെന്നും ഗവാസ്‌കര്‍ പറഞ്ഞു. ജോ റൂട്ടിന് തിളങ്ങാനായില്ലെങ്കില്‍ ഇംഗ്ലണ്ട് തകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോര്‍ഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ വാലറ്റക്കാരുടെ ഐതിഹാസികമായ പോരാട്ടത്തിലൂടെയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. സ്ലെഡ്ജിംഗിലൂടെ പ്രകോപിപ്പിച്ച് വിക്കറ്റ് നേടാമെന്ന ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകള്‍ കാറ്റില്‍ പറത്തിയാണ് ഇന്ത്യ ലോര്‍ഡ്സ് പിടിച്ചടക്കിയത്.
ജോ റൂട്ടും ജിമ്മി ആന്‍ഡേര്‍സണും ഒല്ലി റോബിന്‍സണും ചേര്‍ന്ന് ബുംറയ്ക്കും ഷമിക്കുമെതിരെ സ്ലെഡ്ജിംഗ് നടത്തുകയായിരുന്നു. എന്നാല്‍ അതിനെ അതിജീവിച്ച് അവര്‍ ചെറുത്തുനില്‍ക്കുകയും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയുമായിരുന്നു.