വന്‍ താരനിരയൊന്നുമില്ലാതെ, ഒരു യുവനടി കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയെ വലിയ പ്രതീക്ഷകളോടെ ജനം കാത്തിരുന്നു എന്നത് തന്നെയാണ് സൂപ്പര്‍ ശരണ്യ എന്ന ഗിരീഷ് എ.ഡിയുടെ രണ്ടാം ചിത്രം റിലീസിന് മുന്‍പേ തന്നെ നേടിയ വിജയം. എന്നാല്‍, പൊട്ടിച്ചിരിപ്പിക്കുന്ന പുതുമ നിറഞ്ഞ ആദ്യ പകുതിയും അഭിനേതാക്കളുടെ മികച്ച പ്രകടനവും കഴിഞ്ഞാല്‍, രണ്ടാം പകുതി മുതല്‍ കാര്യമായൊന്നും പറയാനില്ലാതെ കുറച്ച് ലാഗടിപ്പിച്ച് അവസാനിക്കുന്ന ഒരു ചിത്രമാണ് സൂപ്പര്‍ ശരണ്യ.
തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ പ്ലസ് ടു കാലഘട്ടത്തിലെ കുട്ടികളുടെ വികാരങ്ങളും ഇഷ്ടങ്ങളും സൗഹൃദങ്ങളുമെല്ലാം ഏറ്റവും രസകരമായ രൂപത്തില്‍ അവതരിപ്പിച്ച ഗിരീഷ് എ.ഡിയുടെ അടുത്ത ചിത്രം പ്രതീക്ഷ നിറച്ചാണ് തിയേറ്ററുകളിലെത്തിയത്.
ചിത്രത്തിലെ അശുഭ മംഗളകാരി എന്ന പാട്ട് വന്നതിന് പിന്നാലെ ഇതുവരെ സിനിമയിലൊന്നും അധികം കാണാത്ത ഹോസ്റ്റല്‍ നാളുകളടക്കമുള്ള പെണ്‍കുട്ടികളുടെ ജീവിതം രസകരമായി അവതരിപ്പിക്കുന്ന സിനിമയായിരിക്കും സൂപ്പര്‍ ശരണ്യ എന്ന തോന്നലുണ്ടാക്കിയിരുന്നു. ആ പ്രതീക്ഷകളെ പകുതിയോളം സിനിമ പൂര്‍ത്തീകരിക്കുന്നുണ്ട്.
പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ജീവിതവും കോളേജുമൊക്കെ പറഞ്ഞു തുടങ്ങി നല്ല റിയലിസ്റ്റിക് ഫീലുള്ള തമാശകളുമായി മുന്നോട്ടുപോകുന്ന സിനിമ പക്ഷെ പിന്നീട് ഒരു സാധാരണ ലവ് ട്രാക്കിലേക്ക് നീങ്ങുകയാണ്.
ശരണ്യ എന്ന പെണ്‍കുട്ടിയുടെ കഥയാണ് സിനിമയില്‍ പറയുന്നത്. വമ്പന്‍ ട്വിസ്റ്റുകളോ വഴിത്തിരിവുകളോ ഇല്ലാതെ പോകുന്ന ഒരു പെണ്‍കുട്ടിയുടെ കഥ. ചിത്രത്തിന്റെ ആദ്യ പകുതി വളരെ ചടുലമായാണ് നീങ്ങുന്നത്. എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികളുടെ ഹോസ്റ്റലും അവിടെ സീനിയേഴ്സ് നടത്തുന്ന റാഗിങ്ങുമായി തുടങ്ങുന്ന സിനിമ ഒട്ടും ബോറടിപ്പിക്കാതെ ശരണ്യയുടെ വീടും സൗഹൃദങ്ങളും ക്ലാസ്മുറികളുമെല്ലാം ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Super Sharanya Review Video