| Friday, 7th January 2022, 10:57 pm

Super Sharanya Review| സൂപ്പര്‍ ശരണ്യ ശരിക്കും സൂപ്പറായോ?

അന്ന കീർത്തി ജോർജ്

വന്‍ താരനിരയൊന്നുമില്ലാതെ, ഒരു യുവനടി കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയെ വലിയ പ്രതീക്ഷകളോടെ ജനം കാത്തിരുന്നു എന്നത് തന്നെയാണ് സൂപ്പര്‍ ശരണ്യ എന്ന ഗിരീഷ് എ.ഡിയുടെ രണ്ടാം ചിത്രം റിലീസിന് മുന്‍പേ തന്നെ നേടിയ വിജയം. എന്നാല്‍, പൊട്ടിച്ചിരിപ്പിക്കുന്ന പുതുമ നിറഞ്ഞ ആദ്യ പകുതിയും അഭിനേതാക്കളുടെ മികച്ച പ്രകടനവും കഴിഞ്ഞാല്‍, രണ്ടാം പകുതി മുതല്‍ കാര്യമായൊന്നും പറയാനില്ലാതെ കുറച്ച് ലാഗടിപ്പിച്ച് അവസാനിക്കുന്ന ഒരു ചിത്രമാണ് സൂപ്പര്‍ ശരണ്യ.

തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ പ്ലസ് ടു കാലഘട്ടത്തിലെ കുട്ടികളുടെ വികാരങ്ങളും ഇഷ്ടങ്ങളും സൗഹൃദങ്ങളുമെല്ലാം ഏറ്റവും രസകരമായ രൂപത്തില്‍ അവതരിപ്പിച്ച ഗിരീഷ് എ.ഡിയുടെ അടുത്ത ചിത്രം പ്രതീക്ഷ നിറച്ചാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ അശുഭ മംഗളകാരി എന്ന പാട്ട് വന്നതിന് പിന്നാലെ ഇതുവരെ സിനിമയിലൊന്നും അധികം കാണാത്ത ഹോസ്റ്റല്‍ നാളുകളടക്കമുള്ള പെണ്‍കുട്ടികളുടെ ജീവിതം രസകരമായി അവതരിപ്പിക്കുന്ന സിനിമയായിരിക്കും സൂപ്പര്‍ ശരണ്യ എന്ന തോന്നലുണ്ടാക്കിയിരുന്നു. ആ പ്രതീക്ഷകളെ പകുതിയോളം സിനിമ പൂര്‍ത്തീകരിക്കുന്നുണ്ട്.

പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ജീവിതവും കോളേജുമൊക്കെ പറഞ്ഞു തുടങ്ങി നല്ല റിയലിസ്റ്റിക് ഫീലുള്ള തമാശകളുമായി മുന്നോട്ടുപോകുന്ന സിനിമ പക്ഷെ പിന്നീട് ഒരു സാധാരണ ലവ് ട്രാക്കിലേക്ക് നീങ്ങുകയാണ്.

ശരണ്യ എന്ന പെണ്‍കുട്ടിയുടെ കഥയാണ് സിനിമയില്‍ പറയുന്നത്. വമ്പന്‍ ട്വിസ്റ്റുകളോ വഴിത്തിരിവുകളോ ഇല്ലാതെ പോകുന്ന ഒരു പെണ്‍കുട്ടിയുടെ കഥ. ചിത്രത്തിന്റെ ആദ്യ പകുതി വളരെ ചടുലമായാണ് നീങ്ങുന്നത്. എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികളുടെ ഹോസ്റ്റലും അവിടെ സീനിയേഴ്‌സ് നടത്തുന്ന റാഗിങ്ങുമായി തുടങ്ങുന്ന സിനിമ ഒട്ടും ബോറടിപ്പിക്കാതെ ശരണ്യയുടെ വീടും സൗഹൃദങ്ങളും ക്ലാസ്മുറികളുമെല്ലാം ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്.

സിനിമ കാണാനെത്തുന്ന പെണ്‍കുട്ടികള്‍ക്ക് ഈ ആദ്യ ഭാഗങ്ങളുമായി നല്ല രീതിയില്‍ തന്നെ റിലേറ്റ് ചെയ്യാന്‍ സാധിക്കും. കോളേജ് കാലത്തെ സ്ത്രീ സൗഹൃദങ്ങളും പരസ്പരം നടത്തുന്ന കളിയാക്കലുകളും ചില വട്ടപ്പേരുകളും ചളിയടികളുമെല്ലാം ഓര്‍മ്മയില്‍ വരും. ഈ സീനുകളില്‍ അനശ്വരയുടെ ശരണ്യയേക്കാള്‍ മനസില്‍ പതിയുക മമിത ബൈജുവിന്റെ സോനയടക്കമുള്ള സുഹൃത്ത് കഥാപാത്രങ്ങളായിരിക്കും. ഇവര്‍ പറയുന്ന ചെറിയ ഡയലോഗുകള്‍ പോലും പൊട്ടിച്ചിരിപ്പിക്കുന്നതാണ്.

സിനിമയില്‍ ഏറെ ഇന്‍ട്രസ്റ്റിങ്ങായ തോന്നിയ ചില കാര്യങ്ങളുണ്ട്. അജിത് മേനോന്‍ എന്ന സ്പൂഫ് കഥാപാത്രമാണ് ഇതില്‍ ആദ്യത്തേത്.  അജിത് മേനോനിലൂടെ അര്‍ജുന്‍ റെഡ്ഡി എന്ന സിനിമയെയും അതിലെ വളരെ സെലിബ്രേറ്റ് ചെയ്യപ്പെട്ട ടോക്‌സിക് നായകനെയും സിനിമയില്‍ ഉടനീളം ട്രോളുന്നുണ്ട്. സകലാവല്ലഭനായ അജിത് മേനോന് ആങ്കര്‍ മാനേജ്‌മെന്റ് മാത്രമില്ലെന്ന ശരണ്യയുടെ സുഹൃത്തിന്റെ ഡയലോഗ് മുതല്‍ അര്‍ജുന്‍ റെഡ്ഡി റഫറന്‍സ് തുടങ്ങും. കൂളിങ്ങ് ഗ്ലാസും താടിയും നീണ്ട മുടിയും പരുക്കന്‍ സംസാരവുമായെത്തുന്ന അജിത് മേനോന്റെ പ്രവര്‍ത്തികള്‍ അത്ര സുഖകരമല്ലെന്ന് ഈ സിനിമ കാണിച്ചു തരുന്നതോടെ ശരിക്കും ആ കുത്ത് കൊള്ളുന്നത് അര്‍ജുന്‍ റെഡ്ഡി ഫാന്‍സിനാണ്.

ഉദാത്ത പ്രണയമല്ല, പകരം അധികാരം സ്ഥാപിക്കലും കണ്‍സെന്റിനോ പേഴ്‌സണല്‍ സ്‌പേസിനോ ഒരു പ്രാധാന്യവും കല്‍പ്പിക്കാതിരിക്കലുമാണ് അര്‍ജുന്‍ റെഡ്ഡി ചെയ്തിരുന്നത് എന്ന് അജിത് മേനോന്‍ ശരണ്യയോട് പെരുമാറുന്ന രീതികളിലൂടെ കാണിച്ചു തരാന്‍ ഗിരീഷ് എ.ഡിക്ക് കഴിഞ്ഞിട്ടുണ്ട്. താന്തോന്നിയായ ഒരു കോമാളിയായി അജിത് മേനോനെ ചിത്രീകരിക്കുന്നതില്‍ സിനിമ വിജയിച്ചിട്ടുണ്ടെങ്കിലും, അര്‍ജുന്‍ റെഡ്ഡിയുടെ സ്വഭാവത്തിന്റെ ഭീകരതകള്‍ അല്‍പം കൂടി വ്യക്തമാക്കാമായിരുന്നു എന്നും തോന്നിയിരുന്നു.

സിനിമയില്‍ പറയാന്‍ ശ്രമിച്ചുവെന്ന് തോന്നിയ ചില കാര്യങ്ങള്‍ നല്ലതായിരുന്നു. പക്ഷെ ഇവ പാതി മാത്രം വെന്ത രൂപത്തിലാണ് വിളമ്പി വെച്ചിരിക്കുന്നത്. സാധാരാണയായി നാട്ടിലെ അതീവ സുന്ദരിയായ പെണ്‍കുട്ടിയുടെ കഥാപാത്രത്തെ സിനിമയില്‍ കാണിക്കുമ്പോള്‍, അവള്‍ക്ക് പിന്നാലെ നടക്കുന്ന പുരുഷന്മാര്‍ നടക്കുന്ന സീനില്‍ കാറ്റും മഴയും പൂക്കാലവും കൊണ്ട് വല്ലാതെ കാല്‍പ്പനികമാക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരം പിന്നാലെ നടക്കലുകള്‍ ആ പെണ്‍കുട്ടിക്ക് സുഖകരമായ അനുഭവമല്ലെന്ന് തുറന്നുകാണിക്കാനാണ് സൂപ്പര്‍ ശരണ്യ ശ്രമിക്കുന്നത്.

തമാശ കലര്‍ത്തിയാണ് ഇവയെല്ലാം കടന്നുവരുന്നതെങ്കില്‍ പോലും, ആ പെണ്‍കുട്ടിയുടെ പേഴ്‌സണല്‍ സ്‌പേസിലേക്കുള്ള കടന്നുകയറ്റങ്ങള്‍ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ മാത്രമാണ് സൃഷ്ടിക്കുന്നതെന്നും ചിത്രം പറയുന്നുണ്ട്. പക്ഷെ പലപ്പോഴും ഇത്തരം ഉള്‍ക്കാഴ്ചകള്‍ തമാശയില്‍ മാത്രമായി മുങ്ങിപ്പോകുന്നു എന്നതാണ് പ്രശ്‌നമാകുന്നത്.

കഥയേക്കാള്‍ കഥാപാത്രങ്ങള്‍ക്കും കഥാപരിസരത്തിനും പ്രാധാന്യമുള്ള സിനിമയാണ് സൂപ്പര്‍ ശരണ്യ. അനശ്വര രാജന്റെ ശരണ്യയാണ് പ്രധാന താരം. പുറത്തെവിടെ ചെന്നാലും മിണ്ടാപ്പൂച്ച എന്ന വിളിപ്പേരുള്ള, എന്നാല്‍ സ്വന്തം മുറി, വീട്, സുഹൃത്തുക്കള്‍ തുടങ്ങിയ അടുപ്പമുള്ള ഇടങ്ങളിലൊക്കെ ദേഷ്യപ്പെടുകയും എല്ലാം തുറന്നുപറയുകയും ചെയ്യുന്നയാളാണ് ശരണ്യ. തനിക്ക് മാത്രമാണ് ദുരിതങ്ങള്‍ സംഭവിക്കുന്നതെന്നു കൂടി നിരന്തരം കരുതുന്ന ഈ കഥാപാത്രത്തെ നമുക്ക് നല്ല പരിചയം തോന്നുകയും ചെയ്യും.

പക്ഷെ, ശരണ്യയുടെ കഥാപാത്രസൃഷ്ടിയില്‍ പലയിടത്തും കെട്ടുറപ്പ് നഷ്ടപ്പെട്ടിരുന്നു. ശരണ്യക്ക് എങ്ങനെയാണ് സൂപ്പര്‍ ശരണ്യ എന്ന പേര് വന്നതെന്നോ ദീപുവിനോടുള്ള പ്രണയത്തിന്റെ കാരണമെന്താണെന്നോ സിനിമയില്‍ നിന്നും വ്യക്തമല്ല. മാത്രമല്ല, കാമുകനോടല്ലാതെ മറ്റൊരാളോടും മറുത്തൊന്നും പറയാത്ത ശരണ്യയുടെ സ്വഭാവം ഒരു പരിധി കഴിയുമ്പോള്‍ പ്രേക്ഷകരില്‍ ഇറിറ്റേഷന്‍ ഉണ്ടാക്കുന്നുണ്ട്. ഇനി ഇതാണോ ഗിരീഷ് എ.ഡി പ്രതികരിക്കാത്തതിരിക്കുന്നതിനെ കുറിച്ച് പ്രേക്ഷകരിലുണ്ടാക്കാന്‍ ശ്രമിച്ച വികാരമെന്നാണ് സംശയം.

സിനിമയിലുടനീളം ചോദിക്കുകയോ പറയുകയോ ചെയ്യാതെ പലരും ശരണ്യയുടെ ജീവിതത്തില്‍ തീരുമാനങ്ങളെടുത്തിട്ടും ഒറ്റ സ്ഥലത്ത് മാത്രമാണ് ഇതിനെതിരെ ശരണ്യ സംസാരിക്കുന്നത്. കഥാപാത്രത്തെ കുറിച്ചുള്ള ഇക്കാര്യങ്ങളൊഴിച്ചു നിര്‍ത്തിയാല്‍, അനശ്വര രാജന്റെ ശരണ്യയായുള്ള പ്രകടനം മികച്ചതായിരുന്നു.

ഈ സിനിമ ഇഷ്ടമായവര്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ആസ്വദിച്ച പ്രകടനം മമിത ബൈജുവിന്റെ സോന എന്ന സോനാരേയെ ആയിരിക്കും. തഗ് ലൈഫ് കഥാപാത്രമാണിത്. സോനയുടെ ബോള്‍ഡായ ആറ്റിറ്റിയൂഡിനെ ട്രോളുന്നത് സിനിമയില്‍ ആവശ്യമായിരുന്നോ എന്ന് തോന്നിയിരുന്നു.
ചിലയിടത്ത് കുറച്ചൊന്ന് നാടകീയമായി തോന്നിയെങ്കിലും സോനയുടെ കൗണ്ടറുകള്‍ നല്ല രീതിയില്‍ മമിത അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തില്‍ അധികം സമയമില്ലെങ്കിലും ശരണ്യയുടെ റൂംമേറ്റ്‌സായെത്തിയ മറ്റു രണ്ടുപേരും വന്ന സീനുകൡലെല്ലാം ഗംഭീരമാക്കിയിട്ടുണ്ട്.

ദീപുവായെത്തിയ അര്‍ജുന്‍ അശോകന്‍ നല്ല പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. നസ്ലന്റെ സംഗീതില്‍ മുന്‍ സിനിമകളുടെ ആവര്‍ത്തനം തോന്നിയെങ്കിലും കണ്ടിരിക്കാന്‍ രസമുണ്ടായിരുന്നു. വിനീത് വിശ്വത്തിന്റെ അരുണ്‍ സാറും വിനീത് വാസുദേവന്റെ അജിത് മേനോനുമാണ് കൂട്ടത്തില്‍ ഗംഭീരമാക്കിയിരിക്കുന്നത്. കരിക്ക് ഫെയിം സ്‌നേഹ ബാബുവിന്റെ ദീപ്തിയും സജിന്‍ ചെറുകയിലിന്റെ അഭിയേട്ടനും അഭിനയത്തില്‍ മുന്നിട്ടുനില്‍ക്കുന്നുണ്ട്.

ഗിരീഷ് എ.ഡി.

എന്നാല്‍ പാളിപ്പോയ തിരക്കഥയും സംവിധാനവും രണ്ടേമുക്കാല്‍ മണിക്കൂറെന്ന ദൈര്‍ഘ്യവും സൂപ്പര്‍ ശരണ്യയെ കാര്യമായി ബാധിച്ചിട്ടുണ്ട്. രണ്ടേ മുക്കാല്‍ മണിക്കൂറെന്നത് ഈ പ്ലോട്ടിന് അനാവശ്യമായിരുന്നു എന്ന് മാത്രമല്ല, രണ്ടാം പകുതിയിലെ വലിച്ചുനീട്ടലുകള്‍ ആദ്യ ഭാഗത്തിന്റെ ഭംഗി കൂടി ഇല്ലാതാക്കുന്നുണ്ട്.

തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ ജീവിതത്തെ നന്നായി നിരീക്ഷിച്ച് വാര്‍ത്തെടുത്ത സിറ്റുവേഷനല്‍ കോമഡികളുടെ വൈഭവം കാണാമായിരുന്നെങ്കില്‍ ഈ ചിത്രത്തില്‍ ഗിരീഷ് എ.ഡിയുടെ ആ തിളക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. അശുഭ മംഗളകാരി എന്ന ആ പാട്ട് നല്‍കിയ അനുഭവത്തിന്റെ ഒപ്പമെത്താന്‍ സാധിക്കാതെയാണ് സൂപ്പര്‍ ശരണ്യ അവസാനിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Super Sharanya Movie Review| Gireesh AD| Answara Rajan| Mamitha Baiju

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more