| Saturday, 8th January 2022, 1:43 pm

അജിത് മേനോനിലൂടെ 'അര്‍ജുന്‍ റെഡ്ഡി'യെ കൊട്ടി സൂപ്പര്‍ ശരണ്യ; സെലിബ്രേറ്റ് ചെയ്യപ്പെട്ട ടോക്സിക് നായകനെ പൊളിച്ചടുക്കി ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വന്‍ താരനിരയൊന്നുമില്ലാതെ, എത്തി പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടുകയാണ് ഗിരീഷ് എ.ഡിയുടെ സംവിധാനത്തിലൊരുങ്ങിയ സൂപ്പര്‍ ശരണ്യ. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ജീവിതവും കോളേജുമൊക്കെ ഇതിവൃത്തമാക്കി ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ പ്ലസ് ടു കാലഘട്ടത്തിലെ കുട്ടികളുടെ വികാരങ്ങളും പ്രണയവും സൗഹൃദങ്ങളുമെല്ലാം മികവുറ്റ രീതിയില്‍ പ്രേക്ഷകനുമുന്നില്‍ എത്തിച്ച ഗിരീഷ് എ.ഡി സൂപ്പര്‍ ശരണ്യയിലും ആ മികവ് ആവര്‍ത്തിക്കുന്നുണ്ട്.

ചിത്രത്തില്‍ ഏറെ ഇന്‍ട്രസ്റ്റിങ്ങായ തോന്നിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്. അതിലൊന്നാണ് അജിത് മേനോന്‍ എന്ന സ്പൂഫ് കഥാപാത്രം.

അജിത് മേനോനിലൂടെ അര്‍ജുന്‍ റെഡ്ഡി എന്ന സിനിമയെയും അതിലെ വളരെ സെലിബ്രേറ്റ് ചെയ്യപ്പെട്ട ടോക്സിക് നായകനെയുമാണ് സിനിമ ഉടനീളം ട്രോളുന്നത്.

‘സകലാവല്ലഭനായ അജിത് മേനോന് ആങ്കര്‍ മാനേജ്മെന്റ് മാത്രമില്ലെന്ന’ ശരണ്യയുടെ സുഹൃത്തിന്റെ ഡയലോഗ് മുതല്‍ അര്‍ജുന്‍ റെഡ്ഡി റഫറന്‍സ് തുടങ്ങും.

കൂളിങ്ങ് ഗ്ലാസും താടിയും നീണ്ട മുടിയും പരുക്കന്‍ സംസാരവുമായെത്തുന്ന അജിത് മേനോന്റെ പ്രവര്‍ത്തികള്‍ അത്ര സുഖകരമല്ലെന്ന് ഈ സിനിമ കാണിച്ചു തരുന്നതോടെ ശരിക്കും ആ കുത്ത് കൊള്ളുന്നത് അര്‍ജുന്‍ റെഡ്ഡി ഫാന്‍സിനാണെന്ന് വേണമെങ്കില്‍ പറയാം.

ഉദാത്ത പ്രണയമല്ല, പകരം അധികാരം സ്ഥാപിക്കലും കണ്‍സെന്റിനോ പേഴ്സണല്‍ സ്പേസിനോ ഒരു പ്രാധാന്യവും കല്‍പ്പിക്കാതിരിക്കലുമാണ് അര്‍ജുന്‍ റെഡ്ഡി ചെയ്തിരുന്നത് എന്ന്, അജിത് മേനോന്‍ ശരണ്യയോട് പെരുമാറുന്ന രീതികളിലൂടെ കാണിച്ചു തരാന്‍ ഗിരീഷ് എ.ഡിക്ക് കഴിഞ്ഞിട്ടുണ്ട്.

താന്തോന്നിയായ ഒരു കോമാളിയായി അജിത് മേനോനെ ചിത്രീകരിക്കുന്നതില്‍ സിനിമ വിജയിച്ചിട്ടുണ്ടെങ്കിലും, അര്‍ജുന്‍ റെഡ്ഡിയുടെ സ്വഭാവത്തിന്റെ ഭീകരതകള്‍ അല്‍പം കൂടി വ്യക്തമാക്കാമായിരുന്ന അഭിപ്രായവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

നല്ല റിയലിസ്റ്റിക് ഫീലുള്ള തമാശകള്‍ ചേര്‍ത്ത് പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ജീവിതവും കോളേജുമൊക്കെ പ്രേക്ഷകനുമുന്‍പില്‍ അവതരിപ്പിക്കുന്നതില്‍ സൂപ്പര്‍ ശരണ്യ ഒരുപരിധിവരെ വിജയിച്ചുവെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.

കഥയേക്കാള്‍ കഥാപാത്രങ്ങള്‍ക്കും കഥാപരിസരത്തിനും പ്രാധാന്യമുള്ള സിനിമയാണ് സൂപ്പര്‍ ശരണ്യ. അനശ്വര രാജന്റെ ശരണ്യയാണ് പ്രധാന താരം. പുറത്തെവിടെ ചെന്നാലും മിണ്ടാപ്പൂച്ച എന്ന വിളിപ്പേരുള്ള, എന്നാല്‍ സ്വന്തം മുറി, വീട്, സുഹൃത്തുക്കള്‍ തുടങ്ങിയ അടുപ്പമുള്ള ഇടങ്ങളിലൊക്കെ ദേഷ്യപ്പെടുകയും എല്ലാം തുറന്നുപറയുകയും ചെയ്യുന്നയാളാണ് ശരണ്യ. തനിക്ക് മാത്രമാണ് ദുരിതങ്ങള്‍ സംഭവിക്കുന്നതെന്നു കൂടി നിരന്തരം കരുതുന്ന ഈ കഥാപാത്രത്തെ പലര്‍ക്കും കണക്ട് ചെയ്യാനും സാധിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more