| Sunday, 10th May 2020, 12:34 pm

നാട്ടിലേക്കെത്താന്‍ സ്വകാര്യ വിമാനങ്ങളുടെ അനുമതിക്കായി അതിധനികര്‍; അപേക്ഷകള്‍ പരിഗണിക്കാതെ കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ വിമാനങ്ങളില്‍ തിരിച്ചുവരാന്‍ അപേക്ഷ നല്‍കി രാജ്യത്തെ ധനികര്‍. വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുടുംബാംഗങ്ങളെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ അനുമതിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഇവര്‍.

സ്വകാര്യ വിമാനത്തില്‍ നാട്ടിലേക്കെത്താന്‍ അനുമതി ആവശ്യപ്പെട്ട് കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് 20ഓളം അപേക്ഷകളാണ് ലഭിച്ചതെന്ന് ദ് പ്രിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

സഹാറ ഇന്ത്യയുടെ തലവന്‍ സുബ്രതാ റോയ്, ഭാരതി എയര്‍ടെല്‍ തലവന്‍ ഭാരതി മിത്താല്‍, എസ്സെല്‍ മീഡിയ ഗ്രൂപ്പ്/ സീ മീഡിയ ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര തുടങ്ങിയവരുടെ സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ അപേക്ഷകളും ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.

സുബ്രതാ റോയുടെ മകന്‍ ശ്രീലങ്കയിലെ കൊളൊമ്പോയിലും സുഭാഷ് ചന്ദ്രയുടെ കുടുംബാംഗം ദുബായിലും കുടുങ്ങിക്കിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുമുള്ള വൃത്തങ്ങള്‍ അറിയിച്ചു.

സുബ്രതാ റോയിയുമായും മിത്താലുമായും ചന്ദ്രയുമായും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ലെന്ന് പ്രിന്റ് റിപ്പോര്‍ട്ടു ചെയ്തു.

അതേസമയം ആഭ്യന്തര വകുപ്പിന്റെ കര്‍ശന നിര്‍ദേശമനുസരിച്ച് സ്വകാര്യ വിമാനങ്ങളൊന്നും നിലവിലെ സാഹചര്യത്തില്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും നിരവധി സ്വകാര്യ വിമാനങ്ങളുടെ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഡി.ജി.സി.എയും അത്തരം അപേക്ഷകളെ നിലവില്‍ പരിഗണിക്കുന്നില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more