| Sunday, 21st July 2024, 12:28 pm

മലപ്പുറം എഫ്.സിയുടെ ആശാൻ ബെക്കാമിന്റെയും റൂണിയുടെയും നാട്ടുകാരൻ; കിരീടപ്പോരിനൊരുങ്ങി KL10

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണിന്റെ ആവേശത്തിലാണ് കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍. സെപ്റ്റംബറിൽ ആരംഭിക്കുന്ന ടൂര്‍ണമെന്റിനു മുന്നോടിയായി മലപ്പുറം എഫ്.സി തങ്ങളുടെ പുതിയ പരിശീലകനെ നിയമിച്ചിരിക്കുകയാണ്. ഇംഗ്ലണ്ട് പരിശീലകന്‍ ജോണ്‍ ഗ്രിഗറിയെയാണ് മലപ്പുറം എഫ്.സിയുടെ പരിശീലകനായി നിയമിച്ചത്.

തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ക്ലബ്ബ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ചെന്നൈയിന്‍ എഫ്.സിയുടെ മുന്‍ പരിശീലകനായിരുന്നു ഗ്രിഗറി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സൂപ്പര്‍ മച്ചാന്‍സിനെ തങ്ങളുടെ രണ്ടാം ഐ.എസ്.എല്‍ കിരീടത്തിലേക്ക് നയിച്ചിരുന്നത് ജോണ്‍ ഗ്രിഗറി ആയിരുന്നു. 2018ലായിരുന്നു ജോണിന്റെ കീഴില്‍ ചെന്നൈ കിരീടം സ്വന്തമാക്കിയത്.

2018 സീസണില്‍ ലീഗില്‍ 18 മത്സരങ്ങളില്‍ നിന്നും ഒമ്പത് വിജയവും അഞ്ച് സമനിലയും നാല് തോല്‍വിയും അടക്കം 32 പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്നു ചെന്നൈ ഫിനിഷ് ചെയ്തിരുന്നത്. ആ സീസണില്‍ 40 പോയിന്റുമായി ഒന്നാം സ്ഥാനം സ്വന്തമാക്കിയ ബെംഗളൂരുവിനെ ഫൈനലില്‍ വീഴ്ത്തിയായിരുന്നു ചെന്നൈ കിരീടം ചൂടിയത്. ഇതിനുമുമ്പ് ഒരുപിടി മികച്ച ക്ലബ്ബുകള്‍ക്കൊപ്പം പരിശീലക കുപ്പായമണിഞ്ഞ പരിചയസമ്പത്ത് ഗ്രിഗറിക്കുണ്ട്.

ഇംഗ്ലീഷ് ക്ലബ്ബുകളായ ആസ്റ്റണ്‍ വില്ല, വൈകോംബ് വാണ്ടറേഴ്സ്, പോര്‍ട്ട്‌സ്മൗത്ത് എഫ്.സി, ഡെര്‍ബി കൗണ്ടി, ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സ്, ക്രാളി ടൗണ്‍ എഫ്.സി എന്നീ ക്ലബ്ബുകളുടെ പരിശീലകനായി ഗ്രിഗറി ചുമതല ഏറ്റിട്ടുണ്ട്.

ഇംഗ്ലണ്ടിന് പുറത്ത് ഇസ്രഈലിലും കസാക്കിസ്ഥാനിലും ഗ്രിഗറി തന്റെ മാനേജിങ് കരിയര്‍ നടത്തിയിട്ടുണ്ട്. ഇസ്രഈല്‍ ക്ലബ്ബുകള്‍ ആയ മക്കാബി അഹി നസ്രത്ത് എഫ്.സി, എഫ്.സി അഷ്ദോദ് ടീമുകളെയും കസാക്കിസ്ഥാന്‍ ക്ലബ്ബ് എഫ്.സി കൈരാട്ടിനെയും ഗ്രിഗറി പരിശീലിപ്പിച്ചു.

ജോണ്‍ ഗ്രിഗറിയെ പരിശീലകനായി നിയമിച്ചതിന്റെ സന്തോഷം എം.എഫ്.സി ഫുട്‌ബോള്‍ ഓപ്പറേഷന്‍സ് മേധാവി വില്‍ബര്‍ ലസ്രാഡോ പങ്കുവയ്ക്കുകയും ചെയ്തു.

‘ജോണ്‍ മികച്ച അനുഭവസമ്പത്തും മത്സരങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണയുമുള്ള ഒരാളാണ്. കളിക്കളത്തില്‍ ഒരുപാട് മികച്ച ട്രാക്ക് റെക്കോര്‍ഡുകള്‍ ഇദ്ദേഹത്തിനുണ്ട്. സൂപ്പര്‍ ലീഗ് കേരളയുടെ അരങ്ങേറ്റ സീസണില്‍ തന്നെ അദ്ദേഹത്തെ പോലൊരു കോച്ചിന്റെ കീഴില്‍ ഇറങ്ങുന്നത് മികച്ച ഒന്നായിരിക്കും. അദ്ദേഹം മികച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് ടീമിനെ മുന്നോട്ടു നയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ആരാധകര്‍ക്ക് ഈ സീസണില്‍ വളരെയധികം പ്രതീക്ഷിക്കാം,’ വില്‍ബര്‍ ലസ്രാഡോ പറഞ്ഞു.

Content Highlight: Super League Kerala Malappuram FC Appointed John Gregory New Coach

We use cookies to give you the best possible experience. Learn more