മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്.സിയെ പരാജയപ്പെടുത്തി കണ്ണൂര്‍ വാറിയേഴ്‌സ്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കണ്ണൂര്‍ വിജയിച്ചുകയറിയത്. ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിക്കാനും കണ്ണൂര്‍ വാറിയേഴ്‌സിനായി.
കണ്ണൂരിനായി എസിയര്‍, അഡ്രിയാന്‍ എന്നിവര്‍ വലകുലുക്കിയപ്പോള്‍ ഫസലു റഹ്‌മാനാണ് മലപ്പുറത്തിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
ആള്‍ഡലിര്‍ – ജോസബ – സാഞ്ചസ് എന്നീ സ്പാനിഷ് താരങ്ങളെ മധ്യ – മുന്നേറ്റനിരകളില്‍ വിന്യസിച്ചാണ് കോച്ച് ജോണ്‍ ഗ്രിഗറി മലപ്പുറത്തെ അണിനിരത്തിയത്. മറുഭാഗത്ത് അല്‍വാരോ – എസിയര്‍ – അഡ്രിയാന്‍ സ്പാനിഷ് ത്രയത്തെ മാനുവല്‍ സാഞ്ചസും കണ്ണൂരിനായി ആദ്യ ഇലവനില്‍ കളത്തിലിറക്കി.
വാം അപ്പിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ അനസ് എടത്തൊടികയെ കളത്തിലിറക്കാന്‍ മലപ്പുറത്തിന് സാധിച്ചില്ല. പകരം
ആള്‍ഡലിര്‍ ആണ് ടീമിനെ നയിച്ചത്.
മൂന്നാം മിനിറ്റില്‍ ഫസലു റഹ്‌മാനിലൂടെ മലപ്പുറമാണ് ആക്രമണത്തിന് തുടക്കം കുറിച്ചത് എങ്കിലും പതിനാലാം മിനിറ്റില്‍ കണ്ണൂര്‍ ഗോള്‍ നേടി. എസിയര്‍ നീട്ടി നല്‍കിയ പന്തില്‍ കണ്ണൂര്‍ നായകന്‍ അഡ്രിയാന്‍ എതിര്‍ ഗോളിക്ക് അവസരം നല്‍കാതെ അനായാസം സ്‌കോര്‍ ചെയ്തു.
മത്സരം കൃത്യം അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ കണ്ണൂര്‍ ലീഡ് ഇരട്ടിയാക്കി. യുവതാരം മുഹമ്മദ് റിഷാദ് നല്‍കിയ പന്ത് രണ്ട് പ്രതിരോധനിരക്കാരെ മറികടന്ന് എസിയര്‍ വലയിലേക്ക് അടിച്ചു കയറ്റി. സ്‌കോര്‍ 2-0.
View this post on Instagram
ആദ്യ പകുതി അവസാനിക്കാന്‍ നാല് മിനിറ്റ് ശേഷിക്കെ മലപ്പുറം തിരിച്ചടിച്ചു. പെനാല്‍റ്റി ബോക്‌സിന്റെ ഇടത് മൂലയില്‍ നിന്ന് ലോങ് റെയ്ഞ്ചര്‍ പറത്തി ഫസലു റഹ്‌മാനാണ് സ്‌കോര്‍ ചെയ്തത് 2-1. ലീഗില്‍ ഫസലുവിന്റെ രണ്ടാം ഗോളാണിത്. ഇതോടെ ആദ്യ പകുതി 2-1 ന് അവസാനിച്ചു.
രണ്ടാം പകുതിയില്‍ മലപ്പുറം കൂടുതല്‍ കരുത്തോടെ ആക്രമണത്തിനിറങ്ങി. 52ാം മിനിറ്റില്‍ സാഞ്ചസിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഹെഡ്ഡര്‍ പുറത്തേക്ക് പോയി. 65ാം മിനിറ്റില്‍ ബ്രസീല്‍ താരം ബാര്‍ബോസ മലപ്പുറത്തിനായി ലക്ഷ്യം കണ്ടെങ്കിലും റഫറി സുരേഷ് ദേവരാജ് ഓഫ്‌സൈഡ് വിധിച്ചു.
കളിക്കാരെ നിരന്തരം മാറ്റി പരീക്ഷിച്ച് ഇരു ടീമുകളും രണ്ടാം പകുതിയില്‍ ഗോളിനായി ശ്രമിച്ചെങ്കിലും വലയനങ്ങിയില്ല. തുടര്‍ച്ചയായി മൂന്ന് മത്സരം ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തില്‍ കളിച്ചെങ്കിലും ഇവിടെ ഒരു വിജയം നേടാന്‍ മലപ്പുറത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
നാല് കളികളില്‍ എട്ട് പോയന്റുമായി കണ്ണൂര്‍ പട്ടികയില്‍ ഒന്നാമത് നില്‍ക്കുമ്പോള്‍ ഇത്രയും കളികളില്‍ നാല് പോയന്റുള്ള മലപ്പുറം നാലാമതാണ്.
Content Highlight: Super League Kerala: Kannur Warriors defeated Malappuram FC