പ്രഥമ മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനലില്‍ ഫോഴ്സ കൊച്ചി എഫ്.സി കാലിക്കറ്റ് എഫ്.സിയെ നേരിടും. രണ്ടാം സെമിയില്‍ കണ്ണൂര്‍ വാറിയേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കൊച്ചി കലാശപ്പോരാട്ടത്തിന് ടിക്കറ്റ് ഉറപ്പിച്ചത്.
കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം ബ്രസീലിയന്‍ താരം ഡോറിയല്‍ട്ടന്‍ ഗോമസാണ് കൊച്ചിയുടെ രണ്ട് ഗോളുകളും നേടിയത്.
View this post on Instagram
View this post on Instagram
സ്പെയ്ന്‍ താരം അഡ്രിയാന്‍ സെര്‍ദിനേറോ കണ്ണൂരിനെയും ടുണിഷ്യക്കാരന്‍ സൈദ് മുഹമ്മദ് നിദാല്‍ കൊച്ചിയെയും നയിച്ച മത്സരത്തിന്റെ ആദ്യ കാല്‍ മണിക്കൂറില്‍ ഗോള്‍ സാധ്യതയുള്ള ഒരു നീക്കം പോലും ഇരു ഭാഗത്ത് നിന്നും കാണാന്‍ കഴിഞ്ഞില്ല.
പതിനാറാം മിനിറ്റില്‍ ഡോറിയല്‍ട്ടന്‍ ഒത്താശ ചെയ്ത പന്തില്‍ നിജോ ഗില്‍ബര്‍ട്ടിന്റെ ഗോള്‍ ശ്രമം കണ്ണൂര്‍ പോസ്റ്റിന്റെ മുകളിലൂടെ പറന്നു.
കൊച്ചിയുടെ കമല്‍പ്രീത് സിങ്ങിന് മഞ്ഞക്കാര്‍ഡ് ലഭിച്ചതിന് പിന്നാലെ ഇരുപത്തിമൂന്നാം മിനിറ്റില്‍ നിജോയുടെ മറ്റൊരു ശ്രമം കണ്ണൂര്‍ ഗോള്‍ കീപ്പര്‍ അജ്മല്‍ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി.
നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ കണ്ണൂരിന്റെ റിഷാദ് ഗഫൂറിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു.
സംഘടിത നീക്കങ്ങളോ ഗോള്‍ ലക്ഷ്യം വെച്ചുള്ള തന്ത്രങ്ങളോ പിറക്കാതെപോയ ഒന്നാം പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.
View this post on Instagram
അന്‍പതാം മിനിറ്റില്‍ സെര്‍ദിനേറോയെ ഫൗള്‍ ചെയ്തതിന് അജയ് അലക്‌സിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ബോക്‌സിന് തൊട്ടു മുന്നില്‍ വെച്ച് ലഭിച്ച ഫ്രീകിക്ക് പക്ഷെ കണ്ണൂരിന് മുതലാക്കാനായില്ല.
അറുപത്തിരണ്ടാം മിനിറ്റില്‍ അബിന്‍, നജീബ്, ഹര്‍ഷല്‍ എന്നിവരെ കണ്ണൂര്‍ പകരക്കാരായി കളത്തിലിറക്കി. കൊച്ചി ബസന്ത സിങ്ങിനും അവസരം നല്‍കി.
എഴുപത്തിമൂന്നാം മിനിറ്റില്‍ കൊച്ചി ഗോള്‍ നേടി. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ ലഭിച്ച പന്ത് ഡോറിയല്‍ട്ടന്‍ ഗോമസ് ബൈസിക്കിള്‍ കിക്കിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.
View this post on Instagram
ആദ്യ ഗോള്‍ പിറന്ന് ആറ് മിനിറ്റിനകം ഡോറിയല്‍ട്ടന്‍ വീണ്ടും സ്‌കോര്‍ ചെയ്തു. ഇടതു വിങ്ങിലൂടെ മുന്നേറി ഡോറിയല്‍ട്ടന്‍ തൊടുത്ത ഗ്രൗണ്ടര്‍ കണ്ണൂര്‍ ഗോളി അജ്മലിന്റെ കൈകള്‍ക്ക് ഇടയിലൂടെ പോസ്റ്റില്‍ കയറി. ലീഗില്‍ ബ്രസീലിയന്‍ താരത്തിന്റെ ഏഴാം ഗോളാണിത്.
പത്താം തീയ്യതി കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയമാണ് കാലിക്കറ്റ് എഫ്‌സി – ഫോഴ്‌സ കൊച്ചി എഫ്‌സി ഗ്രാന്‍ഡ് ഫൈനലിന് വേദിയാവുക. നേരത്തെ തിരുവനന്തപുരം കൊമ്പന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് കാലിക്കറ്റ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
Content Highlight: Super League Kerala: Forca Kochi defeated Kannur Warriors and advanced to the final