മലപ്പുറം എഫ്.സി ഇനി ഡബിൾ സ്ട്രോങ്ങ്; ഇന്ത്യൻ വന്മതിൽ അനസ് എടത്തൊടികയെ റാഞ്ചി
Football
മലപ്പുറം എഫ്.സി ഇനി ഡബിൾ സ്ട്രോങ്ങ്; ഇന്ത്യൻ വന്മതിൽ അനസ് എടത്തൊടികയെ റാഞ്ചി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th July 2024, 9:14 am

സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണ്‍ ആരംഭിക്കാന്‍ പോവുന്നതിന്റെ ആവേശത്തിലാണ് ഫുട്ബോള്‍ ആരാധകര്‍. ടൂര്‍ണമെന്റിന്റെ ആദ്യ സീസണിനായി വമ്പന്‍ താരങ്ങളെ ടീമില്‍ എത്തിച്ചുകൊണ്ട് ടീം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍. ഇപ്പോഴിതാ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ഒരു തകര്‍പ്പന്‍ സൈനിങ് നടത്തിയിരിക്കുകയാണ് മലപ്പുറം എഫ്.സി.

മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ അനസ് എടത്തൊടികയെയാണ് മലപ്പുറം എഫ്.സി ടീമില്‍ എത്തിച്ചത്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് മലപ്പുറം എഫ്.സി ഇക്കാര്യം പുറത്തുവിട്ടത്.

കഴിഞ്ഞ ഐ ലീഗ് സീസണില്‍ ഗോകുലം കേരള എഫ്.സിക്ക് വേണ്ടിയായിരുന്നു അനസ് അവസാനമായി ബൂട്ട് കെട്ടിയത്. ഫുട്‌ബോളില്‍ മികച്ച അനുഭവസമ്പത്തുള്ള അനസ് മലപ്പുറത്തിന് വേണ്ടി കളിക്കുന്നത് ടീമിലുള്ള മറ്റ് യുവതാരങ്ങള്‍ക്ക് വലിയ പ്രചോദനമായിരിക്കും നല്‍കുക.

2019ല്‍ അനസ് എടത്തൊടിക അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് താരം വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് തിരിച്ചു വരികയായിരുന്നു. ഒഡിഷ എഫ്.സി മോഹന്‍ ബഗാന്‍, കേരളാ ബ്ലാസ്റ്റേഴ്സ്, ഡല്‍ഹി ഡൈനാമോസ്, അത്ലറ്റികോ ഡി കൊല്‍ക്കത്ത, പൂനെ, ഗോകുലം കേരള എഫ്.സി തുടങ്ങിയ ടീമുകള്‍ക്കെല്ലാം വേണ്ടി അനസ് കളിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് പരിശീലകന്‍ ജോണ്‍ ഗ്രിഗറിയെ മലപ്പുറം എഫ്.സിയുടെ പരിശീലകനായി അടുത്തിടെ നിയമിച്ചിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്.സിയുടെ മുന്‍ പരിശീലകനായിരുന്നു ഗ്രിഗറി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സൂപ്പര്‍ മച്ചാന്‍സിനെ തങ്ങളുടെ രണ്ടാം ഐ.എസ്.എല്‍ കിരീടത്തിലേക്ക് നയിച്ചിരുന്നത് ജോണ്‍ ഗ്രിഗറി ആയിരുന്നു. 2018ലായിരുന്നു ജോണിന്റെ കീഴില്‍ ചെന്നൈ കിരീടം സ്വന്തമാക്കിയത്.

ഇംഗ്ലീഷ് ക്ലബ്ബുകളായ ആസ്റ്റണ്‍ വില്ല, വൈകോംബ് വാണ്ടറേഴ്‌സ്, പോര്‍ട്ട്സ്മൗത്ത് എഫ്.സി, ഡെര്‍ബി കൗണ്ടി, ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്സ്, ക്രാളി ടൗണ്‍ എഫ്.സി എന്നീ ക്ലബ്ബുകളുടെ പരിശീലകനായി ഗ്രിഗറി ചുമതല ഏറ്റിട്ടുണ്ട്. വ്യത്യസ്ത ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള അനുഭവസമ്പത്തുള്ള ഗ്രിഗറിക്കൊപ്പം അനസ് കൂടിച്ചേരുന്നതോടെ ടീം കൂടുതല്‍ ശക്തമായി മാറും എന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

അതേസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് സമാനമായ രീതിയിലാണ് സൂപ്പര്‍ ലീഗ് കേരള സംഘടിപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക ടൂര്‍ണമെന്റായി ഇത് മാറും. വിവിധ ജില്ലകളില്‍ നിന്നുള്ള ആറ് ടീമുകളാണ് സൂപ്പര്‍ ലീഗില്‍ കളിക്കുക. സെപ്തംബര്‍ ഒന്നിന് കൊച്ചിയിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്.

 

Content Highlight: Super League Kerala Club Malappuram FC Signed Anas Edathodika