| Saturday, 2nd January 2021, 5:50 pm

32 വൈസ് പ്രസിഡണ്ടുമാര്‍, 57 ജനറല്‍ സെക്രട്ടറിമാര്‍; സൂപ്പര്‍ ജംബോ കമ്മിറ്റി കൊണ്ട് കോണ്‍ഗ്രസിന് രക്ഷയില്ലെന്ന് കാര്‍ത്തി ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് കോണ്‍ഗ്രസില്‍ വീണ്ടും കലാപക്കൊടി ഉയര്‍ത്തി ശിവഗംഗ എം.പിയും പി. ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരം. സംസ്ഥാന നേതൃത്വത്തിലേക്ക് തെരഞ്ഞെടുത്ത പുതിയ ടീമിനെതിരെയാണ് കാര്‍ത്തി രംഗത്തെത്തിയത്.

‘തമിഴ്നാട് കോണ്‍ഗ്രസിന് വേണ്ടത് ഒരു സൂപ്പര്‍ ജംബോ കമ്മിറ്റിയല്ല സമഗ്രമായ ടീമാണ്. ഈ വലിയ കമ്മിറ്റികള്‍ കൊണ്ട് ഒരു കാര്യവുമില്ല. തെരഞ്ഞെടുപ്പിന് 90 ദിവസം മാത്രം ശേഷിക്കെ ഞങ്ങള്‍ക്ക് അധികാരവും ഉത്തരവാദിത്തവുമുള്ള ഒരു ടീം ആവശ്യമാണ്’, കാര്‍ത്തി പറഞ്ഞു.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസിന് 32 വൈസ് പ്രസിഡണ്ടുമാരേയും 57 ജനറല്‍ സെക്രട്ടറിമാരേയും 104 സെക്രട്ടറിമാരേയും തെരഞ്ഞെടുത്തിരുന്നു.

എന്നാല്‍ ഇത്തരം ജംബോ കമ്മിറ്റികള്‍കൊണ്ട് ഒരു കാര്യവുമില്ലെന്ന് കാര്‍ത്തി ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സംഘടനാ ചുമതലയുള്ള കെ.സി വേണുഗോപാല്‍ എന്നിവരെ ടാഗ് ചെയ്തായിരുന്നു കാര്‍ത്തിയുടെ ട്വീറ്റ്.

നിലവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഏഴ് എം.എല്‍.എമാരും എട്ട് എം.പിമാരുമാണുള്ളത്.

നേരത്തെ രാജ്യത്ത് ഒരിടത്തും ബി.ജെ.പിക്ക് ബദല്‍ ആകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ അഭിപ്രായത്തെ അനുകൂലിച്ച് കാര്‍ത്തി രംഗത്തെത്തിയിരുന്നു.

ആത്മപരിശോധനയ്ക്കും ആശയരൂപവത്കരണത്തിനും കൂടിയാലോചനയ്ക്കും പ്രവര്‍ത്തനത്തിനും നമുക്ക് സമയമായിരിക്കുന്നു- എന്നായിരുന്നു കാര്‍ത്തിയുടെ അന്നത്തെ ട്വീറ്റ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Super Jumbo Committee’: Karti Chidambaram’s Outburst Exposes Congress Faultlines Ahead of TN Polls

We use cookies to give you the best possible experience. Learn more