അഭ്രപാളിയിലെ ആ സൂപ്പര്‍ എഡിറ്റര്‍ ജീവിതം കൂട്ടിചേര്‍ക്കാന്‍ ഓട്ടോ ഡ്രൈവറായ കഥ
Daily News
അഭ്രപാളിയിലെ ആ സൂപ്പര്‍ എഡിറ്റര്‍ ജീവിതം കൂട്ടിചേര്‍ക്കാന്‍ ഓട്ടോ ഡ്രൈവറായ കഥ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th November 2017, 5:39 pm

പെരിങ്ങോം: പൊന്നമ്പാറ ഓട്ടോ സ്റ്റാന്റിലെ ദര്‍ശന്‍ എന്ന ഓട്ടോറിക്ഷ അത്ര സുപരിചിതമല്ലെങ്കിലും ഓട്ടോ ഡ്രൈവറെ അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല. മലയാള സിനിമയുമായി അഭേദ്യ ബന്ധം പുലര്‍ത്തിയ കൈകളില്‍ ഇന്ന് ബാക്കിയുള്ളത് ഒരുപിടി പ്രരാബ്ദവും, പിന്നെ കുറെ ചിതലരിക്കാത്ത ഓര്‍മ്മകളുമാണ്. ഒരു കാലത്ത് മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളെ മിനുക്കെയെടുത്ത ഫിലിം എഡിറ്ററാണ് ഇന്ന് വിധിയുടെ എഡിറ്റിംഗില്‍ മുറിഞ്ഞുപോയ ജീവിതം കൂട്ടിച്ചേര്‍ക്കാന്‍ പരക്കം പായുന്നത്. അതിനിടയില്‍ വീണു കിട്ടിയ കാക്കി കുപ്പായം കെ.നാരായണന്‍ എന്ന ഫിലിം എഡിറ്റര്‍ മനസ്സാ വരിച്ചു.

അഭ്രപാളിയിലെത്തിയ ചിത്രങ്ങള്‍ വര്‍ണ്ണങ്ങള്‍ നിറഞ്ഞപ്പോള്‍ സ്വന്തം ജീവിതത്തില്‍ നിറം പകരാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തനിച്ച് നടക്കാന്‍ കഴിയാത്ത മകന്‍ ദര്‍ശന് താങ്ങായി ആരോടും പരാതിയില്ലാതെ മൂന്നു ചക്രങ്ങളുടെ ചലനത്തിന് അനുസരിച്ച് തിരിഞ്ഞുകൊണ്ടിരിക്കുകയാണ്.

മാത്തില്‍ സ്വദേശിയായ നാരായണനെ പുതുതലമുറയില്‍ ആര്‍ക്കും അ്‌റിയില്ല. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം മുതല്‍ പ്രിയദര്‍ശന്റെ തേന്‍മാവിന്‍ കൊമ്പത്ത് വരെ മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങളായിരുന്ന ചിത്രങ്ങളില്‍ എഡിറ്ററുടെ മുഖ്യ സഹായിയായിരുന്നു നാരായണന്‍. പിന്നെയുമുണ്ട്, ചിത്രം, ലാല്‍സലാം, ആയിരപ്പറ, പൊന്തന്‍മാട, കിലുക്കം, വന്ദനം, മിഥുനം, ഡാനി, ചിത്രങ്ങളുടെ നിര നീണ്ടെങ്കിലും നാരായണന്റെ ജീവിതം അതുപോലെ സൂപ്പര്‍ഹിറ്റുകളായില്ല.
പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ സിനിമാ എഡിറ്റിംഗ് മോഹം പൂര്‍ത്തികരിക്കാന്‍ നാരായണന്‍ ചെന്നൈക്ക് വണ്ടി കയറി. മൂത്ത സഹോദരനും ഇന്നത്ത പ്രശസ്ത സിനിമ പ്രൊഡക്ഷന്‍ ക്ംട്രോളറുമായ സെവന്‍ ആര്‍ട്സ് മോഹന്റെ സഹായമുണ്ടായിരുന്നു കൂട്ടിന്. അങ്ങനെ വിജയവാഹിനി സ്റ്റുഡിയോയില്‍ എഡിറ്റിംഗ് ജീവിതം ആരംഭിച്ചു.


Also Read അള്ളാ ബിലാല്‍ ഇക്ക; ബോക്‌സോഫീസ് കീഴടക്കാന്‍ ബിലാല്‍ തിരിച്ച് വരുന്നു, കൂടെ ദുല്‍ഖറും?


ഭരതന്റെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം 120 വാള്‍ട്ട് ബള്‍ബിന്റ് പ്രകാശം പരത്തി നാരായണന്റെ ജീവിതത്തില്‍. പിന്നെ ഒരു തിരിഞ്ഞുനോട്ടം ഉണ്ടായിട്ടില്ല. മാനുവല്‍ എഡിറ്റിംഗിന്റെ കാലത്തെ സഹായികളായി കൂടിയിരുന്ന എഡിറ്റര്‍മാര്‍ക്ക് സ്വതന്ത്ര എഡിറ്റിംഗ് എന്നും ഒരു സ്വപ്നം മാത്രമായിരുന്നു.

ജീവിതത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയത് വിവാഹത്തോടെയായിരുന്നു. 1995 ല്‍ ബാലാമണിയുമായുള്ള വിവാഹവും മകന്‍ ദര്‍ശന്റെ ജനനവും എഡിറ്റിംഗില്‍ നിന്ന് കൈകളെ ജീവിതത്തിന്റെ സ്റ്റിയറിംഗ് പിടിക്കാന്‍ പ്രേരിപ്പിച്ചു. 2001 ആയപ്പോഴേക്കും സിനിമ ഉപേക്ഷിച്ച് നാട്ടിലെത്തിയ നാരായണന്‍ പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത മകന് വെളിച്ചമായി ജീവിതം തുടരുന്നു. സംസാരശേഷില്ലാത്ത മകനെ സ്‌കൂളില്‍ കൊണ്ടുപോകാനും മറ്റുമായി ഓട്ടോക്കാരന്റെ വേഷം എടുത്തണിഞ്ഞു.

ഇടയ്ക്കപ്പോഴെങ്കിലും ചെറിയ സ്റ്റുഡിയോകളില്‍ ചില്ലറ പണികള്‍ ചെയ്ത് എഡിറ്റിംഗ് മോഹം തീര്‍ക്കുന്നു. ദര്‍ശന്റെ ഡ്രൈവര്‍ മാത്രമായി ജിവിതം നയിച്ച നാരായണന്‍ 2008 എഡിറ്ററുടെ വേഷം പിന്നെയും എടുത്തണിഞ്ഞു. ബാബു തിരുവല്ല സംവിധാനം ചെയ്ത തനിയെ എന്ന ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള ടിവി പുരസ്‌കാരം ലഭിച്ചു.

ഇപ്പോള്‍ തന്റെ ജിവിതത്തെക്കുറിച്ച നാരായണന് വേദനകളില്ല, ആരോടും പരിഭവമില്ല. മുറിച്ചു കളഞ്ഞ ഫിലിമുകളുടെ ഒരു കുമ്പാരം പോലെ നാരായണല്‍ ദര്‍ശനുമൊത്ത് യാത്രയിലാണ്