പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബോണ്‍മൗത്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കീഴടക്കിയിരിന്നു. ഇതോടെ മൂന്ന് പോയിന്റ് നേടി പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ യുണൈറ്റഡ് നാലാമതെത്തി.
ടേബിളില്‍ ഈ സ്ഥാനം തുടരാനായാല്‍ യുണൈറ്റഡിന് അടുത്ത സീസണില്‍ യു.സി.എല്‍ കളിക്കാനാകും. 36 മത്സരത്തില്‍ 21 വിജയവും ആറ് സമനിലയും ഒമ്പത് പരാജയവുമായി യുണൈറ്റഡിന് 69 പോയിന്റാണുള്ളത്.
ഇതിനിടയില്‍ മാഞ്ചസ്റ്ററിനായി ബ്രസീലിയന്‍ സൂപ്പര്‍ താരം കാസെമിറോ നേടിയ സൂപ്പര്‍ ഗോളാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കളിയുടെ ഒമ്പതാമത്തെ മിനിട്ടിലായിരുന്നു കാസെമിറോയുടെ കടിലന്‍ ഗോള്‍.
ബോക്‌സിന്റെ പുറത്തുനിന്ന് വന്ന പന്ത് കൃത്യമായ ആന്റിസിപ്പഷനോടെ പിന്തുടര്‍ന്ന കാസമിറോ ബോക്‌സിനുള്ളിലെ മൂന്ന് ബോണ്‍മൗത്ത് താരങ്ങളെ മറികടന്നാണ് ലക്ഷ്യംകണ്ടത്.
ജനുവരിക്ക് ശേഷമുള്ള കാസെമിറോയുടെ ആദ്യ പ്രീമിയര്‍ ലീഗ് ഗോളാണിത്. ഈ സൂപ്പര്‍ ഗോളോടെ കാസെമിറോ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഇനി രണ്ട് മത്സരങ്ങള്‍ മാത്രമാണ് ലീഗില്‍ യുണൈറ്റഡിന് ബാക്കിയുള്ളത്. ടോപ്പ് ഫോറില്‍ സ്ഥാനം ഉറപ്പിച്ച് ചാമ്പ്യന്‍സ് ലീഗില്‍ പ്രേവേശനം ഉറപ്പാക്കുക എന്നതാണ് ഇനി ടീമിന്റെ മുന്നിലുള്ള ഏക ലക്ഷ്യം. 37 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി 66 പോയിന്റുള്ള മുന്‍ യു.സി.എല്‍ ചാമ്പ്യന്മാരായ ലിവര്‍പൂളാണ് അഞ്ചാം സ്ഥാനക്കാരായി ക്ലബ്ബിന്
തൊട്ടുപിന്നിലുള്ളത്.
അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് കിരീടം കഴിഞ്ഞ ദിവസം ഉറപ്പിച്ചിരുന്നു. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ ആഴ്‌സനല്‍ നോട്ടിങ്ഹാം ഫോറസ്റ്റിനോടു തോറ്റതോടെയാണ് സിറ്റി കിരീടം ഉറപ്പിച്ചത്. ഒരു കളി മാത്രം ബാക്കിയുള്ള ആഴ്‌സനലിന് ഇനി ജയിച്ചാലും സിറ്റിയെ മറികടക്കാനാവില്ല.